ശൂരനാട് (കൊല്ലം) : ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമത്തിൽ വന്നത്. ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരേയും ഫേസ്‌ബുക്കിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായിരിക്കുന്നത്. ശൂരനാട് വടക്ക് ആനയടി രഞ്ജിനി നിവാസിൽ ബി.വിഷ്ണു(31) വിനെയാണ് എസ്‌ഐ വി.സജീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ തുടർച്ചയായി ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് പോസ്റ്റുകൾ ഇട്ടിരുന്നുവെന്നാണ് വിവരം. മാത്രമല്ല സ്ത്രീകൾക്ക് നേരെ അശ്ശീലമായ പരാമർശങ്ങൾ നടത്തിയെന്നും അധികൃതർ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും എതിരെ വിഷ്ണു അശ്ലീല പോസ്റ്റുകളിട്ടിരുന്നു. ഇതിനെതിരെ സിപിഎം പ്രവർത്തകർ പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ശബരിമല യുവതീ പ്രവേശനം : പോസ്റ്റുകൾ മിക്കതും യുഎഇയിൽ നിന്ന്

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കലാപത്തിന് കോപ്പുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന നവമാധ്യമ പോസ്റ്റുകൾ ഏറെയും യു.എ.യിൽ നിന്നുമാണെന്ന് കണ്ടെത്തി. ഹൈടെക് സൈബർ സെല്ലിന്റെ പരിശോധനയിൽ ആണ് ഇക്കാര്യം വ്യക്തമായത്. അക്രമികൾ വ്യാജ വാട്സ്ആപ്, ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലൂടെയാണ് കലാപത്തിന് ആഹ്വാനം ചെയ്തത്.

ശബരിമല വിഷയത്തിന് ഊർജം പകരുന്ന നിലയ്ക്കുള്ള പേരുകളാണ് ഇത്തരം ഗ്രൂപ്പുകൾക്ക് നൽകിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. ശബരിമല വിഷയത്തിൽ അപവാദം പ്രചരിപ്പിക്കുന്ന ആയിരത്തോളം പ്രൊഫൈലുകളാണ് നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ഉള്ളത്. പൊതുജനങ്ങൾ നവമാധ്യമങ്ങളിൽ കാണുന്ന പോസ്റ്റുകൾ ഹൈടെക്ക് സെല്ലിനെ അറിയിച്ചാൽ അത്തരം പോസ്റ്റുകളെ പറ്റിയും അന്വഷിക്കും.

വിദേശത്ത് നിന്നും പോസ്റ്റുകളിട്ടാൽ കേരളത്തിലെ നിയമത്തിന് കീഴിൽ വരില്ല എന്ന ചിന്താഗതിയാണ് ചിലരെ ഇത്തരം കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മിക്ക ഗ്രൂപ്പുകളും വ്യാജ പേരുകളിവും, വ്യാജമായ ഐഡന്റിറ്റിയിലും ഉള്ളതാണ്. ആതിനാൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചവരുടെ പട്ടിക തയ്യാറാക്കി ഫേസ്‌ബുക്ക് അധികൃതർക്ക് അയച്ച് കൊടുക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇത്തരക്കാരെ സാങ്കേതിക വിദ്യയുടെ പുതിയ മാർഗ്ഗം ഉപയോഗിച്ച് കണ്ടെത്തി അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ സഹായത്തോടെ കണ്ടെത്താനാണ് നീക്കം.