കൊച്ചി: ഫസൽ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജി കൊച്ചി സിബിഐ കോടതി തള്ളി. കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നും സിബിഐ കോടതി വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് അബ്ദുൾ സത്താർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും കോടതിയുടെ പരിഗണനയിൽ വന്നു.

താൻ ഉൾപ്പെടെയുള്ള ആർഎസ്എസിന്റെ നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് സുബീഷ് മൊഴി നൽകിയിരുന്നു.

ഷിനോജ്, പ്രമീഷ്, പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മോഹനൻ വധക്കേസിലെ കുറ്റസമ്മതമൊഴിയിലും ഒന്നരവർഷം മുമ്പ് നടത്തിയ ഈ സംഭാഷണത്തിലും ഫസലിനെ വധിച്ചത് ആർഎസ്എസ് ആണെന്ന് സുബീഷ് പറയുന്നുണ്ട്.

എന്നാൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനുമുൾപ്പെടെ ഏട്ടുപേരാണ് കേസിലെ പ്രതികളാണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.