മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമക്ക് ആ പേര് വന്നത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ഫാസിൽ. ബിച്ചു തിരുമലയുടെ വരികളിൽ നിന്നാണ് സിനിമക്ക് ആ പേര് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ പേരിനു പിന്നിലെ കഥ പറഞ്ഞത്. ഇളം പൂക്കൾ എന്നായിരുന്നു ആദ്യം സിനിമയുടെ പേരെന്ന് ഫാസിൽ വെളിപ്പെടുത്തി. പിന്നീട് ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ച വരികളിൽ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ എന്നുണ്ടായിരുന്നുവെന്നും അതിൽ നിന്നാണ് ടൈറ്റിൽ മാറിയതെന്നും സംവിധായകൻ ഓർക്കുന്നു.

ആ വരികൾ എഴുതാൻ കാരണമായ സംഭവം തന്നോട് ബിച്ചു പറഞ്ഞുവെന്നും ഫാസിൽ പറയുന്നു. ‘ബിച്ചു ഈ ഗാനത്തിന്റെ വരികൾ ആലോചിച്ച് പ്രഭാതസവാരി നടത്താറുണ്ടായിരുന്നു. അദ്ദേഹം ആലപ്പുഴയിൽ കനാലിന്റെ തീരത്തുകൂടി കടന്ന് പോയപ്പോൾ മഞ്ഞിങ്ങനെ വീണു കിടക്കുന്നതായി തോന്നി. അത് മനസ്സിൽ കണ്ടാണ് ബിച്ചു ആ വരികൾ എഴുതിയത്', ഫാസിൽ പറയുന്നു. മഞ്ഞിൽ പൂക്കൾ വിരിയാറില്ലെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും സിനിമയ്ക്ക് അതേ പേര് മതിയെന്ന് അപ്പോൾ തന്നെ തീരുമാനിച്ചുവെന്നും ഫാസിൽ പറഞ്ഞു. സിനിമയിലെ പ്രേമും പ്രഭയും മഞ്ഞിൽ വിരിഞ്ഞ പൂക്കളായിരുന്നുവെന്നും അതുകൊണ്ട് അവരുടെ ജീവിതത്തിന് ഒരു വസന്തമുണ്ടായിരുന്നില്ലെന്നും ഫാസിൽ കൂട്ടിച്ചേർത്തു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ നാൽപ്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. മോഹൻലാലിന്റെ ആദ്യ സിനിമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ശങ്കർ നായകനായും മോഹൻലാൽ വില്ലനായുമാണ് ചിത്രത്തിൽ എത്തിയത്. നാൽപത് വർഷങ്ങൾക്ക് മുൻപ് ഒരു ക്രിസ്തുമസ് ദിനത്തിലാണ് മോഹൻലാൽ എന്ന നടനെ മലയാളികൾ ആദ്യം സ്‌ക്രീനിൽ കാണുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ പിറന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിലായിരുന്നു മോഹൻലാൽ അഭിനയിച്ചത്. മോഹൻലാലിനൊപ്പം നായിക വേഷത്തിലെത്തിയ പൂർണിമ ജയറാമിന്റെയും ആദ്യ സിനിമയായിരുന്നു.