ഗ്രെൻഫെൽ ടവർ അഗ്‌നിബാധയിൽ രാജ്യമാകമാനം നടുങ്ങി വിറച്ചിരിക്കുകയാണല്ലോ.17 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും ചുരുങ്ങിയത് 150 പേരെങ്കിലും മരിച്ചിരിക്കാമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ഈ ഫ്ലാറ്റ് സമുച്ചയത്തിന്റെ നാലാം നിലയിൽ തമ്പടിച്ചിരുന്ന എത്യോപ്യക്കാരനായ ടാക്സി ഡ്രൈവറുടെ ഫ്രിഡ്ജാണ് ഈ കൂട്ടമരണത്തിന് കാരണമായതെന്ന ആശങ്ക ശക്തമാകുന്നുണ്ട്. ഫ്രിഡ്ജിൽ നിന്നും കത്തിപ്പടർന്ന തീ 15 മിനുറ്റ് കൊണ്ട് 27 നിലകളെയും വിഴുങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഫ്രിഡ്ജാണ് അഗ്‌നിബാധയുടെ ഉറവിടമെന്നത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബെഹെയ്ലു കെബെഡെ എന്നാണീ എത്യോപ്യക്കാരന്റെ പേരെന്നും ഇയാൾക്ക് ഒരു കുട്ടിയുണ്ടെന്നും നാലാം നിലയിലെ 16ാം നമ്പർ ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ ഫ്ലാറ്റിൽ നിന്നും തീ ഉയർന്നുവെന്ന മുന്നറിയിപ്പ് കെബെഡെ ഉയർത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. തന്റെ അടുക്കളയിൽ നിന്നും തീ ഉയർന്നിട്ടുണ്ടെന്ന് കെബെഡെ തന്റെ വാതിലിൽ മുട്ടി വിളിച്ച് മുന്നറിയിപ്പേകിയിരുന്നുവെന്ന് അയൽക്കാരിയും നാലാം നിലയിലെ 16ാം നമ്പർ ഫ്ലാറ്റിലെ താമസക്കാരിയുമായ മേരിആൻ ആദം വെളിപ്പെടുത്തുന്നു. അപ്പോൾ പുലർച്ചെ ഒരു മണിക്കടുത്തായിരുന്നു സമയമെന്നും മേരി ആൻ ഓർക്കുന്നു.

കെബെഡെയുടെ അടുക്കളയിൽ നിന്നും ചെറിയ തോതിൽ തീ ഉയരുന്നത് തുറന്നിട്ട വാതിലിലൂടെ താൻ കണ്ടിരുന്നുവെന്നും മേരി ആൻ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവിടെ ഫയർ അലാറമില്ലാതിരുന്നതിനാൽ മുന്നറിയിപ്പുകളൊന്നും ഉയർന്നിരുന്നില്ല. തീപിടിത്തത്തെ തുടർന്ന് കെബെഡെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ടുവെന്നാണ് അയാളുടെ സുഹൃത്തായ എഷ്റ്റെ മെരിഡ് വെളിപ്പെടുത്തുന്നത്. എന്നാൽ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും കെബെഡെ മോചിതനായിട്ടില്ല. തീപിടിച്ചതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കെബെഡെ ഉയർത്തുന്നത് താനും കേട്ടിരുന്നുവെന്നാണ് മെരിഡ് പറയുന്നത്.

കെബെഡെയ്ക്ക് പരുക്കൊന്നും പറ്റിയിട്ടില്ലെന്നും എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ഒന്നും പറയാനാകുന്ന മാനസികാവസ്ഥയിൽ അല്ല തന്റെ സുഹൃത്തെന്നും മെരിഡ് വെളിപ്പെടുത്തുന്നു. കെബെഡെ പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് മറ്റൊരു സുഹൃത്ത് പറയുന്നത്. അപകടസൂചന തിരിച്ചറിഞ്ഞ മേരി ആൻ തന്റെ ഫോൺ അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ പോലും എടുക്കാതെയാണ് പുറത്തിറങ്ങി രക്ഷപ്പെട്ടത്. വെപ്രാളത്തിനിടയിൽ അയൽ ഫ്ലാറ്റുകളിലുള്ളവരോട് വിവരം പറയാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. തലകറക്കമനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ചെൽസിയ ആൻഡ് വെസ്റ്റ് മിൻസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.

150 പേരുടെ ജീവനെടുത്ത അഗ്‌നി തന്റെ അടുക്കളയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടത് കണ്ടതിന്റെ ആഘാതം എമർജൻസി അക്കമൊഡേഷനിൽ കഴിയുന്ന കെബെഡെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതലൊന്നും വിശദീകരിക്കാനാവാതെ അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു. കെബെഡെയുടെ ഫ്ലാറ്റിൽ നിന്നാണ് അഗ്‌നിബാധയുടെ ഉത്ഭവം എന്നതിനെ ക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് വക്താവ് പറയുന്നത്. അഗ്‌നിബാധയുണ്ടാകുമ്പോൾ 400 പേരെങ്കിലും ഈ ടവറിൽ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.