കൊച്ചി : പതിന്നാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിൽ ഫാ. എഡ്വിൻ ഫിഗരസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. പെൺകുട്ടിയുടെ വീട്ടുകാർക്ക് തന്നോടുള്ള മുൻവൈരാഗ്യമാണ് കേസിൽ കുടുക്കാൻ കാരണമെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പള്ളിയിലെ മറ്റു രണ്ട് വികാരിമാർക്ക് തന്നോടുള്ള പകയും കള്ളക്കേസിന് കളമൊരുക്കിയെന്ന് എഡ്വിൻ ഫിഗരേസ് ഹർജിയിൽ പറയുന്നുണ്ട്. അതിനിടെ ഫാ.എഡ്വിൻ ഫിഗ്രേസ് വിദേശത്തേക്ക് കടന്നുവെന്നും സൂചനകളുണ്ട്.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്കു കീഴിലെ പുത്തൻവേലിക്കര ലൂർദ് മാതാ പള്ളി വികാരിക്കെതിരെ ഇടവകാംഗമായ ഒമ്പതാംക്‌ളാസുകാരിയുടെ മാതാവാണ് പുത്തൻവേലിക്കര പൊലീസിൽ ഏപ്രിൽ ഒന്നിന് പരാതി നൽകിയത്. ഇതേത്തുടർന്ന് വൈദികൻ ഒളിവിൽ പോയി. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഫാദർ എഡ്വിൻ ഫിഗരേസ് മുൻകൂർ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിലാണ് സഹ വൈദികർക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിനിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാൻ നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.മനോജ് കുമാർ പറഞ്ഞു. ഇതോടെയാണ് പ്രതി ദുബായിലേക്ക് കടന്നുവെന്നതിന് വ്യക്തമായ സൂചന ലഭിച്ചിരുന്നത്. ഫാദർ എഡ്വിൻ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പെസഹ വ്യാഴാഴ്ച ദിവസം ബാംഗ്‌ളൂർ വിമാനത്താവളം വഴി എമിറേറ്റ്‌സ് എയർലൈൻസിന്റെ ദുബായ് ഫ്‌ളൈറ്റിലാണ് പാദർ എഡ്വിൻ ദുബായിലേക്ക് മുങ്ങിയത് എന്നാണ് സൂചന. ഏപ്രിൽ ആറിന് ദുബായിൽ സംഘടിപ്പിക്കുന്ന ധ്യാനത്തിന് നേതൃത്വം നൽകേണ്ടത് ഫാ.എഡ്വിനാണ്. ഇതിനായി നേരത്തേ തന്നെ വിസയും ശരിയാക്കിയിരുന്നു. ഈ വിസ ഉപയോഗിച്ചാണ് വികാരി ദുബായിലേക്ക് കടന്നത്. അവിടെ ധ്യാനത്തിൽ പങ്കെടുക്കുമോ എന്ന് അറിവായിട്ടില്ല. വികാരിയുടെ പാസ്‌പോർട്ട് നമ്പർ കഴിഞ്ഞ രണ്ടാം തീയതിയാണ് പൊലീസിന് ലഭിച്ചത്. അന്നു തന്നെ സിവിൽ ഏവിയേഷൻ വകുപ്പിന് വിവരങ്ങൾ കൈമാറിയിരുന്നു. പറവൂരിലെ പ്രമുഖ ബാർ ഉടമയുടെ സഹായത്തോടെ ഒളിവിൽ പോയ ഇയാളുടെ കാർ വൈപ്പിനിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അച്ചന്റെ യാത്രയ്ക്ക് ഒത്താശ ചെയ്തവരെയും പണവും മറ്റു സഹായങ്ങളും നൽകിയവരെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തൻവേലിക്കര ലൂർദ്മാതാ പള്ളി വികാരിയാണ് ഫാ.എഡ്വിൻ. ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം ക്‌ളാസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. ഏപ്രിൽ ഒന്നിന് പെൺകുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. അന്നു തന്നെ കേസ്സെടുക്കകയും പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന്എതിരാണെന്നാണ് സൂചന. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത ആരംഭിച്ചിട്ടുണ്ട്.

ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്.

പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. നാല് ദിവസമായിട്ടും 200 ഓളം അംഗങ്ങൾ മാത്രമുള്ള ചെറിയ ഇടവകയിൽ ഈ സംഭവം വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. കോട്ടപ്പുറം ബിഷപ്പിന്റെ അസിസ്റ്റന്റായ പുരോഹിതനാണ് ഇപ്പോൾ പള്ളിയിൽ ശുശ്രൂഷകൾ ചെയ്യുന്നത്. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.

ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു. പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷൻ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിർവഹിച്ചിരുന്നു.