- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നത് ബിജെപി വാദം; ഇത് ജലീൽ ആവർത്തിക്കുന്നത് അദ്ദേഹം ബിജെപി അജണ്ട നടപ്പാക്കുന്നതിനാൽ; കെ ടി ജലീലിനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ; ജലീലിന്റെ നടപടി വ്യക്തമാക്കുന്നത് സിപിഎം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയമെന്നും വിമർശനം
തിരുവനന്തപുരം: സഹകരണ ബാങ്ക് പരാമർശത്തിൽ കെ ടി ജലീലിനെതിരെ വിമർശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ബിജെപി അജണ്ടയാണ് ലീഗിനെ തകർക്കാൻ വേണ്ടി കെ.ടി ജലീൽ ഏറ്റെടുത്തിരിക്കുന്നതെന്ന് ഫാത്തിമ തഹ്ലിയ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലുടെയായിരുന്നു തഹ്ലിയയുടെ വിമർശനം
എ.ആർ. നഗർ സഹകരണ ബാങ്ക് വിഷയത്തിൽ ഇ.ഡിയെ ജലീൽ ക്ഷണിച്ചു വരുത്തിയതിൽ നിന്നും സിപിഎം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടതെന്നും ഫാത്തിമ കുറിച്ചു.
ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വരുത്തി തീർക്കേണ്ടത് ദീർഘകാലമായുള്ള ബിജെപി അജണ്ടയാണ്. കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് ആനുകൂലമായ അഭിപ്രായ രൂപീകരണം നടത്താൻ വേണ്ടിയാണ് ഈ വാദം അവർ ഉയർത്തുന്നത്. ഈ ബിജെപി അജണ്ടയാണ് ലീഗിനെ തകർക്കാൻ വേണ്ടി കെ.ടി ജലീൽ ഏറ്റെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിൽ നിന്നും വിരുദ്ധമായി എ.ആർ നഗർ സഹകരണ ബാങ്ക് വിഷയത്തിൽ ഇ.ഡിയെ ജലീൽ ക്ഷണിച്ചു വരുത്തിയതിൽ നിന്നും സിപിഎം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനെ തള്ളി രംഗത്തെത്തിയിരുന്നു.കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയിൽ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
സഹകരണ ബാങ്കിൽ ഇഡി അന്വേഷണം സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ജലീൽ ഇത്തരമൊരാവശ്യം ഉന്നയിച്ചത് ശരിയായില്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ