തിരുവനന്തപുരം: തലസ്ഥാനത്ത് അൽ സബർ ഹോസ്റ്റലിന് മുകളിൽ നിന്ന് പെൺകുട്ടി ചാടി മരിച്ചതിന്റെ നടുക്കം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിട്ടുമാറിയിട്ടില്ല. ഇന്നലെ രാവിലെ പനവിളയിലെ ഹോസ്റ്റൽ മതിലിന് സമീപമുള്ള ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമ രഹ്ന എന്ന പെൺകുട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്ന മൊഴി തന്നെയാണ് ഹോസ്റ്റൽ അന്തേവാസികളിൽ നിന്നും പൊലീസിന് ലഭിച്ചതെന്ന് കന്റോൺമെന്റ് സിഐ പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.ഇന്നലെ രാവിലെ പെൺകുട്ടി ഫോണിൽ സംസാരിച്ച് നിൽക്കുന്നതാണ് കണ്ടതെന്നും പിന്നീട് ഫോണിൽ കയർത്ത് സംസാരിച്ച ശേഷം മുകളിലേക്ക് പോവുകയായിരുന്നുവെന്നും സുഹൃത്ത് നൽകിയ മൊഴിയിൽ പറയുന്നു.

പെൺകുട്ടിയുടെ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടി വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ലഭിക്കാൻ പെൺകുട്ടിയുടെ വിദേശത്തുള്ള മാതാപിതാക്കൾ നാട്ടിലെത്തണം. പെൺകുട്ടിയുടെ കബറടക്കം കഴിയുകയും ചെയ്ത ശേഷം ഇവരോട് വിശദമായി സംസാരിച്ചാൽ മാത്രമെ ഇത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്നും സിഐ പറയുന്നു.

പൊതുവെ ഹോസ്റ്റലിൽ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സ്വഭാവമായിരുന്നു പെൺകുട്ടിക്കെന്നാണ് അന്തേവാസികൾ പൊലീസിന് നൽകുന്ന മൊഴി. എപ്പോഴും ഊർജസ്വലയായി മാത്രമെ റഹ്നയെ കണ്ടിട്ടുള്ളുവെന്നും വളരെ ബഹുമാനത്തോടെ തന്നെയാണ് മുതിർന്നവരോട് പെരുമാറിയിരുന്നതെന്ന് ഹോസ്റ്റൽ വാർഡനും മറുനാടൻ മലയാളിയോട് പറഞ്ഞു.സ്ഥിരം പിഎസ്‌സി പരിശീലനത്തിന് പോയിരുന്ന പെൺകുട്ടി കഴിഞ്ഞ കുറച്ച് ദിവസമായി പൊതുവേ ആരോടും അങ്ങനെ സംസാരിച്ചിരുന്നില്ല. ഇതിന് പുറമെ പെൺകുട്ടി അടുത്തിടെയായി ദേഷ്യത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ പെൺകുട്ടി കുറച്ചധികം നേരം ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. ക്ലാസിൽ പോയിരുന്നുമില്ല. പിഎസ്‌സി പരിശീലനത്തിന് പോകാത്തതിനെ കുറിച്ച് സുഹൃത്തുക്കൾ ആരാഞ്ഞെങ്കിലും പെൺകുട്ടി കൃത്യമായി മറുപടി നൽകിയിരുന്നില്ല. രാവിലെ ഫോണിൽ ആരോടോ കയർത്ത് സംസാരിക്കുന്നത് ചുറ്റുമുണ്ടായിരുന്ന എല്ലാവരും കണ്ടപ്പോൾ പെട്ടന്ന് ഫോൺ കട്ട് ചെയ്ത ശേഷം വീണ്ടും ടെറസിലേക്ക് പോവുകയായിരുന്നു. സ്വകാര്യമായി ഫോൺ ചെയ്യാൻ വേണ്ടിയായിരിക്കും ഇങ്ങനെ ടെറസിലേക്ക് പോയതെന്ന് കരുതി ആരും പെൺകുട്ടിയെ തിരക്കിയതുമില്ല.പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് വഴിയരികിൽ പെൺകുട്ടി രക്തം വാർന്ന് കിടക്കുന്നത് സമീപവാസികൾ ശ്രദ്ധിച്ചത്.

എസ്എസ് കോയിൽ റോഡിലെ ഒരു പിഎസ്‌സി കോച്ചിങ്ങ് സെന്ററിൽ ട്രെയ്‌നിങ്ങിന് പോവുകയായിരുന്നു കുട്ടി. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഇപ്പോൾ വിദേശത്താണ്. ഒരു സഹോദരിയുണ്ട്. ഇപ്പോൾ നെയ്യാറ്റിൻകര നിംസിൽ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് സഹോദരി. ഒൻപത് മാസമായി പെൺകുട്ടി പനവിളയിലെ മുസ്ലിം അസോസിയേഷൻ ഹോസ്റ്റലിലാണ് കഴിയുന്നത്.നേമം അമ്പലത്ത് വിള വീട്ടിൽ അബ്ദുൾ റഹിം-റഫീക്ക ദമ്പതികളുടെ മകളാണ് ഫാത്തിമ രഹ്ന (24)

കഴിഞ്ഞ മാസം മാതാപിതാക്കൾ എത്തിയ സമയത്ത് അവർക്കൊപ്പമായിരുന്നു കുട്ടി. പിന്നീട് അവർ തിരിച്ച് പോയപ്പോൾ ആണ് തിരിച്ച് ഹോസ്റ്റലിലേക്ക് വന്നത്. പെൺകുട്ടി ഇന്നലെ ക്ലാസിന് പോയിരുന്നില്ലെന്നാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്. കുട്ടി പുറത്ത് വീണ് കിടക്കുന്ന വിവരം വഴിയാത്രക്കാരാണ് ഹോസ്റ്റൽ അധികൃതരെ അറിയിച്ചത്. ഫോൺ രേഖകൾ ലഭിച്ച ശേഷം വിശദമായി അന്വേഷിക്കുമെന്ന് കന്റോൺമെന്റെ സിഐ പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.