- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് പൊലീസിൽ ഹിജാബും സ്കാർഫും അനുവദിക്കില്ലെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം; മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ടെന്ന് ഓർക്കണം; എതിർപ്പുമായി ഫാത്തിമ തഹ്ലിയ; ഉത്തരവ് അനുവദിക്കാനാകില്ലെന്ന് വനിതാ ലീഗും
കോഴിക്കോട്: സ്റ്റുഡന്റ് പൊലീസിൽ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മതപരമായ വസ്ത്രം ധരിക്കാവുന്ന സേനകൾ ഇന്ത്യയിലുണ്ടെന്നിരിക്കെയാണ് എസ്പി.സി കേഡറ്റിന് തലയും കൈയും മറയ്ക്കാനാകില്ലെന്ന് പറയുന്നത്. ഇന്ത്യൻ ആർമിയിലെ സിഖ് സൈനികർ മതപരമായ വസ്ത്രം ധരിക്കുന്നുണ്ട്.
എസ്പി.സിയിൽ പ്രവർത്തിക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. മതപരമായ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് എസ്പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെന്നും ഫാത്തിമ തഹ്ലിയ വിമർശിക്കുന്നു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്പി.സി കേഡറ്റിന് തലയും കൈയും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാfളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.
അതേസമയം ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെതിരെ വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും രംഗത്തുവന്നു. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ എസ്പി.സിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണു സർക്കാറിന്റെ പക്ഷം. എന്നാൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണു ഇന്ത്യൻ മതേതരത്വത്തിന്റെ അന്തസത്തയെന്ന് സുഹറ മമ്പാട് വ്യക്തമാക്കി.
വസ്ത്രത്തിലും ഭാഷയിലും ഭക്ഷണത്തിലും മതത്തിലും എല്ലാമുള്ള വൈവിധ്യങ്ങൾ ഒന്നുചേർന്ന മനോഹരമായ ഉദ്യാനമാണു ഭാരതം. റിപ്പബ്ലിക്ക് ദിന പരേഡിൽ കണ്ടതുപോലെ ഒന്നിലേക്ക് മാത്രം ചുരുക്കലല്ല 'ഹിന്ദുസ്ഥാൻ' എന്ന മഹത്തായ രാജ്യത്തിന്റെ ആശയം.ഫാഷിസ്റ്റ് സർക്കാറിന്റെ ആ രീതി കേരളത്തിലും കൊണ്ടുവരുന്നത് രാജ്യത്തിന്റെ മതേതരത്വ ആശയത്തിനു നല്ലതല്ല. ഗ്രേസ് മാർക്കും മറ്റും ലഭിക്കുന്ന എസ്പി.സിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണ്. വിശാലമായ അർഥത്തിലും ആശയത്തിലും മതേതരത്വം മനസിലാക്കാനും നടപ്പിലാക്കാനും ഭരിക്കുന്നവർ ശ്രമിക്കണം.
എസ്പി.സി യൂണിഫോമിലും സ്കൂൾ യൂണിഫോമിലും ഇത്തരം കടന്നുകയറ്റങ്ങൾ കുട്ടികളുടെ അഭിരുചികൾക്ക് വിലങ്ങുതടിയാവും. പ്രകടനപരതക്കപ്പുറത്ത് രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളാണു മതേതരത്വവും മൗലികാവകാശങ്ങളും. അതിനാൽ സർക്കാർ മൗലികാവകാശങ്ങളുടെ മേലുള്ള ഈ കടന്നു കയറ്റം പിൻവലിക്കണമെന്ന് സുഹറ മമ്പാട് ആവശ്യപ്പെട്ടു.
സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമാകുമെന്ന് സർക്കാർ
സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമാകുമെന്ന് കാണിച്ചാണ് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കുള്ളതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.
ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കുള്ളതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. വിവിധ മതവിഭാഗത്തിലുള്ളവർ സ്റ്റുഡൻസ് പൊലീസിലുണ്ട്. അതിൽ മുസ്ലിം വിഭാഗത്തിലുള്ളവർ ഉൾപ്പെടെ അമ്പത് ശതമാനം പെൺകുട്ടികളാണ്. ഇതുവരെ ഇത്തരമൊരു ആവശ്യം ഉയർന്നിരുന്നില്ല. ഒരു പെൺകുട്ടി മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അംഗീകരിക്കാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. കുറ്റ്യാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാരിനെ സമീപിക്കാനായിരുന്നു ജസ്റ്റിസ് വി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ