ടോക്യോ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സംഖ്യാവിനോദം 'സുഡോകു'വിന്റെ പിതാവ് മക്കി കാജി ഇനി ഓർമ്മ. അർബുദ രോഗബാധയെത്തുടർന്നായിരുന്നു അന്ത്യം.ജാപ്പനീസ് പ്രസാധകനായ നിക്കോളിയാണ് മക്കി കാജി അന്തരിച്ച വിവരം അറിയിച്ചത്.ക്യാൻസർ ബാധിതനായ മക്കി കാജി ഓഗസ്റ്റ് 10ന് സ്വന്തം വീട്ടിൽ വച്ചാണ് മരിച്ചെന്നും പരേതനോടുള്ള ബഹുമാനസൂചകമായി ഒരു അനുസ്മരണ പരിപാടി പിന്നീട് നടത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ നിക്കോളി പറഞ്ഞു.

18-ാം നൂറ്റാണ്ടിൽ സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോൺഹാർഡ് യൂളറാണ് ഈ സംഖ്യാവിനോദത്തെ ആവിഷ്‌കരിച്ചത്.എന്നാൽ കാലമാറ്റത്തിനനുസരിച്ച് വിനോദത്തെ പരിഷ്‌കരിച്ച് ഇന്നത്തെ സുഡോകുവാക്കിമാറ്റിയത് മക്കി കാജിയാണ്. 'നിക്കോളി'യെന്ന തന്റെ വിനോദ മാസികയിലൂടെ പുതിയ സംഖ്യാവിനോദം അവതരിപ്പിച്ച് ലോകമെമ്പാടും പ്രചരിപ്പിച്ചത്. കുട്ടികൾക്കും ആയാസരഹിതമായ വിനോദങ്ങളിൽ താത്പര്യമുള്ളവർക്കുമായാണ് അദ്ദേഹം വിനോദ പംക്തി തുടങ്ങിയത്.

'ഗ്യാകുയുൻ യു' എന്ന പ്രാചീന പേര് മാറ്റി സുഡോക്കു എന്നാക്കിയത് അദ്ദേഹമാണ്. പക്ഷെ പ്രതീക്ഷിചത്ര പ്രചാരം ജപ്പാനിൽ സുഡോകുവിന് ലഭിച്ചില്ല. പക്ഷെ അവിടം കൊണ്ട് ശ്രമം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. 2004 നുശേഷം ന്യൂസീലൻഡിൽ നിന്നുള്ള സുഡോക്കു ഫാൻ ബ്രിട്ടീഷ് ദിനപ്പത്രമായ ദ് ടൈംസിൽ പ്രസിദ്ധീകരിച്ചതോടെ സുഡോക്കു സൂപ്പർഹിറ്റായി. സുഡോക്കുവിനെ ജാപ്പനീസിൽ സുജി- വാ- ഡോകുഷിൻ- നി- കഗിറു എന്നും വിളിക്കാറുണ്ട്. സംഖ്യകൾ ഒറ്റയാന്മാരായിരിക്കണം, അവിവാഹിതനും എന്നാണ് ഇതിന് അർഥം.

100 രാജ്യങ്ങളിലായി ഏകദേശം 20 കോടി സുഡോക്കു ആരാധകരുണ്ടെന്നാണ് കണക്കാക്കുന്നത്. 81 ചതുരങ്ങളാൽ നിർമ്മിച്ച ഒരു ബോക്‌സിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള സംഖ്യകൾ നൽകി വേണം സുഡോകുവിൽ ഒരു കളി ആരംഭിക്കാൻ. ഇങ്ങനെയുള്ള ലംബവും തിരശ്ചീനവുമായ കോളങ്ങളിൽ ഒരു സംഖ്യയും ആവർത്തിക്കാൻ പാടുള്ളതല്ല. കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതിന്, ഒൻപത് ഒറ്റ ചതുരങ്ങൾ അടങ്ങുന്ന ഒൻപത് ബ്ലോക്കുകളായി പ്രധാന ചതുരത്തെ വിഭജിച്ചിട്ടുമുണ്ട്. കൂടാതെ ഈ ഓരോ ബ്ലോക്കിലും ഒന്ന് മുതൽ ഒൻപത് വരെയുള്ള സംഖ്യകളും അടങ്ങിയിരിക്കണം. ഓരോ നിരയിലും ഓരോ സംഖ്യയും ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ് സുഡോക്കുവിന്റെ മറ്റൊരു പ്രത്യേകത.

ഒരു പുതിയ പസിൽ സൃഷ്ടിക്കുകയെന്നത് 'ഒരു നിധി കണ്ടെത്തുന്നത്' പോലെയാണെന്ന് 2007 ൽ കാജി ബിബിസിയോട് പറഞ്ഞിരുന്നു. 'ഇത് പണമുണ്ടാക്കുമോ ഇല്ലയോ എന്നതല്ല മറിച്ച് ഈ പസിൽ പരിഹരിക്കാൻ ശ്രമിക്കുന്നതിലൂടെ ലഭിക്കുന്ന ആവേശമാണ് ഏറ്റവും രസം. ' സുഡോക്കുവിന്റെ പിന്നിലെ രസതന്ത്രത്തെക്കുറിച്ച് കാജി പറഞ്ഞിരുന്നു.