ടൊറന്റോ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സദ് വാർത്തയുമായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ജോൺ മക്കല്ലം. ഇക്കണോമിക്, ഫാമിലി ക്ലാസ് കുടിയേറ്റക്കാരുടെ പ്രോസസിങ് സമയം പെട്ടെന്നാക്കാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് പദ്ധതിയിടുന്നതായാണ് ജോൺ മക്കല്ലം വെളിപ്പെടുത്തിയത്.

ഫാമിലി ക്ലാസിനു കീഴിൽ കാനഡയിലേക്ക് കുടിയേറുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കുമെന്നും ഇതു സംബന്ധിച്ചുള്ള മാറ്റങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ സെമി, ഫ്യൂവർ സ്‌കിൽഡ്‌  ഇമിഗ്രന്റ്‌സിന്റെ നടപടി ക്രമങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയ്ക്കായി സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും ഇത് വിദേശ വിദ്യാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് കൂടുതൽ സൗകര്യമുളവാക്കുന്നതാണെന്നും ജോൺ മക്കല്ലം വ്യക്തമാക്കി.

കാനഡ ഇമിഗ്രേഷൻ നിയമങ്ങളിൽ അടുത്ത കാലത്തു വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാണെന്നും വിലയിരുത്തപ്പെടുന്നു. കാനഡയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും ഇതേ തരത്തിൽ വിസാ സർവീസുകൾ പെട്ടെന്ന് ചെയ്തു കൊടുക്കപ്പെടുന്നുണ്ട്. മിക്കവർക്കും മൾട്ടിപ്പിൾ എൻട്രി വിസയാണ് അനുവദിക്കുന്നത്. ഇത് യാത്ര സുഗമമാക്കാനും പ്രോസസിങ് സമയം ചുരുക്കാനും സാധിക്കുന്നുണ്ട്.

കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കും പുതിയ പരിഷ്‌ക്കരണം ഏറെ ഗുണം ചെയ്യുന്നുണ്ട്. വിദ്യാർത്ഥികൾക്ക് കാനഡയിൽ സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള കാലാവധിയിൽ മാറ്റം വരുത്തിയതാണ് ഇതിൽ പ്രധാനപ്പെട്ടത്. പഠിക്കുന്നതിനായി ഇവിടെ താമസിച്ച കാലയളവ് സിറ്റിസൺഷിപ്പിനായി പരിഗണിക്കുമെന്നാണ് പുതിയ പരിഷ്‌ക്കാരം. പഠനാർഥം കാനഡയിൽ ചെലവഴിച്ച കാലയളവിൽ 50 ശതമാനം പൗരത്വത്തിന് പരിഗണിക്കാനാണ് തീരുമാനം. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണെങ്കിൽ സിറ്റിസൺഷിപ്പ് അപേക്ഷയ്ക്കുള്ള ഫിസിക്കൽ സ്റ്റേ കാലാവധി ചുരുക്കിയിട്ടുമുണ്ട്.