തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി കേസുകൾ കുന്നുകൂടുമ്പോൾ അതിവേഗ കോടതികൾക്ക് തുടക്കമിടാൻ ഉറച്ച് സർക്കാർ. വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാനത്തു 14 അതിവേഗ കോടതികൾ തുടങ്ങാനാണ് സർക്കാർ ആലോചന ഇടുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലെ ഭരണ വിഭാഗവുമായി വിജിലൻസ് ഡയറക്ടർ കൂടിയായ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചർച്ച നടത്തി. ഹൈക്കോടതി അനുമതിയോടെ മാത്രമേ തുടർനടപടി സാധിക്കൂ.

അഴിമതിക്കേസുകളുടെ വിചാരണ നിലവിലുള്ള അതിവേഗ കോടതിയിൽ ഉൾപ്പെടുത്തുകയോ വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പുതിയ അതിവേഗ കോടതികൾ ആരംഭിക്കുകയോ വേണമെന്നാണ് ശുപാർശ. സർക്കാർ ഇതു ഹൈക്കോടതിക്കു കൈമാറും. ഈ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി സർക്കാർ സ്‌പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിക്കും. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം എസ്‌പിമാരും ഡിവൈഎസ്‌പിമാരും എല്ലാ ജില്ലകളിലും സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കേണ്ടവരുടെ പട്ടിക ഡയറക്ടർക്കു നൽകി. ഇതും ഉടൻ സർക്കാരിനു കൈമാറും.

വർഷങ്ങളായി കെട്ടിക്കിടക്കുന്ന അഴിമതി കേസുകളിൽ തുടർനടപടികൾ ഉണ്ടാകാത്തത് വലിയ അസൗകര്യങ്ങളാണ് ഉണ്ടാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഇത്തരം കേസുകൾ കൂടുതൽ തലവേദനായിയിരിക്കുന്നത്. സർവീസിലുള്ളവരുടെ സ്ഥാനക്കയറ്റം തടയപ്പെടുന്നു. വിരമിച്ചവർക്കു പെൻഷനോ ആനുകൂല്യമോ ലഭിക്കുന്നില്ല.ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച പല കേസുകളും രണ്ടു മുതൽ പത്തു വരെ വർഷം പഴക്കം ചെന്നതാണ്.

കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം ആറു വിജിലൻസ് കോടതികളിലായി 730 വിജിലൻസ് കേസാണുള്ളത്. തിരുവനന്തപുരം, മൂവാറ്റുപുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, തലശേരി എന്നിവങ്ങളിലാണു വിജിലൻസ് കോടതി നിലവിലുള്ളത്. പല കേസിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

കേസിൽ പ്രതിയായിരിക്കെ മരിച്ചവരുമുണ്ട്. ഈ പശ്ചാത്തലത്തിലാണു വിചാരണയും തുടർ നടപടിയും വേഗം പൂർത്തിയാക്കണമെന്ന വിജിലൻസിന്റെ ആവശ്യം. സർക്കാരിനു താൽപര്യമുള്ള അഴിമതിക്കേസുകൾ അതിവേഗ കോടതികളിൽ കൊണ്ടുവന്നു വേഗം തീർപ്പാക്കുകയെന്ന ഉദ്ദേശ്യവും പുതിയ നീക്കത്തിനു പിന്നിലുണ്ടെന്നു പറയുന്നു.

അതേസമയം വിജിലൻസ് കേസ് നടത്താൻ സ്‌പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിച്ചാൽ അവർക്കു സർക്കാരിനോട് ഉത്തരവാദിത്തം കാണില്ലെന്ന ആക്ഷേപം ഒരു വിഭാഗം ഉദ്യോഗസ്ഥർക്കുണ്ട്. ഇപ്പോൾ ഗവ. ഉദ്യോഗസ്ഥരായ ലീഗൽ അസിസ്റ്റന്റുമാരാണു വിജിലൻസ് കോടതികളിൽ സർക്കാരിനു വേണ്ടി ഹാജരാകുന്നത്.

കേസിൽ പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയർന്നാൽ ഇവർക്കെതിരെ സർക്കാരിനു ശിക്ഷാ നടപടി സ്വീകരിക്കാൻ കഴിയും. എന്നാൽ സ്‌പെഷൽ പ്രോസിക്യൂട്ടർമാരാണെങ്കിൽ അവരുടെ സേവനം അവസാനിപ്പിക്കാൻ മാത്രമേ കഴിയൂ.

തീർപ്പാകാതെ 730 കേസ്

ആറു വിജിലൻസ് കോടതികളിലായി നിലവിലുള്ളത് 730 കേസാണ്. വർഷം, കേസുകളുടെ എണ്ണം എന്ന ക്രമത്തിൽ: 201783, 2016286, 2015161, 201466, 201352, 201232, 201116, 201010, 2009എട്ട്, 2008നാല്. അതിലും പഴക്കമുള്ള ഏഴു കേസുകളും തീർപ്പാകാതെ കിടക്കുന്നു.

ഇതു കൂടാതെ 117 കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നു. ത്വരിത പരിശോധന421, മിന്നൽ പരിശോധന80, രഹസ്യ പരിശോധന47 എന്നിങ്ങനെ ആകെ 1395 കേസുകളോ അന്വേഷണമോ ഇപ്പോൾ വിജിലൻസിൽ വിവിധ ഘട്ടത്തിലാണ്.