- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസതടസ്സത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടത് മെയ് 10ന്; മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ; കോഴിക്കോടും തൃശൂരും വരെ അന്വേഷണം നീണ്ടു; മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ മരിച്ചത് ഫാത്തിമ; കോവിഡ് വ്യാപന പ്രതിസന്ധി രൂക്ഷം
മലപ്പുറം: മലപ്പുറം പുറത്തൂരിൽ വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചു. രോഗ വ്യാപനം കൂടുമ്പോൾ കേരളത്തിലും ആരോഗ്യ സംവിധാനങ്ങളിൽ പരിമതിയുണ്ടാകുമെന്ന് വിലയിരുത്തലുണ്ട്. ഇതിലേക്ക് വരിൽ ചൂണ്ടുന്നതാണ് ഫാത്തിമയുടെ മരണം.
മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായാണ് പരാതി. കോവിഡ് ബാധിച്ച് മെയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചുവെങ്കിലും സാധിച്ചില്ല. മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ പലയിടത്തും അന്വേഷിച്ച് കിട്ടിയില്ലെന്നും ബന്ധുക്കൾ പറയുന്നു.
ഫാത്തിമ ഇന്നലെ മുതൽ ഗുരുതരാവസ്ഥയിലായിരുന്നു. ഇവർ ശ്വാസതടസ്സം നേരിട്ടിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും വെന്റിലേറ്ററിനായി പലരേയും ബന്ധപ്പെട്ടു. എന്നാൽ വെന്റിലേറ്റർ ലഭിച്ചില്ല. ഇന്നലെ രാത്രി തന്നെ ഫാത്തിമ മരണപ്പെട്ടു. മലപ്പുറത്ത് ആശുപത്രികളെല്ലാം തന്നെ കോവിഡ് രോഗികളാൽ നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് വെന്റിലേറ്റർ കിട്ടാൻ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഐ.സി.യുവും വെന്റിലേറ്ററും ആവശ്യമായിവരുന്നവരുടെ എണ്ണമാണ് 10 ദിവസംകൊണ്ട് ഇരട്ടിയായി കുതിച്ചത്. മെയ് ഒന്നിന് 650 പേർക്കു മാത്രമായിരുന്നു സംസ്ഥാനത്ത് വെന്റിലേറ്റർ സംവിധാനം ആവശ്യമുണ്ടായിരുന്നത്. മെയ് 10ന് വെന്റിലേറ്ററിലുള്ള രോഗികളുടെ എണ്ണം 1340 ആയി.
ഐ.സി.യുവിൽ 1808 പേരുണ്ടായിരുന്നത് 10 ദിവസം പിന്നിട്ടപ്പോൾ 2641 ആയും ഉയർന്നു. മെയ് ഒന്നിനും 10നുമിടയിൽ ശരാശരി ദിനം 36,000 പുതിയ പോസിറ്റിവ് കേസുകളുണ്ടായി. മെയ് മൂന്നിന് 26,011 പ്രതിദിന രോഗികളുണ്ടായിരുന്നു. ആറിന് 42,464ലേക്ക് വർധിച്ചിരുന്നു. ഇന്നലെ ഈ കണക്കിൽ ഇടിവുണ്ടായിട്ടുണ്ട്. എന്നാലും ഗുരുതരാവസ്ഥയിലെ രോഗികളുടെ എണ്ണം ഉയർന്ന നിലയിലാണ്.
നേരത്തേ, 7047 ഐ.സി.യുവും 1905 വെന്റിലേറ്ററും മാത്രമാണുണ്ടായിരുന്നത്. നിലവിൽ സംവിധാനങ്ങൾ കൂട്ടിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 3776 വെന്റിലേറ്ററും 9735 ഐ.സി.യുവും സജ്ജമാണ്. എന്നാൽ, ഇവയെല്ലാം മുഴുവനായി ഉപയോഗിക്കാനാവില്ല. സർക്കാർ ആശുപത്രികളിൽ പുതുതായി എത്തിച്ച വെന്റിലേറ്റർ ഉപയോഗപ്പെടുത്താൻ കഴിയുന്ന ടെക്നീഷ്യന്മാരുടെ അഭാവമുണ്ട്. സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെയും ഹൃദ്രോഗ വിഭാഗത്തിലെയും വെന്റിലേറ്ററുകൾ കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താനാകില്ല.
മെയ് ഒന്നു മുതലുള്ള 10 ദിവസം സംസ്ഥാനത്ത് മരണനിരക്കും കൂടുകയാണ്. ഇന്നലെ നേരിയ ഇടിവുണ്ടായിരുന്നു. ആകെയുള്ള കോവിഡ് മരണത്തിന്റെ 10 ശതമാനവും ഈ കാലയളവിലാണ്. മരിക്കുന്നവരിൽ 75 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണ്.
മറുനാടന് മലയാളി ബ്യൂറോ