കോട്ടയം: എം.ജി സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷനിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന് മുന്നേറ്റം. മൂവാറ്റുപുഴ എച്ച്.എം കോളേജിൽ ഫുൾ പാലനോടെ ഫ്രറ്റേണിറ്റി യൂണിയൻ കരസ്ഥമാക്കി. തൃപ്പൂണിത്തറ സി.ടി.ഇ കോളേജിലും ഫ്രറ്റേണിറ്റി യൂണിയൻ നേടി.എടത്തല കെ.എം.ഇ.എ ആർട്‌സ് കോളേജ്,മാറംപിള്ളി എം.ഇ.എസ് കോളേജ്, ആലുവ ഭാരത് മാത കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ആർട്‌സ്, ഭാരത് മാത കോളേജ് ഓഫ് ലോ, എം.ഇ.എസ് കോളേജ് കുന്നുകര, സെന്റ് ജോസഫ് കോളേജ് അറക്കുളം, സെന്റ് ജോർജ് കോളേജ് അരുവിത്തറ തുടങ്ങിയിടങ്ങളിൽ ഫ്രറ്റേണിറ്റി ജനറൽ, അസോസിയേഷൻ സീറ്റുകൾ കരസ്ഥമാക്കി.എറണാകുളം മഹാരാജാസ് കോളേജ് അടക്കമുള്ള കാമ്പസുകളിൽ ഫ്രറ്റേണിറ്റി മികച്ച പ്രകടനം കാഴ്ചവെച്ചു.

കൈയൂക്കിന്റെയും അക്രമത്തിന്റെയും അധികാര ഹുങ്കിന്റെയും രാഷ്ട്രീയത്തിനെതിരിൽ സാഹോദര്യ രാഷ്ട്രീയത്തെ വോട്ടുനൽകി പിന്തുണച്ച മുഴുവൻ വിദ്യാർത്ഥി സുഹൃത്തുക്കളെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ അഭിനന്ദിച്ചു. വിജയികളെ അദ്ദേഹം അഭിവാദ്യം ചെയ്തു.സാഹോദര്യത്തെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി കാമ്പസുകൾ ഏറ്റെടുത്തിരിക്കുകയാണെന്നും പതിവ് രാഷ്ട്രീയ കസർത്തുകളിൽ മനം മടുത്ത പുതുതലമുറ മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ടെന്ന സന്ദേശമാണ് ഫ്രറ്റേണിറ്റിക്ക് ലഭിച്ച സ്വീകാര്യതയെന്നും അദ്ദേഹം പറഞ്ഞു.