കൊച്ചി: പ്രായപൂർത്തിയാവാത്ത ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ വൈദികൻ എന്ന നിലയിൽ സമൂഹം നൽകിയ പദവിയും മാന്യതയും പ്രതി മറയാക്കിയെന്ന നിർണ്ണായക പരമാർശവുമായാണ് പുത്തൻവേലിക്കര പീഡനക്കേസിൽ കോടതി വിധിപ്രഖ്യാപനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്ക് ജീവപര്യന്തം ശിക്ഷ നൽകിയതും ഇതുകൊണ്ടാണെന്ന് വിധിയിൽ കോടതി വിശദീകരിക്കുന്നു. പ്രതിയുടെ സാമൂഹിക പദവിയും ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്തായിരുന്നു കോടതി പല നിരീക്ഷണങ്ങളും നടത്തിയത്.

കേരളത്തിൽ ഒരു വൈദികന് ലഭിക്കുന്ന വലിയ ശിക്ഷകളിൽ ഒന്നാണ് ഫാ. എഡ്വിൻ ഫിഗരിസിന് എതിരായ കോടതി വിധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 2,15000 രൂപ പിഴയും എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസിനാണ് ശിക്ഷ വിധിച്ചത്. വൈദികനെ നാടുവിടാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗാരിസിന് ഒരു വർഷം തടവും കോടതി വിധിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇരട്ടജീവപര്യന്തം ശിക്ഷ എഡ്വൻ ഫിഗാരസിന് വിധിച്ചത്.

പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ (പോക്‌സോ) വകുപ്പുകൾ കൂടി ചേർന്നതോടെയാണ് ശിക്ഷ കടുത്തത്. പതിനാല് വയസ്സ് മാത്രമുള്ള പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയ ദയ അർഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തത്. സ്വന്തം ജീവിതത്തിലെ നന്മകൾ കൊണ്ട് സമൂഹത്തിനു മാതൃകയാവേണ്ട വ്യക്തിയാണ് ഇത്തരമൊരു കേസിൽ പ്രതിയായതെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിച്ച വനിത ഡോക്ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത കേരളത്തിലെ ആദ്യ സംഭവവുമായിരുന്നു പുത്തൻവേലിക്കര പീഡനം. പീഡനത്തിന് ഇരയായ ശേഷം മാതാവിനൊപ്പം ആശുപത്രിയിൽ ചികിത്സ തേടി എത്തിയ പെൺകുട്ടിയെ പരിശോധിച്ച് പീഡനക്കുറ്റം ബോധ്യപ്പെട്ടിട്ടും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരുന്ന ഡോ. അജിതയുടെ നടപടി കോടതി വിമർശിച്ചു. മാർച്ച് 29നാണ് പെൺകുട്ടിയുമായി രക്ഷിതാക്കൾ ഡോക്ടറുടെ അടുത്തെത്തിയത്. പരിശോധനയിൽ പീഡനം നടന്നതായി മനസിലായെങ്കിലും അജിത ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം നടന്നെന്ന് മനസിലായാൽ അക്കാര്യം ഉടനെ പൊലീസിനെ അറിയിക്കണമെന്ന നിയമം അജിത പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പീഡനം നടന്നതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി നൽകിയിട്ടും ഇക്കാര്യം പൊലീസിൽ അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഡോക്ടറുടെ പ്രായവും മറ്റ് പരാതികൾ ഉയർന്നിട്ടില്ലെന്നതും കാരണം ഡോക്ടറെ വെറുതെ വിടുകയും ചെയ്തു. പീഡനത്തിൽ പ്രതിയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന് നേരത്തെ ആരോപണം ഉയർന്ന കേസാണ് ഇത്. പരാതി നൽകുന്നതിന് മുമ്പാണ് പ്രതിയായ വൈദികൻ ചിലരുടെ സഹായത്തോടെ നാട്ടിൽ നിന്ന് മുങ്ങിയത്. പ്രതി നൽകുന്ന പിഴത്തുകയായ 2.15 ലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിക്കു നൽകണമെന്നു വിധിച്ച കോടതി, പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ കൂടുതൽ നഷ്ടപരിഹാര തുക നൽകണമെന്നും നിർദേശിച്ചു. ഇക്കാര്യം സർക്കാരിനോട് ശുപാർശ ചെയ്യാൻ ജില്ലാ നിയമസഹായ വേദിയെ കോടതി ചുമതലപ്പെടുത്തി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം ബലാത്സംഗം, നിരവധി പ്രാവശ്യം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക, ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ വകുപ്പുകളിലുള്ള കുറ്റങ്ങൾ ഒന്നാം പ്രതിയായി വൈദികനെതിരെ ചുമത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സി.ഐ വിശാൽ ജോൺസനാണ് കുറ്റപത്രം സമർപ്പിച്ചത്.

പള്ളിമേടയിൽ വിളിച്ചുവരുത്തി വികാരി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കുട്ടിയുടെ മാതാവാണ് പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിൽ നൽകിയത്. 2015 ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ മാതാവ് ആരോപിച്ചിരുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമങ്ങളും ശക്തമായിരുന്നു. പരാതി പിൻവലിപ്പിക്കാനും ശ്രമമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി.

ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി.