ഫെയ്‌സ്ബുക്ക് പേജിൽ ഫ്രണ്ട്‌സ് അവാർഡ്‌സ് എന്ന പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടില്ലേ? ഫ്രണ്ട്‌സ്ഷിപ്പ് ദിനത്തോടനുബന്ധിച്ച് ഫേസ്‌ബുക്ക് പുറത്തിറക്കിയ ഈ പോസ്റ്റ് നിങ്ങളെ ഫേസ്‌ബുക്കിൽ പിന്തുടരുന്ന അടുത്ത സുഹൃത്തുക്കളെ ആദരിക്കാൻ വേണ്ടിയുള്ളതാണ്. ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ലോകമെങ്ങും ഫ്രണ്ട്‌സ്ഷിപ്പ് ദിനമെങ്കിലും, ഫേസ്‌ബുക്ക് അതിന്റേതായ ഫ്രണ്ട്‌സ്ഷിപ്പ് ദിനമായി ആഘോഷിക്കുന്നത് ഫെബ്രുവരി നാലാണ്.

2004 ഫെബ്രുവരി നാലിനാണ് മാർക്ക് സുക്കർബർഗ് ഫേസ്‌ബുക്കിന് തുടക്കമിട്ടത്. അതിന്റെ ഓർമയ്ക്കായാണ് ഈ ദിനം ഫ്രണ്ട്‌സ്ഷിപ്പ് ദിനമായി ഫേസ്‌ബുക്ക് ആഘോഷിക്കുന്നതും. ഇക്കുറി ഫ്രണ്ട്‌സ്ഷിപ്പ് ദിനത്തിന് ഫേസ്‌ബുക്ക് ഓരോരുത്തരുടെയും പേരിലുള്ള വീഡിയോ മെസേജാണ് അവതരിപ്പിച്ചത്. നിങ്ങളുടെ പോസ്റ്റുകൾക്ക് ഇതുവരെ കൂടുതൽ ലൈക്ക് നൽകിയവരെയും നിങ്ങളെ കൂടുതൽ തവണ ഫോളോ ചെയ്തവരെയുമൊക്കെ ഈ വീഡിയോയിൽ കാണാം.

വീഡിയോ അവസാനിച്ചുകഴിഞ്ഞാൽ, ഫ്രണ്ട്‌സ് അവാർഡിനായി ഫേസ്‌ബുക്ക് തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളുടെ പട്ടികയും വരും. നിങ്ങൾക്ക് വേണമെങ്കിൽ ഈ പട്ടിക എഡിറ്റ് ചെയ്ത് ആരെയെങ്കിലും ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ആവാം. സുഹൃത്തുക്കളെ അവാർഡിനായി ഓരോരുത്തർക്കും നാമനിർദ്ദേശം ചെയ്യാനുമാകും.

പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് ഫ്രണ്ട്‌സ് അവാർഡ് നൽകുന്നത്. ബെസ്റ്റി, ഗ്രേറ്റ് ലിസണർ, നോസ് ഹൗ ടു മേക്ക് മി ലാഫ് തുടങ്ങി വിഭാഗങ്ഹളുണ്ട്. അവിസ്മരണീയ സുഹൃത്തുക്കൾക്കായി ചെറിയ വീഡിയോകളും തയ്യാറാക്കും. പതിനാലാം പിറന്നാളിനോടനുബന്ധിച്ച് ഫേസ്‌ബുക്ക് അതിന്റെ ക്യാമറയിൽ മൂന്ന് പുതിയ ഫിൽറ്ററുകളും കൊണ്ടുവന്നിട്ടുണ്ട്. ലൈവ് ഫിൽറ്ററുകൾ, ഹാഷ്ടാഗുകൾ എന്നിവയ്‌ക്കൊപ്പം സ്റ്റോറികൾ ഷെയർ ചെയ്യുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.