നിങ്ങളുടെ കുട്ടികളുടെ ചുണ്ട്, നെഞ്ച്, സ്വകാര്യ ഭാഗങ്ങൾ, പിറകു വശം എന്നിവിടങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക.ഈ കാര്യം കുട്ടികളോട് പറഞ്ഞു കൊടുക്കാത്ത അനേകം രക്ഷകർത്താക്കൾ ഉണ്ട്. അമ്മയല്ലാതെ മറ്റാരെയും അതിന് അനുവദിക്കരുതെന്നും പറയുക.

ഡോക്ടർക്ക് പോലും പരിശോധനയുടെ ഭാഗമായി ആ ഭാഗങ്ങളിൽ തൊടാൻ അമ്മയുടേയോ ,അച്ഛന്റെയോ സാന്നിധ്യത്തിൽ മാത്രമേ പാടുള്ളൂ. മറ്റാരെങ്കിലും ഈ ഭാഗങ്ങളിൽ സ്പര്ശിച്ചാൽ ഉറക്കെ 'തൊടരുത്' 'ഓടിവരണേ' 'രക്ഷിക്കണേ' എന്നൊക്കെ പറയുക.

സ്വകാര്യഭാഗങ്ങളിൽ തൊട്ടുള്ള കളികൾ കളിക്കുവാൻ ആരെങ്കിലും നിർബന്ധിച്ചാൽ അത് ശരിയായ കളിയല്ലെന്നും അതും വന്നു വീട്ടിൽ പറയുവാൻ കുട്ടികളെ പഠിപ്പിക്കുക. കൂടാതെ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുവാൻ കുട്ടികളെ ആരെങ്കിലും നിർബന്ധിച്ചാൽ അങ്ങനെ ചെയ്യരുതെന്നും അതും വീട്ടിൽ വന്നു അച്ചോനോടൊ അമ്മയോടൊ പറയുവാൻ പറയുക.

ഒരു വസ്തുവും ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളിൽ തൊടുവാൻ കളിയുടെ രൂപത്തിൽ ആരു നിർബന്ധിച്ചാലും അതു ശരിയല്ലെന് പറഞ്ഞു പഠിപ്പിക്കുക. പരിചയമില്ലാത്തവർ എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് പഠിപ്പിക്കുക. മിട്ടായി, ഐസ് ക്രീം നൽകി പ്രലോഭിപ്പിക്കാം.

കുട്ടികളുടെ സ്വഭാവത്തിലോ, പെരുമാറ്റത്തിലോ, ശ്രദ്ധക്കുറവോ ഇടപഴകുന്നതിലോ ,പഠനത്തിലോ എന്തെങ്കിലും മാറ്റം കണ്ടാൽ ഉടനെ ശ്രദ്ധിക്കുക. കാര്യം ചോദിച്ചു അറിയുക. 'അമ്മ മോളെ വഴക്കു പറയില്ല. എന്ത് തന്നെ ആയാലും മോൾ പറഞ്ഞോ' 'അമ്മ മോളെ അടിക്കില്ല.' എന്നൊക്കെ പറഞ്ഞു അവരെ ആശ്വസിപ്പിച്ചു കാര്യം അറിയുവാൻ ശ്രമിക്കുക.

എന്നിട്ടും അവർ തുറന്നു പറയുന്നില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കുട്ടിയെ കാണിക്കുക. 1098 എന്ന ചൈൽഡ് ഹെൽപ്ലൈനിൽ വിളിച്ചു അറിയിക്കുക. അങ്ങനെ ഒരു മോശം അനുഭവം ആരിൽ നിന്നെങ്കിലുമുണ്ടായാൽ അമ്മയോടൊ, അച്ഛനോടോ, ടീച്ചറിനോടൊ തുറന്ന് പറയുവൻ അവരോട് പറയുക. കൂടാതെ പൊലീസിൽ അറിയിക്കുക.

(ഡോ. ഷിനു ശ്യാമളൻ ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പ്)