തൃശൂർ: നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയുടെ ഫ്രണ്ട്‌സീറ്റിലിരുന്നതിന് 300 രൂപ പിഴയീടാക്കിയ പൊലീസിനെതിരേ ഫേസ്‌ബുക്കിൽ ലൈവ് സംപ്രേഷണം നടത്തി യുവാവിന്റെ പ്രതിഷേധം. ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം നടന്നത്. യുവാവ് പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.  

നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയുടെ മുൻ സീറ്റിൽ ഇരുന്നതിനാണ് 300 രൂപ പിഴ ഈടാക്കിയതെന്ന് വീഡിയോയിൽ യുവാവ് വിശദീകരിക്കുന്നു. 180ാം റൂൾ അനുസരിച്ചാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഇതിന്റെ റെസീറ്റ് അടക്കം ഉയർത്തിക്കാണിച്ചാണ് പൊലീസ് ജീപ്പിനു മുന്നിൽനിന്ന് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്.

എ്ന്തിനാണു നിങ്ങൾ ഫൈൻ അടിച്ചതെന്ന് യുവാവ് ജീപ്പിലിരിക്കുന്ന പൊലീസുകാരനോട് ചോദിക്കുന്നുണ്ട്. സാർ ഇതൊന്നു വിശദീകരിക്കണമെന്നാണ് യുവാവ് ആവശ്യപ്പെടുന്നത്. എനിക്ക് നിങ്ങളോടു സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് ഡ്രൈവിംഗ ്‌സീറ്റിലിരിക്കുന്ന പൊലീസുകാരൻ മറുപടി നല്കുന്നത്.

യുവാവ് നിർബന്ധിച്ചപ്പോൾ മുൻസീറ്റിൽ ആളെയിരുത്തി ഓടിച്ചതിനാണ് ഫൈൻ എന്നു പൊലീസുകാരൻ പറയുന്നു. എന്നാൽ എവിടെയാണ് തങ്ങൾ ഓടിച്ചതെന്നു യുവാവ് വീണ്ടും ചോദിക്കുന്നു. അപ്പോൾ പൊലീസുകാരന് ഉത്തരമില്ല. യൂണിഫോം ഇടാതെ ഓട്ടോ ഓടിച്ചെന്ന ആരോപണമാണ് തുടർന്ന് പൊലീസുകാരൻ ഉന്നയിക്കുന്നത്. നിങ്ങൾ എന്തിനാണ് ഫൈൻ അടച്ചതെന്നും പൊലീസുകാരൻ ചോദിക്കുന്നുണ്ട്.

എന്നാൽ തങ്ങൾ ഓട്ടോ ഓടിച്ചിട്ടില്ലെന്നു യുവാവ് ആവർത്തിക്കുന്നു. നിർത്തിയിട്ടിരിക്കുന്ന ഓട്ടയുടെ മുൻ സീറ്റിൽ ഇരുന്നതിനാണ് പൊലീസ് ഫൈൻ അടിച്ചിരിക്കുന്നത്. പൊലീസുകാർക്ക് പല സഹായങ്ങളും തങ്ങൾ ഓട്ടോക്കാർ ചെയ്യാറുണ്ട്. ഒരു ദിവസം മുഴുവൻ ഓടിയാലും കിട്ടുന്ന തുകയാണ് 300 രൂപ. അതാണ് ഒരു കാരണവുമില്ലാതെ ഫൈനായി ഈടാക്കിയിരിക്കുന്നത്. ഇത് വെറും തെണ്ടിത്തരമാണെന്നു പറഞ്ഞുകൊണ്ടാണ് യുവാവ് വീഡിയോ അവസാനിപ്പിക്കുന്നത്.

യുവാവിന്റെ ഫേസ്‌ബുക്ക് ലൈവ് വൈറലായി മാറിക്കഴിഞ്ഞു. അഞ്ചു മണിക്കൂർ കൊണ്ട് ഏഴു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. 35,000 പേർ ഷെയർ ചെയ്യുകയുമുണ്ടായി.