- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'വലിയ മനസ്സുള്ള ദൈവമുണ്ടായിട്ടും ഒരു ചെറിയ വിഭാഗത്തെ മാത്രം നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് എന്തുകൊണ്ട്'; നർകോട്ടിക് ജിഹാദ് വിഷയത്തിൽ ശ്രദ്ധേയ പ്രസംഗവുമായി ഫാദർ പനവേലിൽ; സൈബറിടങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷപ്രചരണങ്ങളെ സൂക്ഷിക്കണം; വീണ്ടും വൈറലായി ജയിംസ് പനവേലിന്റെ പ്രസംഗം
തിരുവനന്തപുരം: ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫാദർ ജയിംസ് പനവേലിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത നർകോട്ടിക്ക് ജിഹാദ് വിഷയത്തിലും സമാന രിതിയിൽ വേറിട്ട അഭിപ്രയാവുമായെത്തിയിരിക്കുകയാണ് ഫാദർ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫാദറിന്റെ പ്രസംഗം വൈറലായി കഴിഞ്ഞു.
നർക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസികളെ ചിന്തിപ്പിക്കുന്നതാണ് സത്യദീപം അസോസിയേറ്റ് എഡിറ്റർ കൂടിയായ ഫാദർ ജെയിംസ് പനവേലിന്റെ പ്രസംഗം. എല്ലാവരെയും ഉൾക്കൊള്ളാനുള്ള വലിയ മനസ്സുള്ള ദൈവമുണ്ടായിട്ടും ഒരു ചെറിയ വിഭാഗത്തെ മാത്രം നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ഫാദർ ചോദിക്കുന്നു.എല്ലാ തരം വ്യത്യസ്തതകളെയും ഉൾക്കൊള്ളാനാണ് ദൈവം സൃഷ്ടിയിൽ വൈവിധ്യം കൊണ്ടുവന്നതെന്ന് ഫാദർ പറയുന്നു.
എല്ലാവരും ഒരുപോലെ ചിന്തിക്കുന്നവരായിരുന്നുവെങ്കിൽ എത്ര മനോഹരമായേനെ എന്ന സാമാന്യ യുക്തിക്ക് വിഭിന്നമായി ദൈവം ചിന്തിച്ചു എന്നിടത്താണ് സ്രഷ്ടാവിന്റെ പ്രത്യേകത. എല്ലാ വിഭാഗക്കാരും നിലനിൽക്കട്ടെ, എല്ലാ വിശ്വാസവും മതങ്ങളും നിലനിൽക്കട്ടെ, എല്ലാവരും വളരട്ടെ എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം- ഫാദർ പനവേലിൽ പറഞ്ഞു.
നമ്മുടെ ഉള്ളിലേക്ക് ചില തീവ്രചിന്തകൾ പടരുന്നുണ്ട്. അത് ക്രിസ്തുവിന്റെ മക്കളെ കാക്കാനാണെന്ന് പറയുമ്പോൾ അത് ശരിയല്ല എന്നു ചിന്തിക്കുന്ന സാമാന്യ ബുദ്ധിയുള്ളവരായി നമ്മൾ മാറും.അപരനെ കുറിച്ച് മനസ്സിൽ മോശം ചിന്തയും പേറി കളകൾ ആകുന്നതിന് പകരം, ദൈവത്തെ പോലെ എല്ലാവരെ ഉൾക്കൊള്ളുന്ന മനസ്സുള്ള വിളകളാവാനാണ് വിശ്വാസി ശ്രദ്ധ പുലർത്തേണ്ടത്.
സൈബറിടങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷപ്രചരണങ്ങളെ സൂക്ഷിക്കണം. സമൂഹത്തിൽ കള വിതക്കുന്നവരെ തിരിച്ചറിയാനാവണം. ചുറ്റുമുള്ളവരെ ചേർത്തു പിടിക്കാനാവണം. വൈവിധ്യങ്ങളെയാണ് ദൈവം ഇഷ്ടപ്പെട്ടത്. ആ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനാവുമ്പോൾ നമ്മൾ ദൈവത്തിന്റെ മനസ്സുള്ള മനുഷ്യരാവും' അദ്ദേഹം പറഞ്ഞു.
'കർഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്' എന്ന ലൂസിഫറിലെ മോഹൻലാലിന്റെ ഹിറ്റ് ഡയലോഗുമായാണ് പ്രസംഗം തുടങ്ങുന്നത്. സംവിധായകൻ ജിയോ ബേബി ഉൾപ്പടെ നിരവധി പേരാണ് പ്രസംഗം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഈശോ സിനിമാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫാ. ജെയിംസ് നടത്തിയ പ്രസംഗം വ്യാപകമായി പ്രചരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ