- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗവല്ലിയുടെ ശബ്ദം ഡബ്ബ് ചെയ്ത ദുർഗയുടെ മാത്രമല്ല ജി വേണുഗോപാലിന്റെ പേര് വിട്ടുപോയി; ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തേണ്ടെന്ന് സംവിധായകൻ ഫാസിൽ
കൊച്ചി: മണിച്ചിത്രത്താഴ് സിനിമയിൽ തമിഴ് ഡബ്ബിങ് ആർടിസ്റ്റ് ദുർഗയുടെ പേര് ടൈറ്റിൽ നൽകാതെ പോയതിന്റെ കാരണം വിശദീകരിച്ച് സംവിധായകൻ ഫാസിൽ രംഗത്ത്. ഇക്കാര്യത്തിൽ ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് അദ്ദേഹം ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. നാഗവല്ലിയുടെ ശബ്ദം ഡബ്ബ് ചെയ്തത് ദുർഗ തന്നെയാണ്. എന്നാ
കൊച്ചി: മണിച്ചിത്രത്താഴ് സിനിമയിൽ തമിഴ് ഡബ്ബിങ് ആർടിസ്റ്റ് ദുർഗയുടെ പേര് ടൈറ്റിൽ നൽകാതെ പോയതിന്റെ കാരണം വിശദീകരിച്ച് സംവിധായകൻ ഫാസിൽ രംഗത്ത്. ഇക്കാര്യത്തിൽ ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് അദ്ദേഹം ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. നാഗവല്ലിയുടെ ശബ്ദം ഡബ്ബ് ചെയ്തത് ദുർഗ തന്നെയാണ്. എന്നാൽ ദുർഗയുടെ മാത്രമല്ല, സിനിമയിൽ ഒരു ഗാനം ആലപിച്ച വേണുഗോപാലിന്റെയും പേര് നൽകിയിട്ടില്ലെന്ന് ഫാസിൽ പറഞ്ഞു.
അവസാനനിമിഷമാണ് ദുർഗയെ നാഗവല്ലി എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനായി ക്ഷണിക്കുന്നത്. അപ്പോഴേക്കും ടൈറ്റിൽ വർക്കുകളെല്ലാം കഴിഞ്ഞിരുന്നു. അന്നത്തെ കാലഘട്ടത്തിൽ അവസാനനിമിഷം ടൈറ്റിൽ മാറ്റൊനൊന്നും സാധിക്കുമായിരുന്നില്ല. ദുർഗയ്ക്ക് മാത്രമല്ല വേണുഗോപാലിനും ടൈറ്റിൽ നൽകിയിട്ടില്ലെന്നും ഫാസിൽ പറഞ്ഞു.
നാഗവല്ലിയുടെ ശബ്ദം നൽകിയത് ദുർഗയാണെന്ന് മനോരമ ആഴ്‌ച്ചപതിപ്പിലെ ഓർമപൂക്കൾ എന്ന പംക്തിയിലൂടെ 23 വർഷങ്ങൾക്കു ശേഷമാണ് ഫാസിൽ ഈ സത്യം വെളിപ്പെടുത്തുന്നത്. ആദ്യം ഭാഗ്യലക്ഷ്മി തന്നെയായിരുന്നു ഡബ്ബ് ചെയ്തത് എന്നാൽ പിന്നീട് മറ്റൊരു സംവിധായകന്‌റെ നിർദേശപ്രകാരം ദുർഗയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുകയായിരുന്നു. ഈ വിവരം ഭാഗ്യലക്ഷ്മിക്ക് അറിയില്ലായിരുന്നു എന്നാണ് ഫാസിൽ എഴുതിയത്. എഴുതിക്കഴിഞ്ഞ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഫാസിൽ വ്യക്തമാക്കി.
അന്ന് സംഭവിച്ചതിനെ കുറിച്ച് ഫാസിൽ പറയുന്നത് ഇങ്ങനെ: അവസാന നിമിഷമാണ് നാഗവല്ലിയുടെ ഭാഗം ഡബ്ബ് ചെയ്യാനായി ദുർഗയെ വിളിക്കുന്നത്. റീ റെക്കോർഡിങ് ഒക്കെ നടക്കുന്ന ഘട്ടമാണ്. തമിഴിൽ നിന്നുള്ളവരും അന്ന് കൂടെയുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയാണ് ശോഭനയുടെ ഗംഗ എന്ന കഥാപാത്രത്തിനും നാഗവല്ലിക്കും ഡബ്ബ് ചെയ്ത് വച്ചിരുന്നത്. അക്കൂട്ടത്തിൽ തമിഴിൽ നിന്നുള്ളവരാണ് നാഗവല്ലിയുടെ സംഭാഷണം മലയാളച്ചുവയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ തന്നെ നാഗവല്ലിയുടെ സംഭാഷണം വന്നാൽ അത് ഗംഗ തന്നെയാണെന്ന് തിരിച്ചറിയില്ലേ എന്നും ചിലർ ചോദിച്ചു. എല്ലാം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ദുർഗയെ വച്ച് വേഗം മാറ്റി ഡബ്ബ് ചെയ്യുന്നത്. അപ്പോഴേക്കും ടൈറ്റിൽ കാർഡുകളെല്ലാം പോയിക്കഴിഞ്ഞിരുന്നു. മിക്‌സിംഗിന് തൊട്ടുമുമ്പായതിനാൽ ടൈറ്റിലിൽ ദുർഗയുടെ പേര് ഉൾപ്പെടുത്താനും സാധിച്ചില്ല.
ഇതേക്കുറിച്ച് ഭാഗ്യലക്ഷ്മിയും അറിഞ്ഞു കാണണമെന്ന് ഇല്ലെന്നും ഫാസിൽ പറഞ്ഞു. ഭാഗ്യലക്ഷ്മിയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ടതില്ല. ആദ്യം ഉപയോഗിച്ചിരുന്നത് ഭാഗ്യലക്ഷ്മിയുടെ ശബ്ദമായതിനാൽ അവർ സ്വന്തം ശബ്ദത്തിലാണെന്ന് കരുതിക്കാണണം. ഭാഗ്യലക്ഷ്മി അങ്ങനെ തന്നെ ധരിച്ച് വയ്ക്കുകയായിരുന്നുവെന്നും ഫാസിൽ പറഞ്ഞു.
ജി വേണുഗോപാൽ പാടിയ ഒരു നാടൻപാട്ടും സിനിമയിൽ ഉൾപ്പെടുത്താതെ പോയിരുന്നുവെന്നും ഫാസിൽ വെളിപ്പെടുത്തി. അക്കുത്തിക്കുത്താനക്കൊമ്പിൽ കൊത്തങ്കല്ലെന്നാടിപ്പാടി എന്ന് തുടങ്ങുന്നതായിരുന്നു ആ പാട്ട്. നാടൻ ഈണത്തിലായിരുന്ന ഗാനം. ഈ പാട്ട് സിനിമയിൽ അനിവാര്യവുമായിരുന്നു. പക്ഷേ സമയക്കുറവ് കാരണം ഗാനം ഷൂട്ട് ചെയ്യാൻ പറ്റിയില്ല. ഗംഗ കുട്ടിക്കാലത്ത് പോകുന്ന കുറേ വിഷ്വൽസൊക്കെ ഈ പാട്ടിൽ വരേണ്ടതായിട്ടും ഉണ്ട്. ജി. വേണുഗോപാലും എം.ജി രാധാകൃഷ്ണനുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഷൂട്ട് ചെയ്യാതത്തതിനാൽ ആ പാട്ട് ഞങ്ങൾ മാറ്റി വച്ചു. അവസാനം സിനിമയുടെ ടൈറ്റിൽ മ്യൂസിക് എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഈ പാട്ടിന്റെ കാര്യം ഓർമ്മ വന്നത്. അങ്ങനെ ഈ പാട്ട് ടൈറ്റിൽ സോംഗ് ആക്കാൻ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും മിക്‌സിംഗും കഴിഞ്ഞ് ടൈറ്റിലുകളൊക്കെ പൂർത്തിയായതിനാൽ പാടിയവരുടെ കൂട്ടത്തിൽ വേണുഗോപാലിന്റെയും എം.ജി രാധാകൃഷ്ണന്റെയും പേര് ചേർക്കാൻ കഴിഞ്ഞില്ല.- ഫാസിൽ വ്യക്താമാക്കി.