ത് അപകടമുണ്ടായാലും അതിന്റെ പശ്ചാത്തലത്തിൽ ഒരു സെൽഫിയോ വീഡിയോയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് അടുത്തകാലത്ത് മലയാളികൾക്കുണ്ടായ പുതിയൊരു ശീലം. വളരെക്കുറച്ചുപേർ മാത്രമേ ഇത്തരം മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ചെയ്യുന്നുള്ളൂവെങ്കിലും ആ ചീത്തപ്പേര് എല്ലാവർക്കുമായാണ് വരിക. ഇത്തരമാളുകൾ വായിച്ചറിയേണ്ടതാണ് ഗ്രെൻഫെൽ ദുരന്തഭൂമിയിൽനിന്നുള്ള ഈ കഥ.

ഗ്രെൻഫെൽ ടവർ തീപ്പിടിത്തത്തിൽ മരിച്ചയാളുടെ മൃതദേഹത്തിനൊപ്പം ചിത്രമെടുത്ത് ഫേസ്‌ബുക്കിലിട്ടയാളെ പൊലീസ് കൈയോടെ പിടികൂടി കോടതിയെത്തിക്കുകയും വിചാരണയ്ക്കുപോലും കാത്തുനിൽക്കാതെ കോടതി മൂന്നുമാസത്തേയ്ക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒമേഗ എംവെയ്ക്കാംബോ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

മൃതദേഹം വെച്ചിരുന്ന ബാഗിനൊപ്പം ചിത്രമെടുത്ത ഒമേഗ, പിന്നീട് ബാഗ് തുറന്ന് മൃതദേഹം കാണത്തക്ക വിധത്തിലും സെൽഫിയെടുത്തു. മൃതദേഹമടങ്ങിയ ബാഗിന്റെ രണ്ട് വീഡിയോകളും മൃതദേഹം പുറത്തുകാണത്തക്കവിധത്തിലുള്ള അഞ്ച് ചിത്രങ്ങളും ഇയാൾ പകർത്തി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിനാണ് കോടതി തടവുശിക്ഷ വിധിച്ചത്.

തീപ്പിടിത്തമുണ്ടായ ഗ്രെൻഫെലിനടുത്ത കെട്ടിടത്തിലാണ് ഒമേഗ താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിന് മുഴുവൻ സാക്ഷിയായ ഇയാൾ, അഗ്നിശമന സേനയിൽപ്പെട്ടവർക്ക് ചായയും മറ്റുമുണ്ടാക്കി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെയാണ് തന്റെ വീടിന് മുന്നിൽ രക്ഷാപ്രവർത്തകർ കൊണ്ടുവെച്ച മൃതദേഹത്തിനൊപ്പം ഇയാൾ ചിത്രങ്ങളെടുത്തതും ദൃശ്യങ്ങൾ പകർത്തിയതും.

തീപ്പിടിത്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിച്ചയാളായിട്ടുകൂടി ഇത്തരത്തിലുള്ള പെരുമാറ്റം നടത്തിയത് നീതീകരിക്കാനാവില്ലെന്ന് പ്രോസിക്യൂട്ടർ ടോം ലിറ്റിൽ കോടതിയിൽ പറഞ്ഞു. മരിച്ചയാളുടെ ശരീരവും മുഖവും വ്യക്തമാകത്തക്ക വണ്ണം ചിത്രങ്ങൾ പകർത്തിയതും അംഗീകരിക്കാനാവില്ല. തീപ്പിടിത്തത്തിനിടെ കെട്ടിടത്തിൽനിന്ന് താഴേയ്ക്ക് ചാടി മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനുവേണ്ടിയാണ് അവിടെ സൂക്ഷിച്ചിരുന്നത്. അതിനിടെയാണ് ഒമേഗ ചിത്രങ്ങൾ പകർത്തിയതെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.

ഒമേഗയെ അറസ്റ്റ് ചെയ്തശേഷം അയാളുടെ ഐപാഡിൽനിന്നും ഫോണിൽനിന്നും ചിത്രങ്ങൾ നീക്കം ചെയ്തു. ഫേസ്‌ബുക്കിൽനിന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മരിച്ചയാളുടെ കുടുംബം ആ വിവരം അറിയുന്നതിനുമുന്നെയാണ് ഒമേഗ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഒരുതരത്തിലുമുള്ള ദുഷ്ടലാക്കോടെയല്ല ഒമേഗ ചിത്രങ്ങളെടുത്തതെന്ന് അയാളുടെ അഭിഭാഷക മിഷേൽ ഡെന്നി വാദിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല.