കോഴിക്കോട്: വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ ഹോട്ടലിൽ മുറി നൽകാനാവില്ലെന്ന നിബന്ധനകൾക്കെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തനിക്ക് കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് മൻസൂർ കൊച്ചുകടവ് എന്ന യുവാവ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇതിൽ കളക്ടർക്ക് പരാതി നൽകാൻ ഒരൂങ്ങുകയാണ് യുവാവ്.

യുവാവിന്റെ കുറിപ്പ്

കോഴിക്കോട് ഹോട്ടലുകളിൽ റൂം എടുക്കുന്നത് ഒരു സ്ത്രീയും പുരുഷനും ആണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ വിവാഹ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കണം. കഴിഞ്ഞ ദിവസ്സം ഞാനും വൈഫും കൂടി കോഴിക്കോട് ഉള്ള Calicut inn എന്ന ഹോട്ടലിൽ റൂം എടുത്തപ്പോൾ പറഞ്ഞതാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കാന്മ്മാർ ആണെന്ന് കാണിക്കാനുള്ള തെളിവുകൾ അവർക്ക് വേണമെന്ന്. അല്ലാത്ത പക്ഷം അവിടെ റൂം എടുക്കാൻ മാനേജ്മെന്റ് സമ്മതിക്കില്ലെന്ന്. ഒടുവിൽ ഭാര്യയും ഭർത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കേണ്ടി വന്നു.

ഒരു സ്ത്രീയും പുരുഷനും തമ്മിൽ വിവാഹേതര ലൈംഗിക ബന്ധം പോലും കുറ്റകരമല്ലെന്ന സുപ്രിം കോടതിയുടെ വിധി വന്നിട്ട് അധികം ദിവസ്സമായിട്ടില്ല. പക്ഷെ കോഴിക്കോടുള്ള ബഹുഭൂരിപക്ഷം ഹോട്ടലുകൾക്കും അത് കുറ്റകൃത്യമാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടർക്ക് ഔദ്യോഗികമായി തന്നെ പരാതി കൊടുക്കാനാണ് തീരുമാനം.