മലപ്പുറം : മലപ്പുറം ഗവൺമെന്റ് വനിതാ കോളേജിന് അനുവദിച്ച ഭൂമി സർക്കാർ ഏറ്റെടുത്ത് കോളേജ് കെട്ടിടം നിർമ്മിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം ആവശ്യത്തിനില്ലാത്ത വാടക കെട്ടിടത്തിലാണ് കോളേജ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പാണക്കാട് വില്ലേജിലെ ഇൻങ്കൽ എജ്യൂസിറ്റിയിൽ കോളേജിന് കെട്ടിടങ്ങൾ നിർമ്മിക്കാൻ അഞ്ച് ഏക്കർ ഏറ്റെടുക്കാൻ ഉത്തരവിറങ്ങിയിട്ട് രണ്ടര വർഷം കഴിഞ്ഞു.

സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഭൂമി ഏറ്റെടുക്കൽ ഇനിയും വൈകിപ്പിച്ചാൽ മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ ബാസിത്, ടി ആസിഫലി എന്നിവർ സംസാരിച്ചു. ജസിം സയ്യാഫ്, യൂസുഫ് അമീൻ, സഫ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.