- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണം വേണം; സിബിഐ വാദങ്ങൾ തള്ളി ഫസൽ വധക്കേസിൽ ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവ്; കാരായിമാർക്ക് കണ്ണൂരിൽ എത്താൻ കഴിയുന്ന തരത്തിലെ വിധി; സിപിഎമ്മിന് ആശ്വാസം; സുപ്രീംകോടതിയെ സമീപിക്കാൻ സിബിഐ
കൊച്ചി: സിപിഎം നേതാക്കൾ മുഖ്യപ്രതികളായ തലശേരി ഫസൽ വധക്കേസിൽ ഇനി തുടരന്വേഷണം. സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹർജി ഹൈക്കോടതി അനുവദിച്ചു. ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കാൻ ഇടയുണ്ട്.
കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചാണ് സഹോദരൻ കോടതിയെ സമീപിച്ചത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് ഏറ്റെടുത്ത് ആർഎസ്എസുകാരനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണു തുടരന്വേഷണ ഹർജിക്കു കാരണമായത്. ഈ അന്വേഷണ നിഗമനങ്ങളെ ചോദ്യം ചെയ്യാവുന്ന സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യങ്ങൾ, ഫോൺ സംഭാഷണത്തിന്റെ പെൻഡ്രൈവ് എന്നിവ സത്താർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം.
എൻഡിഎഫ് തലശേരി സബ്ഡിവിഷൻ കൗൺസിൽ അംഗവും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന തലശ്ശേരി പിലാക്കൂലിലെ ഒളിയിലക്കണ്ടി മുഹമ്മദ് ഫസൽ (35) 2006 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. സൈദാർപള്ളിക്കു സമീപം ജഗന്നാഥ ടെംപിൾ റോഡിൽ പുലർച്ചെയായിരുന്നു കൊല നടന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.
സിപിഎമ്മുകാരായ കൊടി സുനി, ബിജു, ജിത്തു, അരുൺദാസ്, എം.കെ. കലേഷ്, അരുൺകുമാർ, കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി സമർഥിക്കാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഫസലിന്റെ സഹോദരൻ സത്താർ പ്രതികൾക്കൊപ്പം ചേർന്നതിന്റെ തെളിവാണു തുടരന്വേഷണ ഹർജിയെന്നായിരുന്നു സിബിഐ നിലപാട്. ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.
കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നായിരുന്നു സിബിഐ അന്വേഷണം ഏറ്റെടുത്തത്. എറണാകുളം ജില്ലയിൽ ഇരുമ്പനത്ത് സുഹൃത്തിന്റെ വീട്ടിലാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. തലശേരിയിലെ ഫസൽ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയിൽ ഒമ്പത് വർഷമായി അവിടെ കഴിയുകയാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാട്യം ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. നാടിന്റെ സ്നേഹം 21602 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമായ കാരായി രാജന് നൽകിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. ഓരോ തവണയും കോടതിയുടെ പ്രത്യേകഅനുമതി വാങ്ങിയാണ് യോഗത്തിനെത്തിയത്. മുഴുവൻ സമയം ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയേണ്ടി വന്നു.
ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. വീഡിയോ സിബിഐ കോടതിയിൽ ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ സമർപ്പിച്ചിരുന്നു. പടുവിലായി മോഹൻ വധക്കേസിൽ പിടിയിലായപ്പോഴാണ് താനുൾപ്പെടുന്ന ആർഎസ്എസ് പ്രവർത്തകരാണ് ഫസൽ വധത്തിനും പിന്നിലെന്ന് സുബീഷ് വെളിപ്പെടുത്തിയത്. ഫസൽ വധക്കേസിൽ കാരായിമാർ മൂന്ന് വർഷത്തോളം ജയിലിൽ കിടക്കുകയും പിന്നീട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന കരാറിൽ ജാമ്യം അനുവദിക്കുകയുമായിരുന്നു. പുനരന്വേഷണം നടക്കുമ്പോൾ കാരായിമാർക്ക് കണ്ണൂരിൽ എത്തുന്ന തരത്തിൽ വിധി വന്നേക്കും.
എൻഡിഎഫുമായുള്ള പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നും സുബീഷ് വെളിപ്പെടുത്തുന്നുണ്ട്. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു. ഷിനോജിന്റെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. നാല് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. തന്റെ ബൈക്ക് മറിഞ്ഞത് നേരെയാക്കിയപ്പോഴേക്കും മറ്റുള്ളവർ കൊലപാതകം നടത്തിയിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു. മുമ്പും ഇത് സംബന്ധിച്ച് ആർഎസ്എസ് പ്രവർത്തകരുടെ ടെലഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്തുവന്നിരുന്നു.
പടുവിലായി മോഹൻ വധക്കേസ് അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ചിരിക്കുന്ന ഈ മൊഴി ഫസൽ വധക്കേസിലെ നിർണായക തെളിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.
മറുനാടന് മലയാളി ബ്യൂറോ