- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാറൂഖ് അബ്ദുള്ളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി; നടപടി ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിക്കേസിൽ; രാഷ്ട്രീയ പകപോക്കലെന്ന് നാഷണൽ കോൺഫറൻസ്
ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിക്കേസിലാണ് നടപടി. കേസിൽ ഫാറൂഖ് അബ്ദുല്ല ഉൾപ്പടെ മൂന്നുപേർക്കെതിരേ 2018-ൽ സിബിഐ. കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തിൽ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുററപത്രം.
കേസിൽ 2019ലും അബ്ദുള്ളയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന ഫാറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്തതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞിരുന്നു. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് 2002 മുതൽ 2011 വരെ ബി.സി.സിഐ 113 കോടി രൂപ ഗ്രാന്റാ യി നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടന്നുവരുന്നത്.
2015 ൽ ജമ്മു കശ്മീർ ഹൈക്കോടതി സിബിഐക്ക് കേസ് കൈമാറുകയും 2018 ൽ ഫറൂഖ് അബ്ദുള്ളയുടെയും മറ്റു മൂന്ന് പേരുടെയും പേരിൽ സിബിഐ. കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, മുൻ ജനറൽ സെക്രട്ടറി എം.ഡി. സലിം ഖാൻ, ട്രഷറർ അഹ്സൻ അഹമ്മദ് മിർസ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീർ അഹമ്മദ് മിസഖർ എന്നിവർക്കെതിരെയായിരുന്നു സിബിഐ കേസ്. ഇതിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസാണ് എൻഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് അന്വേഷിക്കുന്നത്.
അതേസമയം, ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലെന്നാണ് നാഷണൽ കോൺഫറൻസ് വിശേഷിപ്പിച്ചത്. 'പീപ്പിൾസ് അലയൻസ് പോർ ഗുപ്കാർ ഡിക്ലറേഷന്‍ ശേഷമാണ് ഇഡിയുടെ നോട്ടീസ് വരുന്നത്. ഈ നടപടി രാഷ്ട്രീയ പകപോക്കലാണ്.' നാഷണൽ കോൺഫറൻസ് വക്താവ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് പീപ്പിൾസ് അലയൻസ് പോർ ഗുപ്കാർ ഡിക്ലറേഷന്‍ രൂപം നൽകിയത്.
'ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെയും എതിർക്കുന്നവർ അഭിമുഖീകരിക്കേണ്ടി വരുന്നത് ഇത്തരം പകപോക്കലുകളാണ്. രാജ്യത്തെമ്പാടുമുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഭയപ്പെടുത്തുന്ന നടപടികളാണ് സമീപകാലത്ത് സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി അയച്ച നോട്ടീസ് അതിനുള്ള ഉദാഹരണമാണ്.' നാഷണൽ കോൺഫറൻസ് പറയുന്നു.
മറുനാടന്‍ ഡെസ്ക്