തൃക്കരിപ്പൂർ: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീന്റെ ഇടച്ചാക്കൈയിലുള്ള വീട്ടിൽ ജൂവലറി നിക്ഷേപകരുടെ പ്രതിഷേധം. 40ഓളം നിക്ഷേപകരാണ് സംഘടിച്ചെത്തിയത്. സംഭവ സമയം ഖമറുദ്ദീൻ സ്ഥലത്തില്ലാത്തതിനാൽ വീട്ടുകാർ വാതിൽ തുറക്കാൻ തയ്യാറായില്ല .

സ്ത്രീകളും കുട്ടികളടങ്ങുന്ന സംഘം മണിക്കൂറോളം വാതിൽ തുറക്കുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു. തങ്ങളെ പറ്റിച്ച നേതാവിനെ മടുത്തുവെന്നും ജീവിതം പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നും നിക്ഷേപകർ കരഞ്ഞു പറഞ്ഞു. മുസ്ലിം ലീഗ് നേതാവിനെ വിശ്വസിച്ച ഞങ്ങൾ ഇപ്പോഴും കേസ് നൽകാതെ കഴിയുന്നത് പണം തിരിച്ചു കിട്ടുമെന്ന പ്രതിക്ഷയിൽ ആണെന്നും ഇവർ വ്യക്തമാക്കി .

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി ചർച്ച നടത്തി. തുടർന്ന് സമരക്കാർ പിന്മാറി. ഖമറുദ്ദീൻ ചെയർമാനായ ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ജൂവലറി 800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. ജൂവലറി ഒന്നര വർഷം മുമ്പ് പൂട്ടി.

കേസിൽ ഖമറുദ്ദീൻ 97 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയേണ്ടിവന്നു. ജയിൽ നിന്ന് പുറത്തുവന്ന ഖമറുദ്ദീൻ ഉപ്പളയിലാണ് നിലവിൽ താമസം. എടച്ചാക്കൈയിൽ ഉണ്ടെന്ന് അറിഞ്ഞാണ് നിക്ഷേപകർ സംഘടിച്ചെത്തിയത്. കേസിലെ പ്രധാന പ്രതികളായ ടി കെ പൂക്കോയ തങ്ങളും മകൻ ഹിഷാമും ഇപ്പോഴും ഒളിവിലാണ്.