- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം ലീഗിനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റും; ഇ.എം.എസിന്റെ ആണഹന്തയ്ക്കെതിരെ പൊരുതിയ കെ.ആർ. ഗൗരിയാണ് എന്റെ ഹീറോ എന്ന് കുറിപ്പ് ; ഫാത്തിമ തഹ്ലിയ പ്രതികരണം ഹരിതയെ മരവിപ്പിച്ചതിന് പിന്നാലെ
തിരുവനന്തപുരം: ഹരിതയെ മരവിപ്പിച്ചതിന് പിന്നാലെ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി എംഎസ്എഫ് ദേശീയ വൈസ്പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.പാർട്ടിയിലെ പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇ.എം.എസിന്റെ ആണഹന്തയ്ക്കെതിരെ പൊരുതിയ കെ.ആർ. ഗൗരിയാണ് തന്റെ ഹീറോയെന്നാണ് തഹ്ലിയ ഫേസ്‌ബുക്കിൽ കുറിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ പ്രവർത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചത്.ഇതിന് തൊട്ടുപിന്നാലെയാണ് ഫേസ്‌ബുക്ക് പോസ്റ്റുമായി തഹ്ലിയ രംഗത്ത് വന്നത്.
കെ ആർ ഗൗരിയമ്മയുടെ പടവും പങ്കുവച്ചായിരുന്നു തഹ്‌ലിയയുടെ പ്രതികരണം. ഈ.എം.എസ് അല്ല, പാർട്ടിയിലെ പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഈ.എം.എസിന്റെ ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്റെ ഹീറോ.തഹ്‌ലിയ കുറിക്കുന്നു.
അതേസമയം ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ്, കബീർ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്.ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം ഹരിതാ നേതാക്കൾ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തീരുമാനിച്ചത്.പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.
ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.പാർട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാർട്ടി നേതൃത്വത്തിന് പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹരിതാ നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ