- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിൽ ജൂവലറി തുടങ്ങിയത് കേരളത്തിലെ ബ്രാഞ്ചുകൾ നഷ്ടത്തിലായി പൂട്ടിക്കൊണ്ടിരിക്കുമ്പോൾ; മാസങ്ങൾക്കകം ഗൾഫിലെ ബ്രാഞ്ചും പൂട്ടി; ലീഗ് നേതാവിന്റെ വാക്ക് വിശ്വസിച്ച് നിക്ഷേപം നടത്തിയവരിലേറെയും കെഎംസിസി പ്രവർത്തകർ; വാർഷിക കണക്കുകൾ അവതരിപ്പിക്കുകയോ ലാഭവിഹിതം നൽകുകയോ ചെയ്യാതെ പറ്റിച്ചു; മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ ഗൾഫിലും ജൂവലറി തുടങ്ങി പണവുമായി മുങ്ങി; ഫാഷൻ ജൂവലറിയിൽ പരാതിയുമായി പ്രവാസി മലയാളികളും
കാസർകോഡ്; മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി ഖമറുദ്ദീനെതിരെയ പുതിയ പരാതികളുമായി കെഎംസിസി പ്രവർത്തകർ രംഗത്ത്. ജൂവലറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് 130 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സമാന രീതിയിൽ എംഎൽഎ ഗൾഫിലും തട്ടിപ്പ് നടത്തിയിരുന്നതായി തട്ടിപ്പിനിരയായവർ വെളിപ്പെടുത്തുന്നത്.
2017ൽ എംസി ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള ഫാഷൻഗോൾഡ് ഇന്റർനാഷണൽ ദുബൈയിലിലെ അജ്മാനിൽ ജൂവലറി ഷോറൂം തുടങ്ങിയിരുന്നതായും മാസങ്ങൾക്ക് ശേഷം അത് പൂട്ടിപ്പോകുകയും ചെയ്തു എന്നാണ് പുതിയ പരാതി. എംസി ഖമറുദ്ദീന്റെ വാക്ക് വിശ്വസിച്ച് നിരവധി കെഎംസിസി പ്രവർത്തകർ അജ്മാനിൽ തുടങ്ങിയ ജൂവലറിയിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ വാർഷിക കണക്ക് അവതരിപ്പിക്കുകയോ ലാഭിവിഹിതം നൽകുകയോ ചെയ്തിരുന്നില്ല.
കേരളത്തിൽ ചെറുവത്തൂർ, കാസർകോഡ് എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ നഷ്ടത്തിലായി അടച്ചുപൂട്ടാനൊരുങ്ങുന്ന ഘട്ടത്തിൽ തന്നെയായിരുന്നു അജ്മാനിലും പുതിയ ബ്രാഞ്ച് തുടങ്ങിയത്. കേരളത്തിലെ ബ്രാഞ്ചുകൾ ലാഭത്തിലാണെന്നും നിക്ഷേപകർക്ക് കൃത്യമായി ലാഭിവിഹിതം വിതരണം ചെയ്യുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അജ്മാനിലെ ഷോറൂമിലേക്ക് ആളുകളിൽ നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപകരിൽ ഭൂരിഭാഗം ആളുകളും മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെഎംസിസി പ്രവർത്തകരായിരുന്നു. കാസർകോഡ് ജില്ല മുസ്ലിം ലീഗ് നിർവ്വാഹക സമിതിയ അംഗമായിരുന്നു അന്ന് എംസി ഖമറുദ്ദീൻ.
അതു കൊണ്ട് നിക്ഷേപകർ കൂടുതൽ അന്വേഷണത്തിനോ കേരളത്തിലെ ബ്രാഞ്ചുകളുടെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ല. ഇത്തരത്തിൽ എംസി ഖമറുദ്ദീന്റെ വാക്കുകൾ വിശ്വസിച്ച് നിക്ഷേപം നടത്തിയ പ്രവാസികളാണ് ഇപ്പോൾ വിദേശത്തും വെട്ടിലായിരിക്കുന്നത്. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങാൻ വേണ്ടി സമ്പാദിച്ച പണമായിരുന്നു അജ്മാനിലെ ജൂവലറിയിൽ നിക്ഷേപിച്ചതെന്ന് തട്ടിപ്പിനിരയായവരിൽ ഒരാൾ പറയുന്നു. മകളുടെ വിവാഹ സമയത്ത് നിക്ഷേപത്തിന്റെ അന്നത്തെ മൂല്യത്തിനനുസരിച്ചുള്ള സ്വർണം നാട്ടിലെ ജൂവലറിയിൽ നിന്ന് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്നും നിക്ഷേപകരിൽ ഒരാൾ പറയുന്നു. അജ്മാനിലെ ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ പൂട്ടിപ്പോയിരുന്നു.
അതേ സമയം തട്ടിപ്പുക്കേസിൽ എംസി കമറുദ്ദീൻ എംഎൽഎയുടെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സംഘം പിടിച്ചെടുത്തിട്ടുണട്്. 150 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജൂവലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവരായിരുന്നു ആദ്യം പരാതിയുമായി രംഗത്ത് വിന്നിരുന്നത്. ഇവരുടെ പേരിൽ ചേന്ദര പൊലീസാണ് ഈ സംഭവത്തിൽ ആദ്യം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇതിന് പിന്നാലെ വിവിധയിടങ്ങളിൽ പരാതികളുമായി മറ്റു നിക്ഷേപകരും എത്തുകയായിരുന്നു. ഫാഷൻ ഗോൾഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ ജൂവലറി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു എംസി ഖമറുദ്ദീൻ. കാസർകോഡ്, ചെറുവത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണ് ഈ ജൂവലറി ഗ്രൂപ്പിനുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയോടെ തന്നെ മൂന്ന് ബ്രാഞ്ചുകളും അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം തിരികെ നൽകിയിരുന്നിമില്ല. നിക്ഷേപകർ നേരത്തെ തന്നെ ജില്ല പൊലീസ് മേധാവിക്ക് പരാതിയ നൽകിയിരുന്നെങ്കിലും അന്വേഷണം നടക്കുകയോ കേസെടുക്കാൻ ഉത്തരവിടുകയോ ചെയ്തിരുന്നില്ല.
പിന്നീട് കൂടുതൽ പേർ പരാതികളുമായി വന്നതോടെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളതും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതും. എണ്ണൂറിലധികം നിക്ഷേപകരാണ് ഫാഷൻഗോൾഡിൽ പണം നിക്ഷേപിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. 78 ലക്ഷം രൂപ മുതൽ 1 ലക്ഷം രൂപയും 15 പവൻ സ്വർണ്ണവും വരെ നിക്ഷേപിച്ചവരുണ്ട്. ജൂവലറി പ്രവർത്തിച്ചിരുന്ന കാസർക്കോട്ടേയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും ബംഗളുരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപന നടത്തിയിരുന്നു. ഇത് നിക്ഷേപകരെ അറിയിച്ചിരുന്നില്ല എന്നും ആക്ഷേപമുണ്ട്.
കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ(30 ലക്ഷം) എംടിപി സുഹറ (15 പവനും, ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതികളിലാണ് ഇപ്പോൾ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കാഞ്ഞങ്ങാട്ടെ സി ഖാലിദ്(78 ലക്ഷം), മദ്രസ അദ്ധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം),പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി നസീമ (എട്ട് ലക്ഷം) ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ( 15 ലക്ഷം) എന്നിവരും പരാതികൾ നൽകിയിട്ടുണ്ട്.