ന്യൂഡൽഹി: ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. നിമിഷങ്ങളുടെ മാത്രം ദൈർഘ്യമെയുള്ളുവെങ്കിലും മനസ്സിനെ സ്വാധീനിക്കുന്ന, ആഹ്ലാദം പകരുന്ന നിമിഷങ്ങൾ പങ്കുവയ്ക്കുന്നവ. അത്തരത്തിൽ ഒരു വീഡിയോയാണ് വൈറലാകുന്നത്.

ഒരു കുടുംബത്തിന്റെ സന്തോഷമാണ് ഈ വീഡിയോയിലുള്ളത്. അച്ഛൻ ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയതിനെ തുടർന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കുഞ്ഞ് ബാലനാണ് വീഡിയോയുടെ പ്രധാന ആകർഷണം. ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ ആണ് ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.

'ഇത് വെറുമൊരു സെക്കൻഡ് ഹാൻഡ് സൈക്കിളാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. പുതിയൊരു മെഴ്‌സിഡസ് ബെൻസ് കാറ് സ്വന്തമാക്കിയത് പോലെ ഇല്ലേ' എന്ന അടിക്കുറിപ്പുമായാണ് അവനീഷ് ശരൺ വീഡിയോ പങ്കുവച്ചത്.

കുഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോൾ അച്ഛൻ സൈക്കിൾ തൊട്ടുവണങ്ങുന്നതും വീഡിയോയിൽ കാണാം. ഇരുവരുടെയും മുഖത്തെ ആഹ്‌ളാദം പറഞ്ഞറിയിക്കാൻ സാധിക്കില്ല. വളരെയധികം ശോഷിച്ച നിലയിലുള്ള, ഓല മേഞ്ഞ വീടും പിറകിലായി കാണാം. ഇത് കാണുമ്പോൾ തന്നെ ഇവരുടെ ജീവിതം എത്തരത്തിലായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇവരുടെ വ്യക്തിപരമായ വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

എന്തായാലും വീഡിയോ കണ്ടവരെല്ലാം തന്നെ ഈ ദൃശ്യം അവരുടെ മനസിനെ ആഴത്തിൽ സ്പർശിച്ചുവെന്നും കണ്ണ് നനയിച്ചുവെന്നുമാണ് അഭിപ്രായപ്പെടുന്നത്. ലക്ഷക്കണക്കിന് പേർ ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നു. നിരവധി പേർ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.