തിരുവനന്തപുരം: ദൈവവഴിയിൽ നിൽക്കുമ്പോഴും മനസ്സുനിറയെ കായികലോകത്തെ നെഞ്ചേറ്റിയ ജീവിതമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാദർ ജോൺസൺ മുത്തപ്പന്റെത്.ദൈവവഴിയിലെത്തിയപ്പോഴും സമയം കിട്ടുമ്പോഴൊക്കെ കടൽത്തീരത്തെ ഫുട്ബോൾ മൈതാനങ്ങളിൽ പന്തുതട്ടാൻ അദ്ദേഹമെത്തിയിരുന്നു.വിദ്യാഭ്യാസ കാലത്ത് തന്നെ കായികമേഖലയിൽ തന്റെ വ്യക്തിമുദ്ര ഇദ്ദേഹം പതിപ്പിച്ചിരുന്നു.തിരുവനന്തപുരം ഫോർട്ട് സ്‌കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റനും പിന്നീട് സംസ്ഥാന ഗുസ്തി ചാമ്പ്യനുമെല്ലാമായിരുന്നു ഫാദർ.

പൊഴിയൂർ പരുത്തിയൂരിലെ ചെറിയൊരു കുടിലിലായിരുന്നു മുത്തപ്പനും എട്ടു സഹോദരന്മാരുള്ള കുടുംബം കഴിഞ്ഞിരുന്നത്. വീട്ടിലെ ദാരിദ്ര്യം മൂലം ജോൺസണും ഇളയ സഹോദരൻ ജോയിയും ശ്രീചിത്ര പുവർഹോമിലാണ് കഴിഞ്ഞിരുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജോൺസൺ സെൻട്രൽ സ്റ്റേഡിയത്തിൽ അനുജനുമൊത്ത് ഫുട്ബോൾ ടീം സെലക്ഷനെത്തിയത്. എന്നാൽ, ഇവരെത്തുമ്പോഴേക്കും സെലക്ഷൻ കഴിഞ്ഞിരുന്നു. ഇവിടെവച്ചാണ് ഇവരെ ഗുസ്തി പരിശീലകർ കാണുന്നത്. തുടർന്ന് ജോൺസണെ അവർ ഗുസ്തിയിലേക്കു തിരിച്ചു. കാര്യവട്ടം എൽ.എൻ.സി.പി.യിലെ ഗുസ്തി ക്യാമ്പിലെ മികവുമായി കണ്ണൂർ സ്‌പോർട്ട്സ് ഹോസ്റ്റലിലെത്തി. ഗുസ്തിക്കുപിന്നാലെ പോയതോടെ പഠനത്തിൽ പിന്നിലായി. ഒമ്പതാം ക്ലാസോടെ ശ്രീചിത്ര പുവർ ഹോമിൽ തിരിച്ചെത്തി. പിന്നീട് ഫോർട്ട് സ്‌കൂളിൽ ഗുസ്തി ഫുട്ബോൾ ടീമിൽ സജീവമായി. 2005-ൽ സംസ്ഥാന സ്‌കൂൾ ഗെയിംസിൽ സീനിയർ വിഭാഗത്തിൽ ചാമ്പ്യനായി. അടുത്ത വർഷം രണ്ടാം സ്ഥാനത്തെത്തി. പത്താം ക്‌ളാസ് ജയിച്ചതോടെയാണ് പുരോഹിതനാവാൻ തീരുമാനിച്ചത്.

സെമിനാരിയിൽ ചേരാൻ അഭിമുഖത്തിനെത്തുമ്പോൾ ഗുസ്തിക്കാരൻ എന്തിനു വൈദികനാവുന്നു എന്നായിരുന്നു ബിഷപ്പ് സൂസപാക്യം ചോദിച്ചത്. സേവനം ചെയ്യാനാണെന്നായിരുന്നു മറുപടി. അതിന് രാഷ്ട്രീയക്കാരനായാൽ പോരേ എന്നായിരുന്നു ബിഷപ്പിന്റെ മറുചോദ്യം. ക്രിസ്തുവിന്റെ പാതയിൽ സഞ്ചരിക്കാനാണ് ആഗ്രഹമെന്ന മറുപടി കേട്ടതോടെ ഗുസ്തി ചാമ്പ്യന് ബിഷപ്പ് സെമിനാരിയിൽ പ്രവേശനം നൽകി.

അപ്പോഴേക്കും അനുജൻ ജോയി സെമിനാരിയിൽ ചേർന്നിരുന്നു. 13 വർഷത്തെ സെമിനാരിജീവിതം കഴിഞ്ഞ് ആറു മാസം മുമ്പാണ് സഹോദരങ്ങൾ ഇരുവരും ഒരുമിച്ച് പുരോഹിതപട്ടം സ്വീകരിച്ചത്. ജോൺസൺ പാളയം പള്ളിയിലെയും ജോയി വിഴിഞ്ഞം പള്ളിയിലെയും സഹ ഇടവക വികാരിമാരായിരുന്നു.