റിലീസ് ആയി 25 വർഷംം പിന്നിടുമ്പോഴും പ്രേക്ഷകർക്ക് കാഴ്ചയുടെയും നർമ്മ്ത്തിന്റെയും വിസ്മയം സമ്മാനിക്കുന്ന ചിത്രമാണ് മണിചിത്രത്താഴ്. മാത്രമല്ലമലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയാണിത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന കുട്ടുകെട്ടിൽ പിറന്ന ചിത്രം വൻ വിജയമാണ് നേടിയത്. 1993 ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിലെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിന് പിന്നണിയിലെ കഥകളും ഇപ്പോൾ 25 വർഷം പിന്നിടുമ്പോൾ വീണ്ടും ചർച്ചയാവുകയാണ്. അണിയറയിലെ രസകരമായ സംഭവങ്ങൾ സംവിധായകൻ ഫാസിൽ തന്നെയാണ് വിവരിക്കുന്നത്.

മണിചിത്രത്തിനെ ആസ്പദമാക്കി ഫാസിൽ പങ്കുവെക്കുന്ന പുസതകമാണ് മണിച്ചിത്രത്താഴും മറ്റ് ഓർമകളും. ഫാസിൽ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എൻ.വി. കുറുപ്പ്, ശ്രീവിദ്യ തുടങ്ങിയവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും പുുസത്കത്തിലുണ്ട്. ഇതിന്റെ ഭാഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചിത്രത്തിൽ തമാശകളുമായി മറ്റും ഇന്നസെന്റിനൊപ്പം നിറഞ്ഞു നിന്ന നടിയാണ് കെപിഎസി ലളിത. അതിൽ മോഹൻലാലിനൊപ്പം ഒരു കുളിമുറിയിലെ ഒരു 'മുണ്ട് കോമഡി' സീനുണ്ട് ആ രംഗത്തിന് പിന്നിലുള്ള ഒരു രസകരമായ സംഭവവും ശോഭനയുടെ നൃത്തരംഗങ്ങളുടെ വിശേഷങ്ങളുമാണ് വീണ്ടും ചർച്ചയിൽ ഇടംപിടിക്കുന്നത്.

പ്രേക്ഷകരോട് വിശ്വസിക്കാൻ പറ്റാത്ത പലതും ചിത്രത്തിൽ പറയാൻ പോവുകയാണ്. അപ്പോൾ അതിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവർക്കൊരു റിലാക്സേഷൻ കൊടുക്കേണ്ടേ എന്ന് ചിന്തിച്ചാണ് സണ്ണി പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങും മുൻപ് ഒരു ഹ്യൂമർ സീൻ വേണമെന്ന് ചിന്തിച്ചതെന്നും അത് തയ്യാറാക്കിയതെന്നും ഫാസിൽ പറയുന്നു. കുളിമുറിയിലെ കോമഡി സീനിൽ ലളിതചേച്ചിയുടെ ശബ്ദം മാത്രമേ ഉള്ളു. സാന്നിധ്യമില്ലമില്ലെന്ന് ഫാസിൽ പുസ്തകത്തിൽ പറയുന്നു.

'തിരക്കഥാരചന പുരോഗമിക്കുന്നതിനിടയിൽ ഞാൻ മധുവിനോട് (മധു മുട്ടം) പറഞ്ഞു. ഇന്റർവെൽ കഴിഞ്ഞ് പ്രേക്ഷകരോട് നമ്മൾ വിശ്വസിക്കാൻപറ്റാത്ത പലതും പറയാൻ പോവുകയാണ്. കാട്ടിക്കൊടുക്കാൻ പോവുകയാണ്. അവരുടെ പിരിമുറുക്കം കൂട്ടാൻപോവുകയാണ്. അതിനുമുൻപ് അവർക്കൊരു ചായ കൊടുക്കണ്ടേ? ഒരു ഹ്യൂമർ. സണ്ണി പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങും മുൻപ് ഒരു ഹ്യൂമർ സീൻ വേണം.

മധുവിന്റെ എപ്പോഴത്തെയും ബലഹീനതയാണ് ഹ്യൂമർ. ധൃതിയിൽ മധു മുറിയിലേക്ക് പോയി. സന്ധ്യയോടെയാണ് തിരിച്ചുവന്നത്. എഴുതിയ സീൻ കയ്യിൽ തന്നു. അതെന്നെ നോക്കി അടക്കിയടക്കി ചിരിക്കാൻ തുടങ്ങി. അപ്പുറത്തെ കുളിമുറിയിൽ നിന്ന് കെ.പി.എ.സി. ലളിതയുടെ ശബ്ദം ആരാടീ എന്റെ മുണ്ടെടുത്തത്? ഇപ്പുറത്തെ കുളിമുറിയിൽ നിന്ന് മോഹൻലാലിന്റെ പെൺശബ്ദം. എടിയല്ല. പിന്നെ. പുരുഷശബ്ദം. എടാ ആണ് എടാ. അങ്ങനെയാണ് ആ മുണ്ട്കോമഡിയുടെ ജനനം.

ഈ സീൻ ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിംഗിനായി ചെന്നൈയിൽ എത്തി. ഞാനന്ന് ഡബ്ബിങ് തിയേറ്ററിൽ ഇല്ല. ലളിതചേച്ചി ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ് ചെയ്തുവരികയാണ്. വന്ന് വന്ന് കുളിമുറിസീൻ വായിച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഒന്നമ്പരന്നു. ''ഇതേത് സീൻ? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ.'' ചേച്ചി പരിഭവിക്കുകയാണോ, തമാശ പറയുകയാണോയെന്ന് സഹസംവിധായകർക്ക് പിടികിട്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. ചേച്ചി പിണങ്ങിമാറി ഇരുന്നുകളഞ്ഞു.

'എന്നോട് പറയാതെ എന്തിനാ എന്റെ സീൻ എടുത്തത്. എല്ലാവരും കൂടെ എന്നെ ഒഴിവാക്കി, ഒളിച്ചുപോയി എന്റെ സീൻ എടുത്തു അല്ലേ? ഞാൻ അഭിനയിച്ചിട്ടില്ലാത്ത സീൻ ഞാനെന്തിന് ഡബ്ബ് ചെയ്യണം. അപ്പോ ഡബ്ബ് ചെയ്യണമെങ്കിൽ അതിന് വേറെ കാശ് തരണം''. അസോസിയേറ്റ് ഡയറക്ടർ ഷാജി മെല്ലെ മയപ്പെടുത്താൻ ശ്രമിച്ചു. ''ചേച്ചി ഡയറക്ടർ ചെയ്തത് നല്ലൊരു കാര്യമല്ലേ?'' ചേച്ചി ചോദിച്ചു. ''എന്ത് നല്ല കാര്യം.'' ഷാജി പറഞ്ഞു. ''ഈ സിനിമയിൽ ചേച്ചീടെ കുളിസീൻ ഇടാത്തത് നല്ല കാര്യമല്ലേ?'' ചേച്ചി ചിരിച്ചുപോയി. പിന്നെ, ''ശരിയാ ഞാനത് ഓർത്തില്ലാ'' എന്നും പറഞ്ഞ് സീൻ ഡബ്ബ് ചെയ്യുകയായിരുന്നുവെന്നും ഫാസിൽ പുസ്തകത്തിൽ പറയുന്നു.

ശോഭനയുടെ നൃത്തരംഗത്തെക്കുറിച്ചും ഫാസിൽ ബുക്കിൽ പരാമർശിക്കുന്നതിങ്ങനെയാണ്...

നാഗവല്ലിയുടെ നൃത്തം തികച്ചും ആധികാരികമായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. നൃത്തസംവിധായകരായ കുമാറും ശാന്തിയും അതിനുപറ്റിയ ശ്യാമള എന്ന ടീച്ചറെ എനിക്കു വേണ്ടി തിരഞ്ഞുപിടിച്ച് കൊണ്ടു വന്നു. പാട്ടിന്റെ തിരക്കഥ പലപല ദിവസങ്ങൾകൊണ്ട് ഞാൻ മനഃപാഠമാക്കിക്കഴിഞ്ഞിരുന്നു. പത്മനാഭപുരം പാലസിൽ ഒരു നവരാത്രി മണ്ഡപമുണ്ട്. അവിടെയാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. മണ്ഡപത്തിൽ മൂന്ന് കിളിവാതിലുകളും ഉണ്ടായിരുന്നു. അതിലൂടെ, സണ്ണിയും നകുലനും മഹാദേവനും ഭ്രാന്തിയായി മാറിയ ഗംഗയുടെ നൃത്തം കണ്ടു.

ഭ്രാന്തിയായ ഗംഗയുടെ നൃത്തം ഞാൻ രാത്രി കാലങ്ങളിൽ എടുത്തു. സുന്ദരിയായ നാഗവല്ലിയുടെ നൃത്തം പകലും. ഗംഗയുടെ ഭ്രാന്തമായ നൃത്തചലനങ്ങളിൽനിന്നും പെട്ടെന്നായിരിക്കും ഞാൻ നാഗവല്ലിയുടെ മനോഹരമായ നൃത്തചലനങ്ങളിലേക്ക് കട്ട് ചെയ്യുകയെന്നും ഈ രണ്ട് നൃത്തചലനങ്ങൾക്കും നല്ല സാമ്യമുണ്ടായിരിക്കണമെന്നും രണ്ടിനും ഗ്രേസും വേണമെന്നും ഞാൻ ശോഭനയോടും ശ്യാമള ടീച്ചറോടും പറഞ്ഞു. വളരെ വളരെ സൂക്ഷിച്ചും പണിപ്പെട്ടുമാണ് ആ പാട്ടിന്റെ ഓരോ ഷോട്ടും എടുത്തത്.

അങ്ങനെ മഹാദേവൻ എന്ന രാമനാഥൻ വരേണ്ട സമയമായി. മോഹൻലാൽ, മഹാദേവന്റെ തോളിൽ കൈവച്ച്, ഗംഗയുടെ അരികിലേക്ക് പോകാൻ സിഗ്‌നൽ കൊടുക്കുന്ന ഷോട്ട് ഞാനാദ്യം എടുത്തു. പിന്നെ ഭ്രാന്തിയായ ഗംഗയുടെ മുൻപിൽ വന്നുനിൽക്കുന്ന മഹാദേവന്റെ ഷോട്ടും എടുത്തു. ഇനി അയാൾ നാഗവല്ലിയുടെ കണ്ണിൽ, കാമുകനായ രാമനാഥനാണ്. ആ വേഷം അണിഞ്ഞുവരാനായി ശ്രീധറിനെ അയച്ചു. രാമനാഥനെ കണ്ടു കഴിയുമ്പോഴുള്ള ഗംഗയുടെ ഷോട്ടും എടുത്തു. ഇനി നൃത്തത്തിന്റെ ലാസ്യശൃംഗാര ഭാവങ്ങളാണ്. അതിനുള്ള വേഷം അണിഞ്ഞുവരാനായി ശോഭന പോയി.

അപ്പോൾ, ദേ വരുന്നു, രാമനാഥന്റെ ആടയാഭരണങ്ങൾ അണിഞ്ഞ്, സാക്ഷാൽ ശ്രീധർ! വന്നതും നമസ്‌കാരം പറഞ്ഞു. എന്റെയും ക്യാമറാമാന്റെയും കാൽതൊട്ട് വന്ദിച്ചു. ക്യാമറയെ വണങ്ങി. എനിക്ക് കാര്യം പിടികിട്ടി. പുള്ളിയുടെ ആത്മാവ് അഭിനയത്തിലല്ല. നൃത്തത്തിലാണ്. അതുകൊണ്ടാണ്, സീനുകൾ എടുത്തപ്പോൾ ഒരു അന്യനെപ്പോലെ അകന്നുമാറി നിന്നത്. നൃത്തം വന്നപ്പോൾ ആളും മാറി. പിന്നെ, തോം, തോം, തോം എന്നു പറഞ്ഞ് ഒരു വരവായിരുന്നു. എനിക്ക് ആ മനുഷ്യനോട് ഇഷ്ടം തോന്നി, ബഹുമാനം തോന്നി, തെറ്റിദ്ധരിച്ചതിൽ വല്ലാത്ത കുറ്റബോധവും തോന്നി.

ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഈ സോങ് എഡിറ്റ് ചെയ്യാനായി ഞാൻ ശോഭനയുടെ സഹായം തേടി. സോങ് കട്ട് ചെയ്യേണ്ടത് കൃത്യ താളത്തിലായിരിക്കണം. അതിന് സംഗീതവും നൃത്തവും അറിയുന്നവർ അടുത്തുണ്ടെങ്കിൽ സഹായമായിരിക്കും. ശോഭനയുള്ളതുകൊണ്ട്, കിറുകൃത്യമായി പാട്ട് എഡിറ്റ് ചെയ്യാൻ സാധിച്ചു

കട്ട് ചെയ്തു കഴിഞ്ഞ് ഞങ്ങൾ ആപാട്ട് പൂർണമായും എഡിറ്റിങ് റൂമിലിട്ടു കണ്ടു. കണ്ടശേഷം ശോഭനയുടെ ഒരു പ്രഖ്യാപനം വന്നു സാർ പാട്ട് അസ്സലായിട്ടുണ്ട് താങ്ക്സ് ടു മീ; എങ്ങനെയുണ്ട്? എല്ലാവരും കൂടി ചേർന്ന് ചെയ്ത ഒരു പാട്ടിന് പുള്ളിക്കാരിയുടെ ഒരു താങ്ക്സ് ടു മീ! ആവശ്യം കഴിഞ്ഞതുകൊണ്ട് ആതാങ്ക്സ് ടു മീയ മെല്ലെ, സ്നേഹത്തോടെ പുറത്തിറക്കി ഞാൻ എഡിറ്റിങ് റൂമിന്റെ വാതിലടച്ചു