ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് നേതാവും, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ സൂക്ഷിക്കണം. ക്ഷിപ്രകോപിയാണ്. ചിലപ്പോൾ ചാനൽ സ്റ്റുഡിയോയിൽ നിന്ന് തന്നെ ഇറങ്ങിപ്പോയെന്ന് വരാം.എൻഡി ടിവിക്ക് അത്തരം അനുഭവമുണ്ടായിട്ടുണ്ട്. ഹിന്ദി ടിവി ചാനലായ ആജ് തക്കിന്റെ ഷോയിലാണ് ഫറൂക്ക് അബ്ദുള്ള കഴിഞ്ഞ ദിവസം പ്രകോപിതനായത്.തന്റെ ഇന്ത്യൻ പൗരത്വത്തെ അവതാരകനായ പുണ്യ പ്രസൂൺ ബാജ്‌പേയ് ചോദ്യം ചെയ്്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

താങ്കൽ സ്വയം ഒരു ഇന്ത്യാക്കാരനായി കരുതുന്നുണ്ടോയെന്നായിരുന്നു അവതാകരന്റെ ചോദ്യം.ഏതാനും നിമിഷം ഫറൂഖ് അബ്ദുള്ള അവതാരകന്റെ മുഖത്തേക്ക് നോക്കി നിശ്ശബ്ദനായി ഇരുന്നു. നേതാവ് ഉത്തരത്തിനായി പരതുകയാണെന്ന് തെറ്റിദ്ധരിച്ച സ്റ്റുഡിയോ പ്രേക്ഷകർ അവതാരകന്റെ ചോദ്യത്തെ പ്രശംസിച്ച് കൈയടിച്ചു. എന്നാൽ ,തൊട്ടുപിന്നാലെ നേതാവ് അലറുന്ന ശബ്ദമാണ് കേട്ടത്.ഹാളിൽ അപ്പോൾ പൂർണ നിശ്ശബ്ദതയായിരുന്നു.

ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന കാര്യത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടോ? അക്കാര്യത്തിൽ താങ്കൾക്ക് സംശയമുണ്ടെന്ന് പറയുന്നത് കഷ്ടം തന്നെ!എനിക്കൊരു സംശയവുമില്ല. താങ്കൾക്കാണ് സംശയമുള്ളത്.

അവതാരകൻ ഫറൂക്കിനെ തണുപ്പിക്കാൻ നോക്കി.' അത് സംശയത്തിന്റെ പ്രശ്‌നമല്ല. അക്കാര്യം ഇവിടെ പരാമർശിച്ചിട്ടില്ല.

ഫറൂഖുണ്ടോ വിടുന്നു.' തീർച്ചയായും താങ്കൾക്ക് സംശയമുണ്ട്. അല്ലെങ്കിൽ താങ്കൾ ഈ ചോദ്യം ചോദിക്കില്ലായിരുന്നു.താങ്കൾ ഈ പ്രക്ഷകരോട്് ചോദിക്കുമോ അവർ ഇന്ത്യാക്കാരാണോ എന്ന്?'


'ഞാൻ ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കാൻ താങ്കൾക്ക് എന്താണ് അവകാശം? ഇതെന്നോട് പറയരുത്. താങ്കൾ ഉത്തരം പറയൂ.ഞാൻ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് ചോദിക്കാൻ താങ്കൾ എങ്ങനെ ധൈര്യപ്പെട്ടു?

'താങ്കൾ ഇന്ത്യാക്കാരനാണ് പക്ഷേ..'

' അങ്ങനെയെങ്കിൽ എന്നെ എന്തിനാണ് ചോദ്യം ചെയ്തത്? താങ്കൾക്ക് എന്തോ മാനസിക രോഗമുണ്ട്. സൈക്യാട്രിസ്റ്റിനെ കാണണം.നോക്കൂ..മേലാൽ എന്നെ വെല്ലുവിളിക്കരുത്.

അവതാരകനായ പുണ്യ പ്രസൂൺ ബാജ്‌പേയുടെ ചോദ്യത്തിന് കൈടിച്ച പ്രക്ഷകർ അപ്പോൾ അവിടെയുണ്ടോ എന്നുപോലും അറിയാൻ കഴിയാത്ത മരണനിശ്ശബ്ദതയായിരുന്നു അപ്പോൾ.