തൊടുപുഴ:മടപ്പള്ളി ഗവ. കോളേജ് വിദ്യാർത്ഥിനികളായ സൽവ അബ്ദുൽഖാദർ, തംജീദ, സഫ്വാന എന്നീ വിദ്യാർത്ഥിനികളെ കോളേജിലെ എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരും യൂണിയൻ ഭാരവാഹികളും ചേർന്ന് സംഘടിതമായി മർദിച്ച സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അമീൻ റിയാസ്. തൊടുപുഴയിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമീൻ.

ജനാധിപത്യ അന്തരീക്ഷം പുലരേണ്ട കാമ്പസുകളിൽ വ്യത്യസ്ത രാഷ്ട്രീയ ശബ്ദങ്ങൾ മുഴക്കുന്നവരെ കായികമായി നേരിടുന്ന എസ്.എഫ്.ഐ യുടെ നിലപാട് ജനാധിപത്യത്തെയാണ് റദ്ദ് ചെയ്യുന്നത്. കാമ്പസിനകത്തു വെച്ചു തങ്ങളുടെതല്ലാത്ത രാഷ്ട്രീങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും ചേർത്ത് വെച്ചു അപവാദ പ്രചാരണങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വെർബൽ അബ്യൂസിങ്ങും നടത്തുന്നത് എസ്.എഫ്.ഐ യുടെ പതിവ് രീതിയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുകയും പെൺകുട്ടികളെ ക്രൂരമായി മർദിക്കുകയും ചെയ്ത എസ് എഫ് ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും അടങ്ങുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുവാൻ കോളേജ് അധികൃതരും പൊലീസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് സുബൈർ, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിമാരായ അലി സവാദ്, റംസൽ സുബൈർ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ കിഴക്കേയറ്റത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. സുബൈർ ഹമീദ്, മുഹമ്മദ് റാസിഖ്, ഷിബു പുത്തൂരാൻ തുടങ്ങിയവർ നേതൃത്വം നൽകി.