തിരുവനന്തപുരം: തെലുങ്ക് സൂപ്പർ സ്റ്റാർ ആയ അല്ലു അർജുന് കേരളത്തിലും ആയിരക്കണക്കിനാണ് ആരാധകർ. മുക്കിലും മൂലയിലും ഫാൻസ് ക്‌ളബ്ബുകളുമുണ്ട്. അല്ലുവിന്റെ മിക്ക സിനിമകളും മലയാളത്തിൽ ഡബ് ചെയ്ത് കേരളത്തിലെ തിയേറ്ററുകളിലും സൂപ്പർഹിറ്റായി ഓടുന്ന ചിത്രങ്ങളാണ്. ഇത്തരത്തിൽ ഏറ്റവും പുതുതായി എത്തിയ ചിത്രം ഒരാഴ്ചമുമ്പാണ് കേരളത്തിൽ റിലീസ് ചെയ്തത്. അല്ലു അർജുന്റെ 'എന്റെ പേര് സൂര്യ, എന്റെ നാട് ഇന്ത്യ' എന്ന പേരിലാണ് മലയാളത്തിൽ മൊഴിമാറ്റം നടത്തി എത്തിയിട്ടുള്ളത്. നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രം തെലുങ്കിലും സൂപ്പർ ഹിറ്റാണ്.

ഈ ചിത്രം കണ്ട് തലവേദന വന്നു എ്ന്ന് ഫേസ്‌ബുക്കിൽ കുറിപ്പിട്ട ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ അപർണ പ്രശാന്തിക്ക് എതിരെ തെറിയഭിഷേകവുമായി എത്തിയിരിക്കുകയാണ് അല്ലു ആരാധകർ. 'അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തീയറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ' എന്ന് ഫേസ്‌ബുക്കിൽ കുറിപ്പിട്ട അപർണ പ്രശാന്തിയെ വളരെ മോശമായ ഭാഷയിൽ അസഭ്യം പറഞ്ഞ് നിരവധി പേർ കമന്റുകളുമായി എത്തുകയായിരുന്നു. പലരും ഭീഷണിപ്പെടുത്തുന്നുമുണ്ട്.

എന്നാൽ ഇതുകൊണ്ടൊന്നും പറഞ്ഞതിൽ നിന്ന് പിന്മാറാനില്ലെന്ന് വ്യക്തമാക്കി ശക്തമായി തിരിച്ചടിക്കുകയാണ് അപർണ. മാനഭംഗ ഭീഷണിയും കേട്ടാലറയ്ക്കുന്ന തെറിയുമായാണ് പലരും എത്തിയതെന്ന് അപർണ ഇന്ന് നൽകിയ കുറിപ്പിൽ വ്യക്തമാക്കുന്നു. അവയിൽ ചിലതിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ നൽകിയാണ് യുവതി ഇതിലൊന്നും ഭയക്കുന്നില്ലെന്നും എല്ലാ റേപ് ഫാന്റസികളും നിറക്കാൻ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെൺ പ്രൊഫൈലുകൾ എന്ന് കരുതുന്നവർക്കെതിരെ പറ്റാവുന്ന എല്ലാ ഊർജവും എടുത്ത് പ്രതികരിക്കും എന്നും സധൈര്യം വ്യക്തമാക്കുകയാണ് അപർണ.

ഫെയ്ക് ഐഡികളിൽ വന്ന് ഫേസ്‌ബുക്കിൽ ആവേശം നിറയ്ക്കുന്നവരുടെ 'ധൈര്യത്തെയും' തുറന്നുകാട്ടിയാണ് കുറിപ്പ്. തനിക്കെതിരെ അപമാനകരവും ഭീഷണി നിറഞ്ഞതുമായ പോസ്റ്റിട്ടവർക്ക് എതിരെ സൈബർ സെല്ലിന് പരാതി നൽകിയെന്നും അപർണ വ്യക്തമാക്കുന്നു.

അപർണ നൽകിയ കുറിപ്പ്:

ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല.. നാല് വർഷത്തോളമായി സിനിമാ കുറിപ്പുകൾ എഴുതുന്നതുകൊണ്ട് തെറി വിളികൾ കേൾക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളിൽ ചിലതു താഴെ കൊടുക്കുന്നു..റേപ്പ്ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാൽ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേൾക്കാൻ എന്നെ പോലുള്ളവർ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..

ഞാനോ ആരോ ആവട്ടെ, പഠിച്ച് എല്ലാ റേപ് ഫാന്റസികളും നിറക്കാൻ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെൺ പ്രൊഫൈലുകൾ എന്ന് കരുതുന്നവർക്കെതിരെ പറ്റാവുന്ന എല്ലാ ഊർജവും എടുത്ത് പ്രതികരിക്കും.. അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാൻ മാത്രമാണ് ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാൻ ഇനി ഒരാൾക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്ഷ്യം.. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. തുടർ നടപടികൾ അന്വേഷിച്ചു വരുന്നു..

മുഖമില്ലാതെ 'മെസ്' ഡയലോഗുകൾ അടിക്കുന്നവർക്കു സ്വന്തം പ്രൊഫൈലിൽ നിന്ന് കമന്റ് ഇടാൻ ഉള്ള 'തന്റേടം' 'അല്ലു ഏട്ടൻ' തരാത്തത് കഷ്ടമായി പോയി.. പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ട് ഇടപെട്ടു തല്ലി തോൽപിച്ച അങ്ങേരെ നിങ്ങൾ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി. മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന നിഷ്‌കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല, ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല.