തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതു മുതൽ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് ദേവികുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ. എം എം മണിയുടെ വിവാദ പ്രസ്താവനയോടെ ശ്രീരാമിനോടുള്ള സ്‌നേഹം സോഷ്യൽ മീഡിയക്ക് കൂടുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ശ്രീരാമിന്റെ സഹപാഠിയായ ഫസൽ റഹ്മാന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. സുഹൃത്തിനുള്ള പത്തു കൽപ്പനകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അഞ്ചര വർഷക്കാലത്തോളം ശ്രീറാമിന്റെ സഹപാഠിയായിരുന്ന ഫസൽ റഹ്മാനാണ് നിന്നെപ്പോലൊരു ഓഫീസറെ സിനിമയലിലല്ലാതെ കേരളജനത അർഹിക്കുന്നില്ലെന്ന് ഉപദേശിച്ചത്. കയ്യേറി നാട്ടിയ കുരിശ് നീക്കിയതിൽ സത്യ ക്രിസ്ത്യാനികൾക്കില്ലാത്ത മതവികാരവും പറഞ്ഞ് ഇരട്ടച്ചങ്കനും ഹൃദയപക്ഷവും പ്രതിപക്ഷവും ജോയിന്റ് ആയ ഈ സാഹചര്യത്തിൽ നീ പൊളിക്കണ്ട ബ്രോ എന്ന് ഫസൽ റഹ്മാൻ പോസ്റ്റിൽ പറയുന്നു. നീ പൊളിക്കണ്ട ബ്രോ എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയ്നും ഒപ്പം ആരംഭിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യവും വിമർശനവും കലർന്ന ഭാഷയാണ് കുറിപ്പിന്.

ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയിട്ടും സിവിൽ സർവീസിന്റെ കേരളകേഡർ തെരഞ്ഞെടുത്തത് അബദ്ധമായെന്ന് ഓർക്കണം. വിദ്യാഭ്യാസത്തിന് അനുസരിച്ച് ലഭിക്കേണ്ടതിന്റെ നാലിലൊന്ന് ശമ്പളത്തിനാണ് ഇപ്പോഴത്തെ ജോലി ചെയ്യുന്നത്. ശമ്പളം തരുന്നവർ ആഗ്രഹിക്കുന്നതിലധികം ആത്മാർത്ഥ കൊടുത്ത് സർക്കാരിനെ വട്ടം കറക്കരുത്. സവർണഹിന്ദുപേരും വെച്ച് ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മറ്റൊന്നിലും തൊടാനുള്ള അവകാശം കേരളത്തിലെ മതേതര പൊതുപോധം വളർന്നിട്ടില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫസൽ റഹ്മാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

Sriram Venkitaraman ന് 5 1/2 വർഷം കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ 10 കൽപ്പനകൾ.
കയ്യേറി നാട്ടിയ കുരിശ് നീക്കിയതിൽ സത്യ ക്രിസ്ത്യാനികൾക്കില്ലാത്ത മതവികാരവും പറഞ്ഞ് ഇരട്ടച്ചങ്കനും ഹൃദയപക്ഷവും പ്രതിപക്ഷവും ജോയിന്റ് ആയ ഈ സാഹചര്യത്തിൽ....

#നീപൊളിക്കണ്ടബ്രോ
1. പല കൊമ്പന്മാർ പലതവണ പരാജയപ്പെട്ടതാണ് ഈ മൂന്നാർ ദൗത്യം. നീ അവരേക്കാൾ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണെന്നറിയാം.പക്ഷെ ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടികേറ്റിക്കളിച്ച് നല്ല പരിചയമുള്ളവരാണ് നിന്റെ മുകളിൽ കസേരയിട്ടിരിക്കുന്നതെന്ന് നീ ഓർക്കണം.

2.All india ലെവലിൽ 2ിറ റാങ്ക് നേടിയിട്ടും, ചങ്ക് പറിച്ച് കൊടുത്താലും ചെമ്പരത്തിയെന്ന് പറഞ്ഞ് ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തിൽ തായം കളിക്കാൻ, സിവിൽ സർവീസിന്റെ കേരള കേഡർ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓർത്തെടുക്കണം.

3.MBBS Dw PG യും (അതുംMD general medicine) കഴിഞ്ഞാൽ നിനക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റെ നാലിലൊന്നിനാണ് നീജോലി ചെയ്യുന്നത്. അപ്പോ ശമ്പളം നൽകുന്നവർ ആഗ്രഹിക്കുന്നതിലുമപ്പുറം ആത്മാർത്ഥത കൊടുത്ത് നീ അവരെ വട്ടം കറക്കരുത്.

4.Srearamvenkitaraman എന്ന ഈ സവർണ്ണ ഹിന്ദു പേരും വെച്ച് വല്ല ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മുസ്ലിം ജാറമോ ക്രിസ്ത്യൻ കുരിശോ തൊടാൻ പോലുമുള്ള അവകാശം തരാനും മാത്രം വളർന്നിട്ടില്ല കേരളത്തിന്റെ മതേതര പൊതുബോധം ഇപ്പോഴും.

5. കോളേജ് ടീമിലെ ഇടങ്കൈയൻ ഫാസ്റ്റ് ബൗളർ ആയിരുന്നപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് തന്നെ വേണം, അതും ബൗൾഡ് ആക്കണം എന്ന മോഹങ്ങളൊക്കെ മാറ്റിവെച്ച് സ്വാതന്ത്ര്യ സമര സേനാനിക്ക് പെൻഷൻ കൊടുക്കുക, വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാൽ ബിരിയാണി തുടങ്ങിയ കൈയടി മാത്രം കിട്ടുന്ന ഐറ്റങ്ങളിൽ കൂടി നീ ശ്രദ്ധിക്കണം.

6. കക്കാൻ പഠിച്ചാൽ പോര നിൽക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ജീവൻ പോയാലും നീ കക്കില്ലെന്നറിയാം.പക്ഷെ കട്ടിട്ടില്ലെങ്കിലും നിൽക്കാൻ പഠിക്കണം എന്ന ഒരു പുതു ചൊല്ല് കൂടി മനസിൽ വെക്കണം.

7. നമ്മുടെ ബാച്ചിലെ 200 ൽ 190 പേരും കല്യാണമൊക്കെ കഴിച്ച് കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുമ്പോൾ നീ മാത്രമിങ്ങനെ most eligible bacheor ആയി സുഖിച്ച് ജീവിക്കാതെ ഒരു കല്യാണമങ്ങ് കഴിച്ചേക്കണം. അപ്പോ നാട് നന്നാക്കിയേ അടങ്ങൂ എന്ന ആവേശമൊക്കെ താനെ കെട്ടടങ്ങിക്കോളും.

8.പൊളിക്ക് ബ്രോ എന്ന് ഹാഷ് ടാഗിടുന്ന ഞാനടക്കമുള്ള അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളിൽ നീ വീഴില്ലെന്നറിയാമെങ്കിലും
ഇതിലും നല്ല വിഷയം കിട്ടിയാൽ ഞങ്ങ ഞങ്ങടെ വഴിക്ക് എപ്പ പോയെന്ന് ചോദിച്ചാൽ മതി.

9. കൈയൊടിക്കും കാലൊടിക്കും എന്ന് നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഭീഷണിപ്പെടുത്തുന്ന പൊളിറ്റിക്കൽ പിമ്പുകളോട്, ഹോസ്റ്റൽ മുറിയിലെ ആ പഴയ കൈലി മുണ്ടിനെ മനസ്സിൽ ധ്യാനിച്ച്, 'ഇനിയും ചൊറിയാൻ വന്നാൽ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട് മാടിക്കുത്താനുമറിയാം ഈ ജോസഫ് അലക്‌സിന് ' എന്നങ്ങ് കാച്ചി വിട്ടേക്ക്.

10. നിന്നെപ്പോലെ ആത്മാർത്ഥതയും ആവേശവും ആർജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയിൽ കാണുമ്പോൾ കൈയടിക്കാനും ആർപ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അർഹിക്കുന്നില്ല ബ്രോ.
അതുകൊണ്ട് തന്നെ
#ഇനിനീപൊളിക്കണ്ടബ്രോ
സസ്‌നേഹം അബൂദാബിയിൽ നിന്നൊരു കൂട്ടുകാരൻ.