ന്യൂഡൽഹി:സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബഞ്ച് ഇന്ന് വിധിച്ചത് ഐകകണ്‌ഠ്യേനയാണ്. തന്റെ പിതാവിന്റെ പഴയ വിധി ഗുരുതര പിഴവാണെന്ന് പറഞ്ഞ് തിരുത്തിയ മകനും ആ ബഞ്ചിലുണ്ടായിരുന്നു.
1975 ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, മൗലികാവകാശങ്ങളും റദ്ദാക്കിയ നടപടിയെ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് ആ ബഞ്ചിലെ ഒരംഗമായിരുന്നു.

സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാർച്ച് 15ന് എംപി.ശർമ കേസിൽ എട്ടംഗ ബെഞ്ചും, 1962 ഡിസംബർ 18ന് ഖടക് സിങ് കേസിൽ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധികളാണ് ഇപ്പോൾ അസാധുവായത്. ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.ഇന്ന് ആ വിധി അസാധുവാക്കിയ വിധിന്യായത്തിൽ മകൻ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എഴുതി:' നാല് ജഡ്ജിമാർ പുറപ്പെടുവിച്ച വിധിന്യായം പിഴവുകളുള്ളതാണ്. മനുഷ്യാവകാശങ്ങളിൽ നിന്ന് ജീവിതത്തെയും,വ്യക്തിസ്വാതന്ത്ര്യത്തെയും വേർപെടുത്താനാകില്ല.ജീവിതത്തിന്റെയും,വൃക്തിസ്വാതന്ത്ര്യത്തിന്റെയും മേലുള്ള ഒരു കടന്നുകയറ്റവും പരിഷ്‌കൃത സമൂഹത്തിൽ അനുവദിച്ചു കൂടാ'

സ്വകാര്യതയ്ക്ക് വേണ്ടി കോടതിയിൽ വാദിച്ച പ്രമുഖ അഭിഭാഷകരിലൊരാൾ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ' പിതാവിന്റെ കുപ്രസിദ്ധമായ വിധി ന്യായം മകൻ തിരുത്തിക്കുറിച്ചിരിക്കുന്നു'.1976 ൽ എഡിഎം ജബൽപൂർ കേസിലാണ് അടിയന്തരാവസ്ഥ ഉത്തരവ് മൂലം മൗലികാവകാശങ്ങൾ അസാധുവാകുമോയെന്ന് സുപ്രീംകോടതി പരിശോധിച്ചത്.ഭാരതീയ ജനാധിപത്യത്തിലെ കറുത്ത ഏടുകകളിലൊന്നായി അറിയപ്പെടുന്ന അടിയന്തരാവസ്ഥക്കാലത്ത് ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയാണ് വിചാരണ കൂടാതെ ജയിലിൽ അടച്ചത്. അധികാരികൾ മാധ്യമങ്ങളുടെ വായ്മൂടികെട്ടി വാർത്താവിതരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.