കൊട്ടാരക്കര: പുത്തൂർ കാരിക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് പെറ്റമ്മതന്നെയാണെന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ ഭാര്യ പ്രതിയാണെന്ന് അറിഞ്ഞിട്ടും അക്കാര്യം മറച്ചുവച്ച കുറ്റത്തിന് ഭർത്താവും പിന്നാലെ അറസ്റ്റിലായി. കുഞ്ഞിനെ കൊന്ന സംഭവത്തിൽ വീട്ടുകാർ എന്തൊക്കെയോ വിവരങ്ങൾ ഒളിക്കുന്നുവെന്ന സൂചന ലഭിച്ചതിനാൽ കൂടുതൽ പേരെ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.

കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കൾക്ക് സഹായം ചെയ്ത ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും മാതാവ് ഗർഭഛിദ്രത്തിന് പോയതായി പറയപ്പെടുന്ന വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൊട്ടാരക്കര സിഐ വ്യക്തമാക്കി. കുട്ടിയുടെ അച്ഛനേയും അമ്മ അമ്പിളിയെ പുത്തൂർ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങൾ പറഞ്ഞെങ്കിലും ഭർത്താവിന് ഇക്കാര്യം അറിയില്ലെന്ന മൊഴിയാണ് അമ്പിളി ആദ്യം നൽകിയത്. എന്നാൽ ഇക്കാര്യം ഭർത്താവിനും അറിയാമെന്ന് പിന്നീട് വ്യക്തമായതോടെ ഭർത്താവ് പുത്തൂർ കാരിക്കൽ അശ്വതിഭവനിൽ മഹേഷിനേയും പൊലീസ് അറസ്റ്റുചെയ്തു.

ഭാര്യ ചെയ്ത കുറ്റം മറച്ചു വച്ചതിനാണ് മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി അറിവുണ്ടെന്ന സൂചനകൾ ലഭിച്ചെങ്കിലും അമ്മൂമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. ഇവരും സംശയത്തിന്റെ നിഴലിലാണ്. കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം അമ്പിളി തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടി ഉടനെ വേണ്ട എന്ന തീരുമാനത്തെ തുടർന്നാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് അമ്പിളി പറയുന്നത്. ഗർഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. പ്രസവം കഴിഞ്ഞയുടനെ തന്റെ അമ്മ ഉഷയുടെ സഹായത്തോടെ് അമ്പിളി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആദ്യം വെളിപ്പെടുത്തൽ ഉണ്ടായത്.

രണ്ടാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ച് ഗർഭച്ഛിദ്രത്തിന് തീരുമാനിച്ചെങ്കിലും അത് നടന്നില്ലെന്നും ഇതോടെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ആണ് അമ്പിളി മൊഴി നൽകിയിട്ടുള്ളത്. രണ്ടുവർഷം മുമ്പായിരുന്നു മഹേഷിന്റെയും അമ്പിളിയുടേയും വിവാഹം. ഇവർക്ക് ആദ്യകുഞ്ഞ് പിറന്നപ്പോൾ രണ്ടാമത്തെ കുഞ്ഞ് ഉടനെ വേണ്ടെന്ന് തീരുമാനിച്ചിരുന്നു.

പക്ഷേ, വീണ്ടും ഗർഭിണിയായി. ഇതോടെ അത് അലസിപ്പിക്കാൻ ആശുപത്രിയെ സമീപിച്ചു. പക്ഷേ, അവർ സമ്മതിച്ചില്ല. ഇതോടെ സ്വന്തം രീതിയിൽ അബോർഷനായി ശ്രമിച്ചു. പലരിൽ നിന്നും അറിഞ്ഞ വിവരങ്ങളും ഉപദേശങ്ങളും കേട്ട് പല മരുന്നുകളും പ്രയോഗങ്ങളും നടത്തി ഗർഭം അലസിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് പ്രസവസമയം അടുത്തതോടെ ആധിയായി. പല മരുന്നുകളും കഴിച്ചതിനാൽ കുഞ്ഞിന് മാനസിക തകരാറോ ശാരീരിക വൈകല്യമോ ഉണ്ടാകുമോ എന്നായി ഭയം. ഇതോടെയാണ് കുഞ്ഞിനെ വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതെന്നാണ് അമ്പിളി പൊലീസിനോട് പറഞ്ഞത്.

അങ്ങനെയാണ് കുഞ്ഞ് ജനിച്ചാലുടന് ഇല്ലാതാക്കാൻ അമ്പിളി തീരുമാനിച്ചത്. വെള്ളിയാഴ്‌ച്ച രാത്രി വീട്ടിൽവച്ച് ഒരു ആൺകുഞ്ഞിന് ഇവർ ജന്മം നൽകി. പ്രസവിച്ചയുടനെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ കുഴിച്ചിടുകയായിരുന്നു. ഭര്ത്താവ് മഹേഷ് അന്നേരം വീട്ടിലില്ലായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ രക്തക്കറ കണ്ട് മഹേഷ് കാര്യം അന്വേഷിച്ചു. ഗർഭം അലസിയെന്നും ചാപിള്ളയായിരുന്നു എന്നും കുഞ്ഞിനെ തുണിയിലാക്കി കളഞ്ഞെന്നുമാണ് അമ്പിളി ഭർത്താവിനോട് പറഞ്ഞത്. തുണിയിൽ കെട്ടി വീട്ടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കുഴിച്ചിട്ടത്. പക്ഷേ, തെരുവുനായ്ക്കൾ ഇത് മാന്തി പുറത്തെടുത്ത് വലിച്ചുകീറുകയായിരുന്നു.

ഇക്കഴിഞ്ഞ 21ന് തെരുവുനായ്ക്കൾ മാംസക്കഷ്ണങ്ങൾ വലിച്ചുകീറുന്നത് കണ്ടപ്പോഴാണ് നാട്ടുകാർ നോക്കിയത്. അപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണ് നായ്ക്കൾ കടിക്കുന്നതെന്ന് കാണുന്നതും വിവരം പൊലീസിൽ അറിയിക്കുന്നതും. അപ്പോഴേക്കും മൃതദേഹം ഛിന്നഭിന്നമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് കൊല്ലപ്പെട്ടതൊരു ആണ്കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞതും. പിന്നീട് ആശുപത്രികളിൽ നിന്നും ആശാപ്രവർത്തകരിൽ നിന്നും വിവരം ശേഖരിച്ചാണ് കുഞ്ഞിനെ അമ്പിളി കൊന്ന് കുഴിച്ചുമൂടുകയായിരുന്നു എന്ന് കണ്ടെത്തുന്നത്.

തനിക്ക് അബോർഷനായി എന്നായിരുന്നു അയൽക്കാരോടും പരിചയക്കാരോടും അമ്പിളി പറഞ്ഞിരുന്നത്. എന്നാൽ പ്രസവത്തിന് ശേഷം അമ്പിളിക്ക് രക്തസ്രാവം നിലച്ചിരുന്നില്ല. ഇതോടെ അറസ്റ്റ് ചെയ്‌തെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ ചോദ്യംചെയ്യലിന് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.