- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പുരുഷന്മാരെല്ലാം പീഡകരാണ്, ശവഭോഗികളാണ് എന്ന കാഴ്ചപ്പാട് ഒട്ടുമില്ല..: പക്ഷേ, പുരുഷന്മാരിൽ ചിലർ അത്തരക്കാരായുണ്ട്..; ശവശരീരത്തേയും പിഞ്ചുകുഞ്ഞുങ്ങളേയും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമുക്കു ചുറ്റുമുണ്ട്; അവർ അമ്പലങ്ങളിലുണ്ട്, പള്ളിമേടകളിലുണ്ട്, സ്‌കൂളുകളിലുണ്ട്, വീട്ടകങ്ങളിലുണ്ട്; എടപ്പാളിലെ പീഡനത്തിന്റെ പശ്ചാത്തലത്തിൽ ദീപ നിശാന്ത് എഴുതുന്നത്
ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. പ്രാചീന ഈജിപ്ഷ്യൻ ആചാരപ്രകാരം ശവശരീരം മൂന്ന് ദിവസത്തേക്ക് മറവു ചെയ്യുകയില്ലത്രേ. ക്ലിയോപാട്ര മരിച്ചപ്പോൾ, ആ മൂന്നു ദിവസം മുഴുവൻ ആ ശരീരം ഭോഗിക്കപ്പെട്ടു എന്നാണ് കഥ.. അതേപ്പറ്റി ഓഷോ പറയുന്നതിപ്രകാരമാണ്: ' എന്തു തരം മനുഷ്യരായിരിക്കും ശവത്തെ ഭോഗിക്കുക! ആദ്യം അത്ഭുതം തോന്നി.... പിന്നീടെനിക്കു തോന്നി അതത്ര വിചിത്രമായ കാര്യമൊന്നുമല്ല. എല്ലാ പുരുഷന്മാരും അതു തന്നെയാണ് ചെയ്യുന്നത്..' പുരുഷന്മാരെല്ലാം പീഡകരാണ്, ശവഭോഗികളാണ് എന്ന കാഴ്ചപ്പാട് ഒട്ടുമില്ല... പക്ഷേ, പുരുഷന്മാരിൽ ചിലർ അത്തരക്കാരായുണ്ട്.. ശവശരീരത്തേയും പിഞ്ചുകുഞ്ഞുങ്ങളേയും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമുക്കു ചുറ്റുമുണ്ട്. അവർ അമ്പലങ്ങളിലുണ്ട്, പള്ളിമേടകളിലുണ്ട്, സ്‌കൂളുകളിലുണ്ട്, വീട്ടകങ്ങളിലുണ്ട്.... എല്ലായിടത്തുമുണ്ട്.. അവരിൽ ചിലർ മാത്രം പിടിക്കപ്പെടുന്നു.. ചിലരിപ്പോഴും നിർബാധം വിഹരിക്കുന്നു.. എടപ്പാളിലെ തിയേറ്ററിലെ സി സി ടിവി ദൃശ്യങ്ങൾ കണ്ടതിന്റെ ആഘാതം ഇപ്പോഴ
ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. പ്രാചീന ഈജിപ്ഷ്യൻ ആചാരപ്രകാരം ശവശരീരം മൂന്ന് ദിവസത്തേക്ക് മറവു ചെയ്യുകയില്ലത്രേ. ക്ലിയോപാട്ര മരിച്ചപ്പോൾ, ആ മൂന്നു ദിവസം മുഴുവൻ ആ ശരീരം ഭോഗിക്കപ്പെട്ടു എന്നാണ് കഥ.. അതേപ്പറ്റി ഓഷോ പറയുന്നതിപ്രകാരമാണ്:
' എന്തു തരം മനുഷ്യരായിരിക്കും ശവത്തെ ഭോഗിക്കുക! ആദ്യം അത്ഭുതം തോന്നി.... പിന്നീടെനിക്കു തോന്നി അതത്ര വിചിത്രമായ കാര്യമൊന്നുമല്ല. എല്ലാ പുരുഷന്മാരും അതു തന്നെയാണ് ചെയ്യുന്നത്..'
പുരുഷന്മാരെല്ലാം പീഡകരാണ്, ശവഭോഗികളാണ് എന്ന കാഴ്ചപ്പാട് ഒട്ടുമില്ല... പക്ഷേ, പുരുഷന്മാരിൽ ചിലർ അത്തരക്കാരായുണ്ട്.. ശവശരീരത്തേയും പിഞ്ചുകുഞ്ഞുങ്ങളേയും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമുക്കു ചുറ്റുമുണ്ട്. അവർ അമ്പലങ്ങളിലുണ്ട്, പള്ളിമേടകളിലുണ്ട്, സ്‌കൂളുകളിലുണ്ട്, വീട്ടകങ്ങളിലുണ്ട്.... എല്ലായിടത്തുമുണ്ട്.. അവരിൽ ചിലർ മാത്രം പിടിക്കപ്പെടുന്നു.. ചിലരിപ്പോഴും നിർബാധം വിഹരിക്കുന്നു..
എടപ്പാളിലെ തിയേറ്ററിലെ സി സി ടിവി ദൃശ്യങ്ങൾ കണ്ടതിന്റെ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ആ മനുഷ്യൻ എത്ര ആത്മവിശ്വാസത്തോടെയാണ് അടുത്തിരിക്കുന്ന പിഞ്ചു ശരീരത്തിലേക്ക് കൈ നീട്ടുന്നത്! ആ കൈനീട്ടലിന്റെ ധൈര്യം വീട്ടിനുള്ളിൽ ആ കുഞ്ഞ് ഒറ്റക്കാകുമ്പോൾ എത്രമാത്രം വർദ്ധിതവീര്യം കൈവരിക്കുന്നുണ്ടാകുമെന്നോർക്കുമ്പോൾ എനിക്ക് ഭയം തോന്നുന്നു.. എന്നെപ്പറ്റിയോർത്തല്ല... എന്റെ കുഞ്ഞുങ്ങളെപ്പറ്റിയോർത്ത്. എനിക്കു ചുറ്റുമുള്ള നിരവധി കുഞ്ഞുങ്ങളെപ്പറ്റിയോർത്ത്..
ജോലിക്കു പോകുന്ന അമ്മമാരുടെ ആധി പലതാണ്.. സ്‌കൂൾ നേരത്തെ വിട്ടാൽ, നേരത്തെ കുഞ്ഞുങ്ങൾ വീട്ടിലെത്തിയാൽ, അടുത്ത വീട്ടിലിരുന്നോളാം അമ്മേ എന്ന് നിഷ്‌കളങ്കമായി പറയുമ്പോഴും ഉള്ളിലെ ആന്തലടങ്ങില്ല.. ഒന്നുമുണ്ടാവില്ല, അവരൊക്കെ നല്ലവരല്ലേ എന്ന വ്യാജ സുരക്ഷിതത്വബോധത്തിലേക്ക് മനസ്സിനെ തള്ളിവിട്ട് അതിർത്തിയിലെ പട്ടാളക്കാരെപ്പോലെ പരീക്ഷാഹാളിൽ അങ്ങുമിങ്ങും നടക്കുമ്പോഴും ഉള്ളിൽ നേരത്തെ വീട്ടിലെത്തിയ കുട്ടികളുടെ മുഖമായിരിക്കും..
ആ വീർപ്പുമുട്ടൽ ഇനീം വർദ്ധിക്കും... ഇത്തരം ആളുകളേക്കാൾ ഭയപ്പെടുത്തുന്നത് അവരെ പിന്തുണയ്ക്കുന്നവരാണ്..
തിയേറ്ററിൽ വെച്ച് തനിക്കു നേരെ നീണ്ട കൈകളെ കുട്ടി തട്ടിമാറ്റിയില്ലെന്നും അതുകൊണ്ട് അത് ഉഭയസമ്മതപ്രകാരമുള്ള വിശുദ്ധ ബന്ധമാണെന്നും പറയുന്ന നീചജന്മങ്ങളേ....,
നിങ്ങൾക്കറിയാമോ,
പീഡനത്തിലെ എത്രയെത്ര സൂക്ഷ്മാനുഭവങ്ങളിലൂടെയാണ് ഓരോ പെണ്ണും കടന്നു പോകുന്നതെന്ന്?
ഇപ്പോഴും കൊളുത്തി വലിക്കുന്ന എത്രയെത്ര അനുഭവങ്ങൾ...!
പണ്ടൊരു ഡിഗ്രിക്കാലത്ത് കോളേജീന്ന് വരുമ്പോൾ ഒരാൾ മതിലിനോട് ചേർന്നു നിന്ന് അവയവ പ്രദർശനം നടത്തിയപ്പോൾ കാലുകൾ തണുത്തുറഞ്ഞ് മുന്നോട്ടു നീങ്ങാനാവാതെ നിശ്ചലയായതോർക്കുന്നു.. ഒപ്പമുണ്ടായിരുന്ന ദിവ്യ, 'പോടാ പട്ടീ' ന്നും വിളിച്ച് രൗദ്രഭാവത്തോടെ താഴെ നിന്നും കല്ലെടുത്ത് അയാൾക്കു നേരെ എറിയുന്നതു കണ്ട് അന്തം വിട്ടിട്ടുണ്ട്! ' ഇവൾക്കീ ധൈര്യം എവിടുന്ന് കിട്ടി!'യെന്ന് ആശ്ചര്യം തോന്നിയിട്ടുണ്ട്. അവളുടെ പകുതി ധൈര്യത്തിനായി കൊതിച്ചിട്ടുണ്ട്... അന്ന് ഞാൻ പഠിച്ചിരുന്നത് ഡിഗ്രിക്കായിരുന്നല്ലോ എന്നോർത്ത് പിന്നീട് ലജ്ജ തോന്നിയിട്ടുണ്ട്..
ചില ധൈര്യമില്ലാക്കാലങ്ങൾ മനുഷ്യരുടെയെല്ലാം ജീവിതത്തിലുണ്ടാകും.. ചില നിസ്സഹായതകൾ നമ്മെ നിശ്ശബ്ദരാക്കും.. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയോ,അടച്ചുറപ്പുള്ള ഒരു വീടിന്റെ സുരക്ഷിതത്വത്തിനു വേണ്ടിയോ മനുഷ്യർ ചിലപ്പോൾ പുഴുവിനെപ്പോൽ ചൂളിയൊതുങ്ങും.. ആ നിസ്സഹായതകളെ പരിഹസിക്കരുത്.. സമ്മതമായി വ്യാഖ്യാനിക്കരുത്...
ഭൂതകാലക്കുളിരുകളേ അധികമെഴുതാറുള്ളൂ.. വർത്തമാനത്തിലെ ചില പൊള്ളലുകളുണ്ട്.. തുറന്നെഴുതിയാൽ അത് പലരുടേയും സ്വകാര്യതകളെ ബാധിക്കും... പലതുമെഴുതാനാവില്ല.. 'വരൂ, നമുക്ക് പരാതിപ്പെടാം... രക്ഷപ്പെടാം.. ഞാനുണ്ട്.. ഞാനുണ്ട്... ' എന്ന വാക്കുകളിലൊന്നും ആത്മവിശ്വാസമില്ലാതെ, ' വേണ്ട ടീച്ചറേ, ആരെങ്കിലുമറിഞ്ഞാൽ ഞാൻ മരിക്കും' എന്ന ആത്മഹത്യാ ഭീഷണിയിൽ നിസ്സഹായയായി എന്തു ചെയ്യണമെന്നറിയാതെ ആത്മനിന്ദയോടെ നിന്നിട്ടുണ്ട്...
ബിന്ദു തിയേറ്ററിന് പുറകിലെ വഴിയിൽ വെച്ച് അശ്ലീല പ്രദർശനം നടത്താറുള്ള മനുഷ്യനെ അമല ഹോസ്പിറ്റലിന്റെ ഇടനാഴിയിൽ വെച്ച് ഒരിക്കൽ കുടുംബസമേതം കണ്ടിട്ടുണ്ട്.. അയാളുടെ കൈവിരലിൽ തൂങ്ങി നടന്നു നീങ്ങുന്ന കുഞ്ഞിനെപ്പറ്റിയോർത്ത് രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെന്തിട്ടുണ്ട്..എത്ര വിശ്വാസ പൂർവ്വമാണ് നമ്മൾ ചിലപ്പോൾ ചില വിരലുകളിൽ തൂങ്ങിയിട്ടുള്ളത് ! ചെറിയ കുട്ടികൾ ടെഡ്ഡി ബെയറിനെ കെട്ടിപ്പിടിച്ചു നടക്കുന്നതു പോലെ.. എല്ലാ പ്രതിസന്ധികളിൽ നിന്നും ഭയങ്ങളിൽ നിന്നും ആ പാവക്കരടി നമ്മെ രക്ഷിക്കുമെന്നാണ് കുട്ടിയുടെ വിശ്വാസം.. എല്ലാ വിശ്വാസങ്ങളും ഒരർത്ഥത്തിൽ പാവക്കരടികളാണ്..!
പ്രതികരിക്കാനാകാതെ നിശ്ശബ്ദം നിന്ന സന്ദർഭങ്ങളെപ്പറ്റിയോർത്ത് പിന്നീട് ലജ്ജ തോന്നിയിട്ടുണ്ട്.... ഞാനിത്രയ്ക്കല്ലേ ഉണ്ടായിരുന്നുള്ളൂ എന്നോർത്ത് ആത്മനിന്ദയുടെ അഗാധഗർത്തങ്ങളിൽ വീണ് പിടഞ്ഞി ട്ടുണ്ട്...
മിഥുൻ മേരി റാഫിയുടെ വരികളോർമ്മ വരുന്നു..
' ഒരു കുഞ്ഞിന് ചിരിച്ചു കൊണ്ട് പിറന്നു വീഴാൻ തക്കവിധം ഈ ഭൂമി ഇനിയും പരുവപ്പെട്ടിട്ടില്ല!'
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന / അതിന് ഒത്താശ ചെയ്തു കൊടുക്കുന്ന / അതിനെ ന്യായീകരിക്കുന്ന അഭിശപ്ത ജന്മങ്ങളേ...., ..
ധർമ്മപുരാണത്തിലെ അശ്ലീലവർണ്ണനകളെപ്പറ്റിയും തെറികളെപ്പറ്റിയും ഒ.വി.വിജയനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു മറുപടിയുണ്ട്..
' വ്യവസ്ഥിതിയുടെ ജീർണതയെ കുറിക്കുവാൻ ഇതിനേക്കാൾ നാറ്റമുള്ള പദങ്ങൾക്കായാണ് ഞാൻ തിരഞ്ഞത് '
ഞാനും തിരയുകയാണ്..
എന്റെ ഭാഷ അപൂർണമാണ്...
നിങ്ങളെ വിശേഷിപ്പിക്കത്തക്ക തെറികളൊന്നും എന്റെ ഭാഷയിലിന്നോളമുണ്ടായിട്ടില്ലല്ലോ എന്നോർത്ത് ഞാൻ ലജ്ജിക്കുന്നു....
എന്റെ വായിലെ എല്ലാ കഫക്കട്ടകളും നിന്റെയൊക്കെ മുഖത്തേക്ക് ഞാൻ നീട്ടിത്തുപ്പുന്നു...
എടപ്പാളിലെ ആ തിയേറ്ററുടമസ്ഥനെ നമിക്കുന്നു..
അയാൾക്ക് വേണമെങ്കിൽ ആ കാഴ്ച കണ്ടില്ലെന്ന് നടിക്കാമായിരുന്നു. നിയമക്കുരുക്കിന്റെ നൂലാമാലകളെപ്പറ്റിയോർത്ത് നിശ്ശബ്ദത പാലിക്കാമായിരുന്നു.. അയാളത് ചെയ്തില്ല.. വാർത്ത കൃത്യമായി റിപ്പോർട്ട് ചെയ്ത മാതൃഭൂമി ചാനലും അഭിനന്ദനമർഹിക്കുന്നു.. മാതൃഭൂമി പത്രത്തിന്റെ മുൻപേജിൽ അയാളുടെ ചിത്രമുണ്ട്.. വാർത്തയുണ്ട്.. ആൾദൈവങ്ങളുടെ പിറന്നാളാഘോഷങ്ങൾക്കും സിനിമാ പരസ്യങ്ങൾക്കുമായി പത്രത്തിന്റെ മുൻപേജ് പൂർണമായി വിട്ടുകൊടുക്കുന്ന ഒരു ചീഞ്ഞമാധ്യമക്കാലത്തെ ചെറിയ ആശ്വാസങ്ങളാണത്...
(കോളേജ് അദ്ധ്യാപികയായ ദീപാ നിശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചത്)