- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നാം വയസ്സിൽ ഖുർആൻ മന:പ്പാഠമാക്കി ഫാത്വിമ റൈഹാന; രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പരിശ്രമം വിജയം കണ്ടത് ആറാം ക്ലാസിൽ പഠിക്കവേ; മലപ്പുറം മഅ്ദിൻ അക്കാഡമിയിലെ ഫാത്വിമ റൈഹാനയ്യ് അഭിനന്ദനങ്ങളുമായി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി
മലപ്പുറം: പതിനൊന്നാം വയസ്സിൽ ഖുർആൻ പൂർണ്ണമായും മന:പ്പാഠമാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് മഅ്ദിൻ ക്യൂലാന്റ് വിദ്യാർത്ഥിനി ഫാത്വിമ റൈഹാന. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ ഈ മിടുക്കി മലപ്പുറം മഅ്ദിൻ അക്കാദമിയുടെ വനിതാ ഹിഫ്ള് ക്യാമ്പസായ ക്യൂ ലാന്റ് ഡയറക്ടർ സൈനുദ്ധീൻ നിസാമിയുടെയും അദ്ധ്യാപിക ഹാജറയുടെയും മകളാണ്.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫാത്വിമ റൈഹാന ഖുർആൻ മന:പ്പാഠമാക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചത്. ഉമ്മ തന്റെ വിദ്യാർത്ഥിനികളെ ഖുർആൻ പഠിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് ഖുർആൻ പഠനം ആരംഭിച്ചത്. ഏഴ് വയസ് പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഖുർആനിൽ നിന്നും ഒരു ജുസ്അ് മന:പ്പാഠമാക്കി. അതിനുള്ള അഭിനന്ദനമായി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സമ്മാനം നൽകി. അതോടെ ഫാത്വിമ റൈഹാനക്ക് ഖുർആൻ കൂടുതൽ പഠിക്കണമെന്ന വാശിയായി. എട്ടാം വയസ്സിൽ 10 ജുസ്അ് മന:പ്പാഠമാക്കി.
തന്റെ വലിയുപ്പ മുഹമ്മദ് കുഞ്ഞി ഹാജി സമ്മാനമായി നൽകിയ ഖുർആൻ റീഡിങ് പെൻ പാരായണത്തിന് സഹായകമായി. ഈ ലോക്ഡൗൺ കാലയളവിലും ഖുർആൻ പഠനം തുടർന്ന റൈഹാന തന്റെ ലക്ഷ്യം പൂർത്തീകരിച്ച് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബറാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളെ ഓതിക്കേൾപ്പിച്ചു.
രണ്ട് വർഷം മുമ്പ് ദുബൈയിൽ നടന്ന ശൈഖ് ഫാത്തിമ ബിൻത് മുബാറക് ഇന്റർനാഷണൽ ഹോളി ഖുർആൻ മത്സരം നേരിട്ട് വീക്ഷിക്കാൻ അവസരം ലഭിച്ച ഫാത്വിമ റൈഹാനക്ക് അതൊരു വലിയ പ്രചോദനമായി.
ഖുർആനിനോടുള്ള അമിതമായ താൽപര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് പതിനൊന്ന് വയസ്സായപ്പോഴേക്കും ഖുർആൻ പൂർണ്ണമായും മന:പ്പാഠമാക്കാൻ പ്രേരിപ്പിച്ചത്. അദ്ധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയുമാണ് ഫാത്വിമാ റൈഹാനക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. നന്നായി ചിത്രം വരക്കുന്നതോടൊപ്പം ലോക പ്രശസ്തരായ ഖുർആൻ പണ്ഡിതരുടെ പാരായണ ശൈലി കേൾക്കലും ബുർദ ആലാപനവുമാണ് പ്രധാന വിനോദങ്ങൾ. ഖുർആൻ മനപാഠമുള്ള ഡോക്ടറാകാനാണ് ഫാത്വിമ റൈഹാനയുടെ ആഗ്രഹം.
മഅ്ദിൻ അക്കാദമിക്ക് കീഴിൽ മഞ്ചേരി പുൽപ്പറ്റയിൽ പ്രവർത്തിക്കുന്ന മഅ്ദിൻ ക്യൂ ലാന്റിൽ ഖുർആൻ-മദ്റസ പഠനത്തോടൊപ്പം മഅ്ദിൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി കൂടിയാണ് ഫാത്വിമ റൈഹാന. മദ്റസാ സ്കൂൾ പഠനങ്ങളിൽ ഏറെ മികവ് തെളിയിച്ച ഈ മിടുക്കി നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ.എ.എം.ഇ ജില്ലാ തല കെജിഫെസ്റ്റിൽ കലാതിലക പട്ടവും നേടിയിട്ടുണ്ട്. മുഹമ്മദ് തമീം, ആയിശ എന്നിവർ സഹോദരങ്ങളാണ്.
പതിനൊന്നാം വയസ്സിൽ ഖുർആൻ ഹൃദ്യസ്ഥമാക്കി അപൂർവ്വ നേട്ടം കൈവരിച്ച ഫാത്തിമ റൈഹാനയെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ക്യൂ ലാന്റ് സുപ്രീം കൗൺസിൽ ചെയർമാൻ മൊയ്തീൻ മുസ്ലിയാർ പള്ളിപ്പുറം, മഅ്ദിൻ അക്കാദമിക് ഡയറക്ടർ നൗഫൽ മാസ്റ്റർ കോഡൂർ എന്നിവർ അഭിനന്ദിച്ചു.