മലപ്പുറം : പ്ലസ് വൺ സീറ്റ് വർദ്ധനവല്ല, അധിക ബാച്ചുകളാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വൺ സീറ്റിലെ ജില്ലയിലെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലിന് നിവേദനം നൽകി.

20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചതുകൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വർഷം വർധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാൽ സ്വീകരിക്കാത്ത സ്‌കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാർ മേഖലയിൽ നിലവിൽ തന്നെ ഒരു ക്ലാസിൽ അമ്പതിലധികം വിദ്യാർത്ഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർത്ഥികൾ ഒരു ക്ലാസിലുണ്ടാകുമ്പോൾ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലെ ഹയർ സെക്കന്ററി മേഖലയിൽ മലബാർ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

സർക്കാർ സ്‌കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെങ്കിൽ അതിനനുസരിച്ച ഭൗതിക സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. സ്ഥിരമായ പരിഹാരം ഈ രംഗത്ത് സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള പാക്കേജുകൾ അടിയന്തരമായ പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രതിനിധിയായി ഈ വർഷം പത്താം ക്ലാസ് പാസായ അൻവർ ദയാൽ ആണ് നിവേദനം നൽകിയത്.ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗം റഊഫ് പൂക്കരത്തറ, ജിഹാദ് കോലൊളമ്പ്, സൗബാൻ, ഇമ്രാൻ എന്നിവർ സംബന്ധിച്ചു.