മലപ്പുറം: ഹയർ സെക്കണ്ടറി മേഖലയിൽ റെഗുലർ സ്‌കീമിൽ സീറ്റ് ലഭിക്കാത്തവർക്ക് പഠനത്തിനുള്ള സർക്കാർ സംവിധാനമായ സ്‌കോൾ കേരളയുടെ മലപ്പുറം റീജണൽ ഓഫീസിന്റെ സ്തംഭനാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്ലസ് വൺ സീറ്റ് അപര്യാപ്തത കാരണം പ്രൈവറ്റ് രജിസ്‌ട്രേഷന് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. ഈ വർഷം 21,400 വിദ്യാർത്ഥികൾ ജില്ലയിൽ നിന്ന് സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൊത്തം അഡ്‌മിഷൻ നേടിയവരുടെ 60 ശതമാനം വരുമിത്. നിസ്സാര കാര്യത്തിന് പോലും ഇവർക്ക് തിരുവനന്തപുരത്തേക്ക് പോവേണ്ട സ്ഥിതിയായിരുന്നു. ഇതുന്നയിച്ച് നിരന്തര സമ്മർദങ്ങൾക്കൊടുവിൽ 2014 ലാണ് സ്‌കോൾ കേരളയുടെ റീജണൽ ഓഫീസ് മലപ്പുറത്ത് ആരംഭിച്ചത്. എ ൽ.ഡി.എഫ് സർക്കാർ ഭരണമേറ്റതുമുതൽ തിരുവനന്തപുരം കേന്ദ്രീകരിച്ച ലോബി മലപ്പുറം ഓഫീസിനെതിരെ നീക്കങ്ങൾ നടത്തുകയും മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തു.

പകരം ഉദ്ദോഗസ്ഥരെ നിയമിക്കാത്തതിനാൽ നിലവിൽ ഓഫീസിന്റെ പ്രവത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ആവശ്യമായ ഉദ്ദോഗസ്ഥരെ ഉടൻ നിയമിച്ച് ഓഫീസ് സ്തംഭനാവസ്ഥ പരിഹരിക്കണമെന്നും അല്ലായെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

ജില്ല പ്രസിഡന്റ് കെ.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ഫയാസ് ഹബീബ്, രജിത മഞ്ചേരി, ബഷീർ തൃപ്പനച്ചി, സാബിഖ് വെട്ടം, അഫ്‌സൽ ഹുസൈൻ, റസിൻ ബാബു, ഷിബാസ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.