കൊല്ലം: മകൾക്ക് ബ്രെയിൻ ട്യൂമറാണെന്ന് പറഞ്ഞ് കൊല്ലം സ്വദേശി സോഷ്യൽ മീഡിയിയലൂടെ അടക്കം നടത്തിയത് വൻ തട്ടിപ്പ്. മാധ്യമപ്രവർത്തകരെ അടക്കം പറ്റിച്ച് അക്കൗണ്ടിൽ കാശുവീഴ്‌ത്തിയ വിരുതനെതിരേ പൊലീസ് സ്വമേധയാ കേസെടുത്തു. കൊല്ലം എഴുകോൺ ചൊവ്വള്ളൂർ സ്വദേശി സലിം എന്നയാൾക്കെതിരിയാണ് കേസെടുത്തിരിക്കുന്നത്. വിനോദ് എന്ന പേരിലും പ്രദേശത്ത് അറിയപ്പെടുന്ന ഇയാൾ സ്ഥിരം തട്ടിപ്പുകാരനാണെന്നാണ് ലഭിക്കുന്ന വിവരം.

മകൾക്ക് അസുഖമാണെന്ന് പറഞ്ഞ് ആളുകളെ കയ്യിലെടുത്ത് ഫേസ്‌ബുക്കിലൂടെ അവരെക്കൊണ്ട് സഹതാപ പോസ്റ്റ് ഇടുവിച്ചായിരുന്നു സലിം പണം തട്ടിയത്. നിരവധി സാമൂഹ്യ-മാധ്യമ പ്രവർത്തകർ ഇയ്യാളുടെ ചതിയിൽപ്പെട്ടു. മനോരമയിലെ റിപ്പോർട്ടറായ അരുൺ കോലിയൂർ അടക്കമുള്ളവർ സലിമിന്റെ ചതിയിൽപ്പെട്ടുപോയി. ഇയാൾ പറഞ്ഞ കഥ വിശ്വസിച്ച് അരുൺ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. സലിം നല്കിയ അക്കൗണ്ട് വിവരങ്ങൾ അടക്കമായിരുന്നു ഫേസ് ബുക് പോസ്റ്റ്. അരുൺ പറഞ്ഞ ദാരുണ കഥ വിശ്വസിച്ച നിരവധിപ്പേർ ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച കഥയിൽ ചിലർക്കു സംശയം തോന്നിയതാണ് തട്ടിപ്പു പുറത്തുവരാൻ കാരണം. തട്ടിപ്പിന് സോഷ്യൽ മീഡിയയെ അടക്കം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് ഉത്തമ ഉദാഹരണമാണ് സലിമിന്റെ കഥ. ജോസ് എന്ന പേരിലാണ് അരുണിനെ സലിം ബസിൽ വച്ചു പരിചയപ്പെടുന്നത്. തന്റെ മകൾക്ക് ബ്രെയിൻ ട്യൂമർ ആണെന്നും ചികിത്സിക്കാൻ കാശില്ലെന്നും ഉടനടി ഓപറേഷൻ നടത്തിയില്ലെങ്കിൽ കുട്ടി മരിക്കുമെന്നും പറഞ്ഞു പൊട്ടിക്കരയുകയായിരുന്നത്രേ. ധനസഹായം ആരാഞ്ഞ് കൊണ്ടുള്ള പത്രവാർത്തകൾ കാട്ടിയായിരുന്നു ഇയ്യാളുടെ അഭിനയം. അഭിനയത്തിൽ വീണുപോയ മാധ്യമപ്രവർത്തകൻ സംഭവം സത്യമാണെന്ന് തെറ്റിധരിച്ച് ധനസഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു.

അരുണിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു:

സുഹൃത്തുക്കളേ......
എന്നെ വേദനിപ്പിച്ച ഒരനുഭവം ഞാൻ രേഖപ്പെടുത്തുകയാണ്. വായിക്കാതിരിക്കരുത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് സംഭവം. കൊട്ടാരക്കരയെത്തിയപ്പോൾ എന്റെ അടുത്ത സീറ്റിലായി ഒരാൾ വന്നിരുന്നു. വരുന്ന ഫോൺ വിളിക്കെല്ലാം മകളുടെ രോഗ വിവരമാണ് മറുപടിയായി പറയുന്നത്. മകൾക്ക് ആദ്യ ഓപ്പറേഷനിൽ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. ഇപ്പോൾ ഐസിയുവിലാണ്. നാളെ വീണ്ടും ഓപ്പറേഷൻ നടത്തണം. ജീവൻ നിലനിർത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എനിക്ക് ഒരു മകളേയുള്ളൂ അച്ചായന് അറിയാമല്ലോ. അവൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ ജീവിച്ചിരിക്കില്ല. ചെയ്ത സഹായങ്ങൾക്കൊപ്പം പ്രാർത്ഥനയും വേണം. ഇതിനിടയിൽ അദ്ദേഹം അടൂരിലേയ്ക്ക് ടിക്കറ്റെന്ന് പറഞ്ഞ് കണ്ടക്ടർക്ക് നേരെ പണം നീട്ടി. എന്നാൽ അതിന് മുൻപായി ആ ടിക്കറ്റ് തുക ഞാൻ കണ്ടക്ടർക്ക് കൈമാറി. പരിചയമില്ലാത്ത എനിക്കെന്തിന് ടിക്കറ്റെടുത്തതെന്ന് അദ്ദേഹത്തിന്റെ ചോദ്യം. ഞാനുമൊരു അച്ഛനാണ് എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം വിശദമായി പിന്നീട് സംസാരിച്ചു. കൊട്ടാരക്കര സ്വദേശി ജോസ്. 14 വയസുള്ള ഏക മകൾ ബിൻസി വെല്ലൂർ ആശുപത്രിയിലാണുള്ളത്. ചെറുപ്രായത്തിൽ ബ്രെയിൻ ട്യൂമർ തളർത്തി. ഭാര്യ രജനിയെ ആശുപത്രിയിലിരുത്തി ജോസ് അടൂരിൽ വന്നത് ഒരാൾ നൽകാമെന്നേറ്റ 5000 രൂപ വാങ്ങാനാണ്. അടുത്ത ദിവസത്തെ ഓപ്പറേഷന് ഇനിയും വേണം ഇരുപത്തി രണ്ടായിരം രൂപ. ഒരു വഴിയുമില്ല സാറെ എന്ന് പറഞ്ഞ് ഒറ്റ കരച്ചിൽ. മുഴുവൻ തുകയും നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചെറിയ സഹായം നൽകിയ ശേഷം എന്റെ അവസ്ഥ അറിയിച്ചു. അദ്ദേഹത്തിന്റെ മുന്നിൽ മകളെ രക്ഷിക്കാൻ ബാക്കിയുള്ളത് മണിക്കൂറുകൾ മാത്രം. ഇതിനിടയിൽ കഴിഞ്ഞ ദിവസം വാടക വീടൊഴിയേണ്ടി വന്നു. നിങ്ങൾ നൽകുന്ന 100 രൂപ പോലും അദ്ദേഹത്തിന് വലിയ സഹായമാകും. ബിൻ സിയുടെ ചികിൽസാർഥം മാതാവ് രജനിയുടെ പേരിൽ എസ്‌ബിഐ കുണ്ടറ ശാഖയിൽ 67351197919 എന്ന നമ്പരിൽ എസ് ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. SBTR 0001007 എന്നതാണ് കോഡ്. ....8289956175 എന്ന നമ്പരിൽ വിളിച്ചാൽ ജോസിനെ കിട്ടും. ചിലരുടെ നല്ല മനസിനെക്കുറിച്ച് ഞാൻ ആ പിതാവിനോട് പറഞ്ഞിട്ടുണ്ട്. നിറഞ്ഞ കണ്ണുകളോടെ അടൂരിൽ ഇറങ്ങി എന്നെ കൈ വീശിക്കാണിച്ച് മറഞ്ഞ ജോസിന്റെ മുഖമാണ് മനസ് നിറയെ... നമ്മുടെ കരുതൽ കുടുംബത്തിനുണ്ടാകണം.


ഫേസ്‌ബുക്കിൽ അരുണിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ ഇദ്ദേഹത്തെ അടുത്തറിയുന്ന സുഹൃത്തുക്കൾ ജോസെന്ന പേരിലുള്ള സലിം നല്കിയ അക്കൗണ്ട് നമ്പറിലേക്ക് പണം അയച്ചുകൊടുത്തു. അരുണിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. നിരവധിപേരാണ് ജോസ് നൽകിയ അക്കൗണ്ടിലേക്ക് പണം നൽകിയത്. പിറ്റേന്ന് കുട്ടിയുടെ ഓപ്പറേഷൻ നടത്തിയെന്ന് പറഞ്ഞ് അരുണിനെ ജോസ് വിളിച്ചിരുന്നു. ഈ വിവരവും മാധ്യമപ്രവർത്തകൻ ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചു.


സുഹൃത്തുക്കളേ.... 12 മണിക്കൂറിനിടയിൽ ഇത്രയും ഇടപെടൽ നടന്നുവെന്നത് എന്നെ അതിശയിപ്പിക്കുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച പതിനാലുകാരി ബിൻ സിയുടെ വേദന പിതാവ് ജോസിൽ നിന്നറിഞ്ഞ് ഞാൻ മുഖ പുസ്തകത്തിൽ രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ. ഉടൻ എന്റെ സുഹൃത്തുക്കളുടെ നല്ല ഇടപെടൽ. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം രാത്രി തന്നെ പലരും ബിൻ സിയുടെ മാതാവിന്റെ അക്കൗണ്ടിലേയ്ക്ക് അയച്ചു. പലരും പിതാവ് ജോസിനെ വിളിച്ച് നേരിട്ട് സഹായം ഉറപ്പ് നൽകി. ബിൻ സിയുടെ ചികിൽസയ്ക്ക് ആവശ്യമായതിൽ കൂടുതൽ പണം കിട്ടി. ശസ്ത്രക്രിയ വിജയകരമെന്ന് സോക്ടർമാർ . മകൾ സംസാരിച്ചെന്നും ആരും ഇനി പണം അയയ്‌ക്കേണ്ട പ്രാർത്ഥിച്ചാൽ മതിയെന്ന് പിതാവ് ജോസ് എന്നെ അറിയിച്ചു. സഹായം ചെയ്തവർക്കെല്ലാം നൂറു കോടി പുണ്യം കിട്ടുമെന്ന വാക്കും. ഇതാണ് സൗഹൃദത്തിന്റെ ശക്തിയെന്ന് ഈ എളിയവനും കരുതുന്നു. നന്മ നശിച്ചിട്ടില്ലെന്ന് വീണ്ടും മനസിൽ ഉറപ്പിക്കുന്നു. ജോസിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തവരെയെല്ലാം അദ്ദേഹം തിരിച്ചുവിളിക്കുന്നുണ്ട്. പ്രിയ സുജിത്ത് ചന്ദ്രൻ, ശ്യാംകുമാർ, യദു നാരായണൻ, അജി കുഞ്ഞുമോൻ നിങ്ങളുടെ ഇടപെടൽ ഹൃദയത്തിലുണ്ട്. കരുണയുടെ കരം നീട്ടിയവർക്ക് നന്ദി..... നന്ദി. ഒരായിരം ... ബി.എൽ.അരുൺ.

   

എന്നാൽ സംശയം തോന്നിയ ചിലർ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ വേണ്ടി നാട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് വൻ തട്ടിപ്പാണ് നടന്നത് എന്നറിഞ്ഞത്. തുടർന്ന് പൊലീസ് സംഭവത്തിൽ ഇടപെടുകയായിരുന്നു. സംശയം തോന്നിയ എഴുകോൺ പൊലീസും ജോസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇയ്യാൾ നാട്ടിലെ സ്ഥിരം തട്ടിപ്പുകാരനാണെന്നും പല കേസുകളും മുമ്പും ഇയ്യാൾക്കെതിരെ വന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയ്യാൾ നൽകിയ അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോൾ അതിൽ നിന്നും പതിനയ്യായിരം രൂപ പിൻവലിച്ചിട്ടുണ്ടെന്നും ബാക്കിയുണ്ടായിരുന്ന 8000 രൂപ ഫ്രീസ് ചെയ്തിട്ടുണ്ടെന്നും പൊലീസ അറിയിച്ചു.

അതേസമയം, ഒരു നല്ലകാര്യത്തിന് ഇറങ്ങിതിരിച്ച് പറ്റിക്കപ്പെട്ടതിൽ മാധ്യമപ്രവർത്തകനുള്ള ദുഃഖം ചെറുതല്ല. തന്റെ പോസ്റ്റിലെ വിവരങ്ങൾ കണ്ട് ചില പ്രാദേശിക സുഹൃത്തുക്കൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വാർത്ത പൂർണമായും കളവാണെന്ന് തെളിഞ്ഞിരിക്കുന്നതായി അരുൺ തന്നെ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ജയിൽവാസം വരെ അനുഭവിച്ചിട്ടുള്ളയാളാണ് ജോസ് എന്ന സലീം. തന്റെ പോസ്റ്റ് ഷെയർ ചെയ്ത സുഹ്യത്തുക്കൾ പുതിയ പോസ്റ്റും ഷെയർ ചെയ്യണമെന്നും അരുൺ അഭ്യർത്ഥിക്കുന്നു. നല്ല മനസോടെ ഞാൻ ഷെയർ ചെയ്ത മെസേജിന് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് കരുതിയതല്ല. സുഹൃത്തുക്കൾ എന്നോട് ക്ഷമിക്കുമെന്നു കരുതുന്നതായും അരുൺ കൂട്ടിച്ചേർത്തു.

അരുണിനെ പിന്തുണച്ച് കൂടുതൽ മാധ്യമപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ സുജിച്ച് ചന്ദ്രശേഖരൻ അടക്കമുള്ളവർ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. അരുൺ വല്ലാതെ മാനസികമായി തകർന്ന അവസ്ഥയിലാണെന്നാണ് സുജിത് ജയചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.

സുജിത്തിന്റെ പോസ്റ്റ്: