ദിവാസി പെൺകുട്ടിയാണ് ഞാൻ.

എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാവർക്കും ദഹിക്കില്ലെങ്കിലും വിഴുങ്ങാവുന്നതേയുള്ളൂ.

'ആദിവാസി ചക്കപ്പുഴുക്കു കണ്ടപോലെ' എന്നൊരു പ്രയോഗം കേട്ടത് ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. 'ഞങ്ങളു കണ്ടയത്ര ചക്കവിഭവങ്ങൾ കണ്ടിട്ടുണ്ടോ പറയണവര് ' എന്ന മറുചോദ്യം മാത്രമേ അന്നു ചോദിച്ചുള്ളൂ...

ഞങ്ങളുടെ ജീവിതരീതികൾ(ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരാധന,ദാമ്പത്യം, പ്രത്യുൽപാദനം..) ഏറ്റവും നന്നായി വിറ്റു പോവുന്ന ഒന്നാണെന്നതിൽ തർക്കമില്ല. അവിടെ നല്ല രീതിയിൽ മുതലെടുപ്പും മുതലക്കണ്ണീരും ഇപ്രായത്തിനിടയിൽ അത്യാവശ്യം നന്നായി കണ്ടു വരുന്നു; അനുഭവിക്കുകയും ചെയ്യുന്നു.

സ്‌കൂളിലെ ഇ-ഗ്രാന്റ്, ITDP ഫണ്ടുകൾ, തുടർപഠനത്തിലെ മാർക്കിളവുകൾ, പൊതുവിതരണകേന്ദ്രത്തിലെ വീട്ടുസാമാനങ്ങളുടെ വിതരണം എന്നിവിടങ്ങളിൽ ഞങ്ങളുടെ കീശയും സഞ്ചിയും 'ഇതു ഞങ്ങളുടെ ഔദാര്യമാണ്' എന്നരീതിയിലെ നോട്ടവും ചിരി കോട്ടവും അല്ലറ വർത്താനങ്ങളും നേരിടാറുണ്ട്.

ചികിത്സയിളവുകളുടെ നൂലാമാലകൾ തീർക്കുവാൻ ഓഫീസുകൾ കയറിയിറങ്ങുമ്പോൾ അതു വാങ്ങിച്ചെടുക്കാൻ അസുഖത്തെ മന:പ്പൂർവ്വം വരുത്തിവച്ചതാണെന്നരീതിയിലെ വർത്തമാനവും കേട്ടവരിൽ ചിലർ ഞങ്ങളാണ്.

എന്നാലിതൊക്കെയുണ്ടായിട്ടും അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത,പട്ടിണികിടക്കുന്ന, തുടർ പഠനം വഴിമുട്ടിയ, ചികിത്സ ലഭിക്കാത്ത, ആർത്തവ ചിട്ടകളെ ഭയന്ന് ആർത്തവത്തെ തടയുന്ന മരുന്നുകൾ കഴിച്ച് വന്ധ്യത വന്നവരും ഞങ്ങളിൽ ചിലരാണ്!

അതിനൊക്കെയിടയിലാണ് നിങ്ങൾ ചിരിക്കോപ്പുകളാക്കുന്ന,
ഇക്കിളിപ്പെടുത്തുന്ന ഞങ്ങളുള്ളത്...!

ടൂത്ത് പേസ്റ്റ് ബ്രഡിൽ പുരട്ടുന്ന,
പ്ലേറ്റു കടിച്ചു പൊട്ടിക്കുന്ന,
ക്ലോസറ്റിലെ വെള്ളം കുടിക്കുന്ന,
ബെഡിൽ കിടന്നാലുറക്കം വരാത്ത,
സ്റ്റൗവ് കത്തിക്കാനറിയാത്ത,
വള്ളികളിൽ തൂങ്ങിയാടുന്ന,
പെറ്റു കൂട്ടുന്ന ഞങ്ങളുള്ളത്

'കാട്ടിറച്ചിയെയും കാട്ടുപെണ്ണിനെയും വീണ്ടും രുചിക്കാൻ കാടുകയറുന്ന' നിങ്ങളുള്ളത്!

(അശ്വതി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചത്)