ബംഗലൂരു: മകന്റെ ജീവൻ രക്ഷിക്കാൻ മരുന്നിനായി ലോക്ടൗണിൽ 280 കിലോമീറ്റർ സൈക്കിളോടിച്ച് അച്ഛൻ. മൈസൂർ നരസിപുര സ്വദേശി ആനന്ദാണ് ബാംഗ്ലൂർ ദിവസങ്ങളോളം സൈക്കിളോടിച്ചു പോയി മരുന്നുവാങ്ങി മടങ്ങിയത്.

വർഷങ്ങളായി തുടരുന്ന ചികിത്സ മുടക്കാതിരിക്കാനാണ് വാഹനങ്ങളൊന്നും കിട്ടാഞ്ഞപ്പോൾ സൈക്കിളിൽ പോയതെന്ന് വർക്ക്‌ഷോപ്പ് തൊഴിലാളിയായ ആനന്ദ് പറഞ്ഞു. 18 വയസിന് മുൻപ് സ്ഥിരം കഴിക്കുന്ന മരുന്ന് നിർത്തിയാൽ കുട്ടിക്ക് എലിപ്റ്റിക്ക് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ഡോക്ടർമാർ പറഞ്ഞതായി ഇദ്ദേഹം പറയുന്നു. ഇതിനാലാണ് ഇദ്ദേഹം ഈ സാഹസിക യാത്രയ്ക്ക് ഇറങ്ങിയത്.

കഴിഞ്ഞ പത്തുകൊല്ലമായി ബംഗലൂരുവിലെ നിംഹാൻസിലെ ഡോക്ടർമാരുടെ അടുത്ത് ചികിൽസ തേടുകയാണ് ആനന്ദിന്റെ മകൻ. മെയ് 23ന് സ്വന്തം നാട്ടിൽ നിന്നും പുറപ്പെട്ട് മെയ് 26ന് പുലർച്ചെയാണ് ഇദ്ദേഹം മരുന്നുമായി തിരിച്ചെത്തിയത്. അതേ സമയം ഇത്രയും സാഹസത്തോടെയാണ് ഇദ്ദേഹം മരുന്നു വാങ്ങാൻ എത്തിയതെന്ന് അറിഞ്ഞ നിംഹാൻസിലെ ഡോക്ടർ ഇദ്ദേഹത്തിനെ സാമ്പത്തികമായി സഹായിച്ചുവെന്നും ആനന്ദ് പറയുന്നു.