മാലെ: നമ്പിനാരായണൻ ആരെന്ന് അറിയില്ലെന്നും ആ പേരു പോലും കേട്ടിട്ടില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ. ക്രരൂരമായ പൊലീസ് മുറയിൽ പിടിച്ച് നിൽക്കാനാവാതെ താൻ ആ പേര് പറയുകയായിരുന്നെന്നും ഫൗസിയാ ഹസന്റെ വെളിപ്പെടുത്തൽ. മനോരമ ആഴ്‌ച്ചപ്പതിപ്പാണ് വിവാദമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ഭീഷണിപ്പെടുത്തി പറയിക്കുകയായിരുന്നെന്നും ഫൗസിയ മനോരമ ആഴ്‌ച്ച പതിപ്പിനോട് വെളിപ്പെടുത്തി. ഐഎസ്ആർഒ ചാരവൃത്തിക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും മാധ്യമങ്ങളിൽനിന്ന് അകന്നുകഴിയുകയായിരുന്നു ഇത്രയും വർഷം. അതേസമയം, പഴയ കേസിന്റെ കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്നും കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനിൽ കേസ് കൊടുക്കുമെന്നും മറിയം റഷീദ അറിയിച്ചു.

നമ്പിനാരായണന്റെ ആത്മകഥയിൽ പറയുന്നതു പോലെയുള്ള കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ഫൗസിയയും വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് പറയുന്നതെല്ലാം സമ്മതിച്ചില്ലെങ്കിൽ 14 വയസ്സുള്ള മകളെ മുന്നിൽക്കൊണ്ടു വന്ന് മാന ഭംഗം ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പൊലീസ് പറഞ്ഞ കള്ളക്കഥകളെല്ലാം സമ്മതിക്കേണ്ടി വന്നതെന്നും ഫൗസിയ. നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമൺ ശ്രീവാസ്തവയെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞു.

'ഓർമകളുടെ ഭ്രമണപഥം' എന്ന ആത്മകഥയിൽ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നതാണു ഫൗസിയയുടെ വെളിപ്പെടുത്തൽ. ഭീഷണിപ്പെടുത്തി പേരു പറയിച്ചതാണെന്നു പൊലീസ് വാഹനത്തിൽ വച്ചു മറിയം റഷീദ പറഞ്ഞതായി നമ്പി നാരായണൻ ആത്മകഥയിൽ പറയുന്നു. നമ്പി നാരായണൻ എന്ന പേരു വ്യക്തമായി പറയാൻ പോലും കഴിഞ്ഞില്ലെന്നും കുറ്റസമ്മത വിഡിയോ പകർത്തുന്നതിനിടെ പേര് എഴുതിക്കാണിച്ചു വായിപ്പിക്കുകയായിരുന്നെന്നും മറിയം പറഞ്ഞതായി പുസ്തകത്തിലുണ്ട്. എന്നാൽ, ചാരക്കേസിൽ സത്യമുണ്ടായിരുന്നെന്നും ഭീഷണിപ്പെടുത്തി പറയിച്ചതല്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് 'നിർഭയം' എന്ന ആത്മകഥയിൽ പറയുന്നത്.

പതിനാലു വയസ്സുകാരിയായ മകളെ മുന്നിൽ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ചോദ്യംചെയ്യലിൽ ഉദ്യോഗസ്ഥർ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയിൽ മോചിതയായ ശേഷം, കേരള പൊലീസിനും ഐബിക്കും എതിരെ കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയിൽ ബിസിനസ് ആവശ്യത്തിനെത്തിയ മകൻ നാസിഫ് താമസിച്ച ഹോട്ടലിൽ ഐബി ഉദ്യോസ്ഥർ എത്തി കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി. തുടർന്നു കേസ് മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ലെന്നു മാലെയിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നും ഫൗസിയ പറഞ്ഞു. പല ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കേണ്ടി വരുന്ന ബന്ധുക്കളോടു പൊലീസ് മോശമായി പെരുമാറുമോ എന്നു ഭയന്നാണു കേസ് പിൻവലിച്ചതെന്നും ഫൗസിയ പറഞ്ഞു.