കണ്ണൂർ: കണ്ണൂർ കുടിയാന്മലയിൽ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഭാര്യയെയും കുട്ടിയെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. 

കണ്ണൂർ കുടിയാന്മലയിലാണ് നാടിനെ നടുക്കിയ സംഭവം. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം.

വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ അഞ്ജുവിനെയും ധ്യാൻദേവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു.

രാവിലെ അമ്മയെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നരവർഷം മുമ്പാണ് യുവാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാർ പറഞ്ഞു. ഏഴ് വർഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായും നാട്ടുകാർ പറയുന്നു