- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ഒൻപതുകാരനായ മകനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം തൂങ്ങി മരിച്ച പിതാവ് മൂന്ന് വിവാഹിതൻ; ആദ്യ ഭാര്യ മരിച്ചപ്പോൾ ജോലിക്കാരനായതിന് പിന്നാലെ രണ്ടാം ഭാര്യയും ഉപേക്ഷിച്ചപ്പോൾ സലീം വീണ്ടും കെട്ടിയത് രണ്ടാഴ്ച മുൻപ്; മൂന്നാം ഭാര്യയും പിണങ്ങിയതോടെ അരും കൊല ചെയ്ത് മരണത്തിലേക്ക്
മാറാനല്ലൂർ: തിരുവനന്തപുരത്ത് പിതാവ് ഒൻപത് വയസ്സുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് ആദ്യ ഭാര്യ മരിച്ചതിന് ശേഷം നടത്തിയ രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതോടെ. ആദ്യ ഭാര്യ മരിക്കുകയും പിന്നീട് വിവാഹം ചെയ്ത രണ്ട് സ്ത്രീകളും പിണങ്ങി പോകുകയും ചെയ്തതോടെ കടുത്ത വിഷാദത്തിലേക്ക് നീങ്ങിയ സലീം മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുക ആയിരുന്നു. കണ്ടല കോട്ടയിൽ വീട്ടിൽ വ്യവസായവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ സലി(42)മാണ്, മകൻ ആഷ്ലി(9)നെ കൊലപ്പെടുത്തിയ ശേഷം വാടകവീട്ടിൽ തൂങ്ങി മരിച്ചത്.
ഇന്നലെ പുലർച്ചെ കുടുംബവീട്ടിൽനിന്ന് ഇവർ താമസിക്കുന്ന വാടകവീട്ടിലേക്കു പ്രഭാതഭക്ഷണം നൽകാനെത്തിയ സലിമിന്റെ സഹോദരിയാണ് സംഭവം ആദ്യം കണ്ടത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മകനെയും മരിച്ചനിലയിൽ കണ്ടത്. ഒൻപതുകാരനായ ആഷ്ലിൻ കിടപ്പ് മുറിയിലെ കട്ടിലിലും സലീമിനെ അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്റെ കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. കണ്ടല കോട്ടയിൽ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ എട്ടു മക്കളിൽ അഞ്ചാമത്തെയാളാണ് സലിം.
മൂന്ന് വിവാഹങ്ങൾ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്ലിൻ. പത്തു വർഷം മുൻപ്, സർക്കാർ ഉദ്യോഗസ്ഥയായ അടൂർ സ്വദേശിനിയായ അമ്പിളി ദാമോദരൻ എന്ന യുവതിയെ സലിം പ്രേമിച്ചു കല്യാണം കഴിച്ചിരുന്നു. ഈ ബന്ധത്തിലെ കുട്ടിയാണ് ആഷ്ലിൻ. രോഗബാധയെത്തുടർന്ന് അമ്പിളി നാലു വർഷം മുൻപ് മരിച്ചു. ഇതോടെ സലിമും മകനും ഒറ്റയ്ക്കായി.
അമ്പിളി മരിച്ചതോടെ സലിമിന് വ്യവസായ വകുപ്പിൽ ആശ്രിതനിയമനം ലഭിച്ചു. ഒന്നര വർഷം മുൻപ് സലിം, ജോലിചെയ്തിരുന്ന ഓഫീസിലെ ജീവനക്കാരി പത്തനംതിട്ട സ്വദേശി ഷംലയെ വിവാഹം കഴിച്ചു. അതിനുശേഷമാണ് മകനുമൊന്നിച്ച് കുടുംബവീടിനടുത്തുള്ള വാടകവീട്ടിൽ ഷംലയ്‌ക്കൊപ്പം താമസമാക്കിയത്. ഇതിനിടെ ഷംലയ്ക്ക് പത്തനംതിട്ട ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടി. പത്തനംതിട്ടയിലേക്ക് പോയ ഷംല സലിമിനോട് അങ്ങോട്ടു ചെല്ലാൻ ആവശ്യപ്പെട്ടു. പോകാൻ തയ്യാറാകാതിരുന്ന സലിമിനോട് ഷംലയുടെ വീട്ടുകാർ വിവാഹമോചനം ആവശ്യപ്പട്ടു. ഒരു വർഷത്തിനു ശേഷം ഇവർ വേർപിരിഞ്ഞു.
രണ്ടാം വിവാഹം പിണങ്ങി പിരിഞ്ഞതോടെ സലീം രണ്ടാഴ്ച മുമ്പ് വിവാഹം കഴിച്ച യുവതിയും പിണങ്ങിപോയതായി ബന്ധുക്കൾ പറഞ്ഞു. വിവാഹമോചന കേസ് തുടരുന്നതിനിടെയാണ് മൂന്നാമതായി സലിം ഫസീല എന്ന യുവതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം ഒൻപതിനാണ് സലിം നിലമ്പൂർ സ്വദേശിനിയായ ഫസീലയെ കല്യാണം കഴിക്കുന്നത്. നാലു ദിവസം മുൻപ് സലീമുമായി വഴക്കിട്ട് ഫസീല ബന്ധുക്കളോടൊപ്പം നിലമ്പൂരിലെ വീട്ടിലേക്കു പോയിരുന്നു. മൂന്നാം ഭാര്യയും പിണങ്ങി പോയതോടെ സലീം ആകെ മനോവിഷണത്തിലായിരുന്നു. ഇതാണ് മകനെ കൊന്ന് ആത്മഹത്യ ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്.
മൃതദേഹംവൈകീട്ട് മൂന്നരയോടുകൂടി മാറനല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. മാറനല്ലൂർ പൊലീസ് കേസെടുത്തു. ആഷ്‌ലിൻ കണ്ടല സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
മറുനാടന് മലയാളി ബ്യൂറോ