കൊട്ടാരക്കര : കടൽതിരയിൽ നിന്നും കൺമണികളെ കാത്തുരക്ഷിച്ച പിതാവിനെ തേടിയെത്തിയത് മരണത്തിന്റെ കരങ്ങൾ. അബുദാബിയിലാണ് കരളുരുക്കുന്ന സംഭവം അരങ്ങേറിയത്. ബീച്ചിലെ തിരയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച് തീരത്തെത്തിച്ച ശേഷം യുവാവ് ബന്ധുക്കളുടെ മുന്നിൽ വച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തിൽ രവീന്ദ്രൻപിള്ളയുടെ മകൻ എസ്.ആർ.ദിലീപ്കുമാറിനെയാണ് (38) വിധി മരണത്തിന്റെ രൂപത്തിലെത്തി തട്ടിയെടുത്തത്. അബുദാബി അൽറാഹ ബീച്ചിലായിരുന്നു സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അമ്മയും നോക്കിനിൽക്കെയായിരുന്നു സംഭവം. രാവിലെ പത്തരയോടെയാണ് കുടുംബം ബീച്ചിലെത്തിയത്. മകൾ ദേവിക (9), മകൻ ആര്യൻ (6) എന്നിവർ ദിലീപിനൊപ്പം ബീച്ചിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. വലിയ തിരയിൽപ്പെട്ട് കുട്ടികൾ കടലിലേക്കൊഴുകി. ദിലീപ് ഏറെ പരിശ്രമിച്ച് കുട്ടികളെ രക്ഷിച്ചു. ഇരുവരെയും തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടൻ ദിലീപ് കുഴഞ്ഞുവീണു.

ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കൽ സംഘം കൃത്രിമശ്വാസോച്ഛ്വാസം നൽകിയെങ്കിലും ഫലമുണ്ടായില്ല. കുടുംബസുഹൃത്തായ ദീപക് ഉടൻ സ്ഥലത്തെത്തി അൽറാബ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. പത്തുവർഷത്തിലധികമായി യു.എ.ഇ.യിൽ താമസിക്കുന്ന ദിലീപ്കുമാർ ദുബായിലെ നിർമ്മാണ കമ്പനിയിൽ ഹെൽത്ത് ആൻഡ് സേഫ്ടി മാനേജരാണ്.

അബുദാബിയിലായിരുന്ന കുടുംബം ഒരു വർഷം മുൻപാണ് ദുബായിലേക്ക് മാറിയത്. ഹ്രസ്വ സന്ദർശനത്തിനെത്തിയ ലക്ഷ്മിയുടെ അമ്മയെയും കൂട്ടിയാണ് ദിലീപും കുടുംബവും ബീച്ചിലെത്തിയത്. അമ്മ: ശാന്തകുമാരി. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊട്ടാരക്കരയിലെ വീട്ടുവളപ്പിൽ.