സംശയം ചോദിക്കുകയാണ്. പ്രായ പൂർത്തിയാകാത്ത പെൺകൊച്ചിനെ ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിക്ക് മുഖ്യമന്ത്രിയുടെ അതായത് ഗവർമെന്റിന്റെ സമ്മതം വേണോ? അങ്ങനെ നിയമമോ കീഴ് വഴക്കമോ ഉണ്ടോ? ഒരു ജഡ്ജി ഇക്കാര്യത്തിൽ ഗവർമെന്റിന്റെ സമ്മതം ചോദിച്ച ചരിത്രം ഇന്ത്യയിലോ ലോകത്ത് എവിടെയെങ്കിലുമോ മുമ്പ് ഉണ്ടായിട്ടുണ്ടോ? അതല്ലെങ്കിൽ കത്തനാർക്ക് ലൈംഗികപീഡനക്കാര്യത്തിൽ പ്രത്യേക അവകാശങ്ങൾ വല്ലതുമുണ്ടോ? എനിക്ക് തോന്നിയിട്ടുള്ളത് പാപം അഥവാ തിന്മ ചെയ്യാതിരിക്കാൻ മാറ്റുള്ളവരെ ഉപദേശിക്കുന്നയാളും സമൂഹത്തിനു മാതൃകയുമായ ഒരു കത്തനാർ കുറ്റം ചെയ്താൽ സാധാരണക്കാർക്കുള്ളതിൽ കൂടുതൽ ശിക്ഷ അർഹിക്കുന്നു എന്നാണ്.

ഈ സംശയങ്ങളെല്ലാമുണ്ടാകാൻ കാരണം 'മറുനാടൻ മലയാളി'യിൽ കണ്ട വാർത്തയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എഡ്വേർഡ് എന്ന കത്തനാർക്കെതിരെ പെൺകുട്ടിയുട അമ്മ കൊടുത്ത കേസിൽ ഒളിവിൽ കഴിയുന്ന - എന്ന് പറയപ്പെടുന്നു - അയാളുടെ മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ കോടതി സ്വീകരിച്ച നിലപാടാണ്. ഗവർമെന്റിന്റെ വക്കീൽ അഭിപ്രായമറിയിക്കാൻ താമസിച്ച സാഹചര്യത്തിൽ കത്തനാരെ അടുത്ത മാസം അഞ്ചാം തീയതിവരെ അറസ്റ്റുചെയ്യരുതെന്ന ഉത്തരവ് വഴി ജഡ്ജി പ്രതിക്ക് 'സംരക്ഷണം' കൊടുക്കുകയും ചെയ്തു എന്ന വാർത്ത കണ്ടു. ജഡ്ജിയുടെ പേരും പോർട്ടലിൽ കൊടുത്തിരിക്കുന്നതിനാൽ അദ്ദേഹത്തെ അറിയാനും വായനക്കാർക്കെല്ലാം ഭാഗ്യമുണ്ടായി.

കത്തനാരുടെ പീഡനപ്രവർത്തനമോ, അയാളെ ആരൊക്കെയോ ശക്തിയായി സംരക്ഷിക്കുന്നുണ്ട് എന്ന കാര്യമോ ഒന്നും മുഖ്യധാരാ അച്ചടി ടിവി മാദ്ധ്യമങ്ങളിലൊന്നും കാര്യമായ വാർത്തയേ അല്ല. കേരളം എന്ന വെള്ളരിക്കാപ്പട്ടണത്തെ കുറിച്ചും ഇവിടുത്തെ ഗവർമെന്റിനെയും ജനങ്ങളെയും കുറിച്ചും പറയാൻ വാക്കുകൾ തികയുന്നില്ല.

ഏറ്റവും അധികം അത്ഭുതം തോന്നുന്നത് ഇവിടുത്തെ സ്ത്രീവാദി, പെണ്ണെഴുത്തുകാരുടെ കാര്യത്തിലാണ്. പുലികളെ പോലെ ചീറ്റുകയും പ്രതികരിക്കുകയും ചെയ്യുന്ന ഇവരാരും മേൽപറഞ്ഞ സംഭവങ്ങൾ അറിഞ്ഞതായി തന്നെ തോന്നുന്നില്ല. കമന്റടിക്കുന്നവരെ പോലും ചെരുപ്പൂരി അടിക്കണമെന്ന് പാവം പെൺകുട്ടികളോട് ഉദ്‌ഘോഷിക്കുന്നവരാണ് ഇവരിൽ പലരും. മുമ്പ് ഒരുവനെ തൂക്കിക്കൊല്ലാൻ വിധിച്ചുകഴിഞ്ഞപ്പോൾ 'അവനെ ഞാൻ തൂക്കിക്കൊല്ലാം' എന്ന് ആവേശം കാണിച്ച ധീര വനിത പോലും ഉള്ള നാടാണിത്. പത്രത്തിൽ സിനിമാതാരത്തെപ്പോലെ സുന്ദരമായ മുഖത്തോടെ ഇരിക്കുന്ന ഈ കത്തനാരുടെ മുഖത്ത് ചെരിപ്പ്‌കൊണ്ടോ അല്ലാതെയോ രണ്ട് അടികൊടുക്കാനോ, കൊടുക്കേണ്ടതാണെന്നു പറയാനോ പോലും ഇപ്പോൾ ഒരു പെൺ പ്രതികരണക്കാരും ഇല്ല.

കത്തനാരുടെ കാര്യത്തിൽ തന്റെ ഗവർമെന്റിന്റെ തീരുമാനം അറിയിച്ചില്ലെങ്കിലും അയാൾക്ക് 'ന്യായ'ത്തിന്റെ സംരക്ഷണം കിട്ടിക്കൊള്ളും എന്നറിയാവുന്നതുകൊണ്ടായിരിക്കണം മുഖ്യമന്ത്രി ഉമ്മൻ ഒരു തീരുമാനവും വക്കീൽ മുഖേന അറിയിക്കാതിരുന്നത്. ഉമ്മൻ വിചാരിച്ചപോലെ സംഭവിക്കുകയും ചെയ്തല്ലോ.

കത്തനാർ പീഡിപ്പിച്ച പെൺകുട്ടിയുടെ വീട്ടുകാർക്ക് അയാളോട് മുൻവൈരാഗ്യമുള്ളതുകൊണ്ട് പെൺകുട്ടിയുടെ അമ്മ കേസുകൊടുത്തതാണഅ എന്നത്രെ കത്തനാരുടെ വാദം. പള്ളിയിലെ രണ്ടു വികാരിമാരും തന്നോട് വിരോധമുണ്ടെന്നും അതുകൊണ്ടാണ് അവരും തനിക്കെതിരെ സംസാരിക്കുന്നത് എന്നും കത്തനാർ പറയുന്നു. അതിനാൽത്തന്നെ ഇയാളുടെ സ്വഭാവം നമുക്കു വ്യക്തമാകുമല്ലോ? ഇയാൾ പേരെടുത്ത ധ്യാനഗുരു ആണത്രേ. മൃഗത്തെക്കാൾ അധഃപതിച്ചവനായ ഈ കത്തനാരുടെ ധ്യാന പ്രസംഗം കേൾക്കാൻ അവസരമുണ്ടായാൽ ഒരു മടിയും കൂടാതെ പെൺകുട്ടികളെ ധ്യാനത്തിനു പറഞ്ഞു വിടാനും സ്വയം ധ്യാനത്തിൽ പങ്കെടുക്കാനും കേരളത്തിലെ അഭ്യസ്ഥവിദ്യരായ സ്ത്രീകളും അമ്മമാരും ഇനിയും തയ്യാറാകും എന്നതാണ് കേരളീയ യാഥാർത്ഥ്യം. ഭക്തികൊണ്ടു ഭ്രാന്ത് പിടിച്ച സ്ത്രീപുരഷന്മാരും, പണക്കൊതിയും ഭോഗസ്സക്തിയും കൊണ്ടു ഭ്രാന്തുപിടിച്ച രാഷ്ട്രീയക്കാരും നിറഞ്ഞതാണ് നമ്മുടെ നാട്.