- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ടി. ജലീലിന്റേത് മുസ്ലിം സമുദായത്തെ സുന്നി- സുന്നിയിതര രീതിയിൽ തമ്മിലടിപ്പിക്കുന്ന കുതന്ത്രം; ലീഗ് വിരോധത്തിന് അപ്പുറം യാതൊരു രാഷ്ട്രീയവും പറയാനില്ല; ജലീൽ സമുദായത്തിന് ബാധ്യതയെന്നും ഫാത്തിമ തഹ്ലിയ
കോഴിക്കോട്: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം ലീഗ് നിലപാടിനെതിരെ രംഗത്തെത്തിയ മുൻ മന്ത്രി കെ.ടി. ജലീലിനെ രൂക്ഷമായി വിമർശിച്ച് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാർകാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീൽ പയറ്റുന്നതെന്ന് അവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്ലിയയുടെ പ്രതികരണം.
വിഭിന്നമായ ആദർശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ മുസ്ലിം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നതെങ്കിൽ മുസ്ലിം സമുദായത്തെ സുന്നി- സുന്നിയിതര എന്ന രീതിയിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി. ജലീൽ നടത്തിപ്പോരുന്നതെന്ന് അവർ പറഞ്ഞു.
ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ.ടി. ജലീൽ സമുദായത്തിന് ബാധ്യതയായി മാറുകയാണെന്നും അവർ കൂട്ടിച്ചേർത്തു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട ലീഗ് നിലപാടിനെതിരെ കെ.ടി. ജലീൽ രംഗത്തെത്തിയ സാഹചര്യത്തിൽ കൂടിയാണ് തഹ്ലിയയുടെ വിമർശനം എന്നതും ശ്രദ്ധേയമാണ്.
സമസ്തയിലെ തന്നെ ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കൾ മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം എന്നതായിരുന്നു വിഷയത്തിൽ കെ.ടി. ജലീൽ പ്രതികരിച്ചിരുന്നത്.
അതേസമയം, വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് വാശിയില്ലെന്നും വിഷയത്തിൽ വിശദമായ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിയമനം പിഎസ്.സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശുപ്രതീക്ഷയുണ്ടെന്നും നിയമം റദ്ദാക്കണമെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു.
വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സർക്കാറിന്റെ പിന്മാറ്റം. നിയമസഭ ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം നവംബർ 9ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പിന്നോട്ടില്ലെന്ന് ഇതുവരെ ആവർത്തിച്ച മുഖ്യമന്ത്രി സമസ്തയുമായുള്ള ചർച്ചക്ക് ശേഷം ഇറക്കിയ വാർത്താകുറിപ്പിൽ സർക്കാറിന് പിടിവാശിയില്ലെന്ന് വ്യക്തമാക്കി.
പിഎസ് സി നിയമനത്തിൽ വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ല എന്നും പ്രത്യേകം വിശദീകരിക്കാനും സർക്കാർ ശ്രമിക്കുന്നു. സംയുക്ത സമര സമിതിയിൽ നിന്നും സമസ്തയെ മാത്രമായി ക്ഷണിച്ചാണ് തീരുമാനത്തിൽ നിന്നുള്ള പിന്നോട്ട് പോകൽ സർക്കാർ പ്രഖ്യാപിച്ചത്.
ന്യൂസ് ഡെസ്ക്