തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പി ഓഫീസിന് മുന്നിൽ നടത്തിയ പ്രസംഗം ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് വ്യക്തമാക്കി സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദയുടെ ഫേസ്‌ബുക്ക് വീഡിയോ. ബിജെപിക്കാരുടെ കൊലവിളിക്കെതിരെ ശക്തമായി പ്രതികരിച്ച ഭദ്രാനന്ദയുടെ വീഡിയോ ഇതോടെ വൈറലായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ഒരു അഡ്വക്കേറ്റ് കൂടിയായ സുരേഷിൽ നിന്നുതന്നെ ഇത്തരത്തിലൊരു കൊലവിളി പ്രസംഗമുണ്ടായതിന് ഒരു ന്യായവും ബിജെപി പറഞ്ഞിട്ട് കാര്യമില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടുന്നു. നിയമം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും പാലിക്കാനും ആദ്യം ചുമതല വഹിക്കേണ്ട ആളാണ് സുരേഷ്. അയാൾ കണ്ടെഴുതിയോ പണംകൊടുത്തോ നേടിയതാണ് ബിരുദമെങ്കിൽ പ്രശ്‌നമില്ലെന്നും അതല്ലെങ്കിൽ ഐഎസ് ഭീകരർ നടത്തുന്നതുപോലെ കൈവെട്ടാനും തലവെട്ടാനും ആഹ്വാനം നടത്തിയതിന് എന്താണ് ന്യായീകരണമെന്നും ഭദ്രാനന്ദ ചോദിക്കുന്നു.

ഇത് പൂർണമായും നിയമവിരുദ്ധമായ നടപടിയാണ്. അനുയായികൾക്ക് കുറ്റംചെയ്യാൻ ആവേശം പകരുന്നതായി ഈ പ്രസ്താവന. കുട്ടികളെപ്പോലും ഇത് സ്വാധീനിച്ചേക്കാം. സുരേഷിന്റെ അഡ്വക്കേറ്റ് രജിസ്‌ട്രേഷൻ റദ്ദാക്കാൻ ബാർ കൗൺസിൽ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഭദ്രാനന്ദ ആവശ്യപ്പെട്ടു.

ചന്തയിലെ ആൾക്കാർ സംസാരിക്കുന്നതിനേക്കാളും മ്‌ളേച്ഛമായ രീതിയിലാണ് ശോഭാ സുരേന്ദ്രൻ ഗവർണർക്കെതിരെ നടത്തിയ പരാമർശങ്ങൾ. സുപ്രീംകോടതിയിലിരുന്ന, വിദ്യാസമ്പന്നനും മാന്യമായി മറ്റുള്ളവരോട് ഇടപെടുന്നയാളുമാണ് ഗവർണർ സദാശിവം. ഗുണ്ടയെപ്പോലെയാണ് ശോഭ സംസാരിച്ചത്. ശോഭയെ വ്യക്തിഹത്യ ചെയ്യാൻ താൽപര്യമില്ല.

ശോഭയ്ക്ക് ഇപ്പോഴുള്ള സ്ഥാനം കാത്തുസൂക്ഷിക്കാൻ അവർ കുറച്ചുകൂടി മാന്യത ഇത്തരം ഇടപാടുകളിലും പ്രസതാവനകളിലും കാണിക്കണമെന്നും ഭന്ദ്രാനന്ദ വീഡിയോയിൽ ആവശ്യപ്പെടുന്നു. ഹിന്ദു സ്ത്രീകൾ എല്ലാ കാര്യങ്ങളിലും മാന്യത പുലർത്തുന്നവരാണ്. അതിന് അപവാദമായി ശോഭാ സുരേന്ദ്രൻ മാറരുതെന്നും ഭദ്രാനന്ദ പറയുന്നു.

ബിജെപിക്കാർ നടത്തിക്കൊണ്ടിരിക്കുന്ന മാടപ്രാവിന്റെ സമീപനവും ഇറച്ചിവെട്ടുകാരന്റെ സ്വഭാവവും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. സംസ്ഥാനത്തെ ബിജെപിക്കാർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിക്കഴിഞ്ഞു.